‘ഫോക്സ് വാഗൻ അന്ന് ജീവനും കൊണ്ട് ഓടി; കേരളം വിൽക്കപ്പെടുമെന്നായിരുന്നു പ്രചാരണം, വൈകി വന്ന വിവേകം’

Mail This Article
തിരുവനന്തപുരം∙ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2012ല്‍ നടത്തിയ നിക്ഷേപസംഗമം ബഹിഷ്‌കരിക്കുകയും ഹര്‍ത്താലാചരിക്കുകയും നിക്ഷേപകരെ ഓടിക്കുകയും ചെയ്ത സിപിഎം 13 വര്‍ഷത്തിനുശേഷം നിക്ഷേപ സംഗമം നടത്തുന്നതു കാലത്തിന്റെ മധുര പ്രതികാരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സിപിഎമ്മിന്റെ ഈ മനംമാറ്റത്തെ സ്വാഗതം ചെയ്യുന്നുവെന്നും കെ.സുധാകരന്‍ പറഞ്ഞു.
‘‘2012ല്‍ കൊച്ചിയില്‍ നടന്ന നിക്ഷേപ സംഗമം അന്നു ഇടതുപക്ഷം ബഹിഷ്‌കരിച്ചു. കേരളം വില്‍ക്കപ്പെടുന്നു എന്നായിരുന്നു സിപിഎം പ്രചാരണം. നിശാക്ലബ്ബുകള്‍ വരുന്നു, തിരുവനന്തപുരത്തെ ചന്ദ്രശേഖര്‍നായര്‍ സ്റ്റേഡിയം വില്‍ക്കുന്നു, കേരളത്തിന്റെ മണ്ണും പുഴയും വിൽക്കുന്നു തുടങ്ങിയ ഫ്ലെക്‌സുകള്‍ കേരളമൊട്ടാകെ നിരന്നു. നിക്ഷേപ സംഗമം നടന്ന കൊച്ചി പ്രതിഷേധക്കടലായി. വിദേശത്തുനിന്നു പറന്നിറങ്ങിയ നിക്ഷേപകര്‍ റോഡ് തടയലും കോലം കത്തിക്കലും ഉള്‍പ്പെടെയുള്ള പ്രാകൃത സമരമുറകള്‍ക്കു സാക്ഷികളായി. ഇതെല്ലാം പോരാഞ്ഞിട്ട് ഒരു ദിവസം ഹര്‍ത്താലും നടത്തി. നിക്ഷേപത്തിനു വന്ന ഫോക്സ് വാഗൻ ഉള്‍പ്പെടെയുള്ള നിക്ഷേപകർ ജീവനും കൊണ്ട് ഓടി.’’ – സുധാകരൻ പറഞ്ഞു.
‘‘പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്ങാണ് അന്ന് പരിപാടി ഉദ്ഘാടനം ചെയ്തത്. 42 രാജ്യങ്ങള്‍, ലോകമെമ്പാടുംനിന്ന് 2,500 പ്രതിനിധികള്‍, പ്രധാനമന്ത്രി ഉള്‍പ്പെടെ പത്തു കേന്ദ്രമന്ത്രിമാര്‍, 21 അറബ് രാജ്യങ്ങളില്‍നിന്നും അമേരിക്ക, ഹോളണ്ട്, തുർക്കി എന്നിവിടങ്ങളില്‍നിന്നും അംബാസിഡര്‍മാര്‍. ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ബ്രൂണൈ, മൗറീഷ്യസ് എന്നിവിടങ്ങളിലെ ഹൈക്കമ്മിഷണര്‍മാര്‍. കാനഡ, ബ്രിട്ടന്‍, ചൈന എന്നിവിടങ്ങളില്‍നിന്ന് പ്രതിനിധി സംഘം. ലോകത്തെ പതിനാറു രാജ്യത്തെ പത്തൊമ്പതു കമ്പനികളുടെ മേധാവികള്‍. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍നിന്ന് എത്തിയ 35 മാധ്യമ പ്രവര്‍ത്തകര്‍. എല്ലാവരും കേരളത്തിന്റെ കുപ്രസിദ്ധമായ ഹര്‍ത്താലും സമരമുറകളും നേരിട്ടു കണ്ടു.’’– കെ.സുധാകരൻ പറഞ്ഞു.
‘‘മറ്റു സംസ്ഥാനങ്ങളില്‍ നിക്ഷേപ സംഗമം ഒരു തുടര്‍പ്രക്രിയയാണ്. സര്‍ക്കാരുകള്‍ മാറിയാലും നിക്ഷേപ സംഗമം തുടരുന്നു. കര്‍ണാടകത്തില്‍ ഈ മാസം നടന്ന നിക്ഷേപസംഗമത്തില്‍ 5 ലക്ഷം കോടിയുടെ നിക്ഷേപമെത്തി. 2024ല്‍ തമിഴ്‌നാട് നിക്ഷേപ സംഗമം നടത്തി 6.64 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചു. ഗുജറാത്ത്, ഒഡീഷ തുടങ്ങിയ ഒട്ടേറെ സംസ്ഥാനങ്ങളും തുടര്‍ച്ചയായി നിക്ഷേപ സംഗമം നടത്തുന്നു. 2003ല്‍ എ.കെ.ആന്റണി സര്‍ക്കാര്‍ തുടക്കമിട്ടതാണ് കേരളത്തിലെ നിക്ഷേപ സംഗമം. ഒന്‍പതു വര്‍ഷം കഴിഞ്ഞാണ് 2012ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അടുത്ത സംഗമം നടത്തിയത്. 2025ല്‍ പിണറായി സര്‍ക്കാര്‍ നിക്ഷേപ സംഗമം നടത്തുമ്പോള്‍ അതിനെ വളരെ വൈകി വന്ന വിവേകമെന്നു വിശേഷിപ്പിക്കാം.’’ – സുധാകരന്‍ തുറന്നടിച്ചു.