അദാനിക്കെതിരായ കേസ്: അന്വേഷണത്തിന് ഇന്ത്യയുടെ സഹായം തേടി യുഎസ്

Mail This Article
ന്യൂയോർക്ക് ∙ അദാനി ഗ്രൂപ്പിനെതിരായ സൗരോർജ കരാർ അഴിമതിക്കേസിൽ ഇന്ത്യയുടെ സഹായം തേടി യുഎസ്. ഗൗതം അദാനി, സാഗർ അദാനി എന്നിവർ ഇന്ത്യയിലായതിനാൽ കേസ് അന്വേഷണത്തിന് ഇന്ത്യൻ നിയമ മന്ത്രാലയത്തിന്റെ സഹായം തേടിയെന്നു യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ ന്യൂയോർക്ക് കോടതിയെ അറിയിച്ചു.
സൗരോർജ കരാറുകൾ ഉറപ്പിക്കുന്നതിനായി യുഎസിലെ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അദാനി ഗ്രീൻ എനർജി കൈക്കൂലി നൽകിയെന്നാണു യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ കണ്ടെത്തൽ. 265 ദശലക്ഷം ഡോളറിന്റെ അഴിമതി ആരോപണമാണ് ഉയർന്നത്. ഗൗതം അദാനി, സാഗര്‍ അദാനി, ഗ്രീൻ എനർജിയുടെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവര്‍ക്കെതിരെ ഗൂഢാലോചന, വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്.
ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്കെതിരെ നേരത്തേ ന്യൂയോർക്ക് കോടതി അഴിമതിക്കുറ്റം ചുമത്തിയിരുന്നു. 2 ബില്യൻ ഡോളറിലധികം മൂല്യമുള്ള സൗരോർജ കരാറുകൾ സ്വന്തമാക്കുന്നതിനാണു കൈക്കൂലി വാഗ്ദാനം ചെയ്തതെന്നാണു പറയുന്നത്. പണവും ബോണ്ടുകളും സ്വന്തമാക്കുന്നതിനായി അദാനിയും കൂട്ടരും യുഎസ് നിക്ഷേപകരെ കബളിപ്പിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.