മുളന്തുരുത്തി ലെവൽക്രോസിൽ കിടക്കേണ്ട, ചെങ്ങോലപ്പാടത്ത് പുതിയ മേൽപ്പാലം; നീണ്ട കാത്തിരിപ്പ്, 20.77 കോടി ചെലവ്

Mail This Article
കൊച്ചി ∙ നെടുമ്പാശേരി വിമാനത്താവളത്തിലെ യാത്രക്കാരെയടക്കം മണിക്കൂറുകളോളം വഴിയിൽ കുടുക്കിയ ചോറ്റാനിക്കര – മുളന്തുരുത്തി ഗതാഗത കുരുക്കിന് ഒടുവിൽ പരിഹാരം. ഈ റൂട്ടിലെ ചെങ്ങോലപ്പാടത്തുള്ള ലെവൽ ക്രോസിനു പകരം നിർമിച്ച പുതിയ മേൽപ്പാലം മന്ത്രി പി.എ.മുഹമ്മദ് റിയാസ് തുറന്നുകൊടുത്തു. ഓൺലൈനായാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.
നിർമാണം തുടങ്ങി ഒരു ദശകത്തിലേറെ കഴിഞ്ഞാണു മേൽപ്പാലം യാഥാര്‍ഥ്യമായത്. റോഡ്സ് ആന്റ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനായിരുന്നു പദ്ധതി നടത്തിപ്പിന്റെ ചുമതല. നിർമാണ ചുമതല ഏറ്റെടുക്കാൻ ആരും തയാറായില്ല. പിന്നീട് ചെറിയാൻ വർക്കി കൺസ്ട്രക്‌ഷൻ കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് 2022ൽ നിർമാണം ഏറ്റെടുത്തത്.
ശബരിമല മണ്ഡല കാലത്താണ് ഇവിടെ തിരക്ക് കൂടുതൽ. വിമാനത്താവളം അടക്കം എറണാകുളത്തേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ സഞ്ചരിക്കുന്നതും ഈ വഴിയാണ്. ഏറെ തിരക്കേറിയ എറണാകുളം–കോട്ടയം വഴിയിലായതിനാൽ ലെവൽ ക്രോസ് തുടർച്ചയായി അടച്ചിടുന്ന സാഹചര്യവുണ്ടായിരുന്നു. രണ്ടു വരി ഗതാഗതമുള്ള മേൽപ്പാലത്തിന് 530 മീറ്റർ നീളവും 9.50 മീറ്റർ വീതിയുമുണ്ട്. ഒരുവശത്ത് നടപ്പാതയും ഇരുവശത്തും സർവീസ് റോഡുകളുമുണ്ട്. പാലത്തിന്റെ നിർമാണത്തിന് 20.77 കോടി രൂപയാണു ചെലവ്.
തടസ്സമില്ലാത്ത റോഡ് ശൃംഖല എന്ന സ്വപ്നത്തിന്റെ ഭാഗമായാണു ലെവൽ ക്രോസ് ഇല്ലാത്ത കേരളം എന്ന പദ്ധതിക്ക് രൂപം നൽകിയതെന്നു മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ 8 മേൽപ്പാലങ്ങളുടെ കൂടി നിർമാണം ഈ വർഷം പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മേല്‍പ്പാലത്തിനു സമീപം നടന്ന ഉദ്ഘാടന ചടങ്ങിൽ അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനായി. കെ.ഫ്രാൻസിസ് ജോർജ് എംപി മുഖ്യാതിഥിയായി. ജോസ് കെ.മാണി എംപി ഓൺലൈനായി പങ്കെടുത്തു.