പഞ്ചായത്ത് ലൈസൻസ്: ഏതൊക്കെ യൂണിറ്റുകള്‍ക്ക് ആവശ്യം?;വിവാദത്തിനു പിന്നാലെ വിശദീകരണവുമായി മന്ത്രി

Mail This Article
തിരുവനന്തപുരം∙ കാറ്റഗറി 1ല്‍ പെടുന്ന സംരംഭങ്ങള്‍ക്ക് പഞ്ചായത്ത് ലൈസന്‍സിന്റെ ആവശ്യമില്ലെന്ന തദ്ദേശവകുപ്പ് മന്ത്രിയുടെ അറിയിപ്പ് പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമാണ പ്ലാന്റിനു വേണ്ടിയാണെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണവുമായി മന്ത്രിയുടെ ഓഫിസ്. ഏതൊക്കെ വിഭാഗങ്ങളില്‍പെട്ട യൂണിറ്റുകള്‍ക്കാണ് ലൈസന്‍സ് ആവശ്യമുള്ളതെന്ന് വിശദമാക്കിയിട്ടുണ്ട്. കാറ്റഗറി 1 വിഭാഗത്തിലെ വൈറ്റ്, ഗ്രീന്‍ യൂണിറ്റുകള്‍ക്കാണ് ലൈസന്‍സ് ആവശ്യമില്ലാത്തത്. റെഡ്, ഓറഞ്ച് വിഭാഗത്തിന് ലൈസന്‍സ് ആവശ്യമുണ്ട്. എഥനോള്‍ പ്ലാന്റ് റെഡ് വിഭാഗത്തില്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടുതൽ വ്യവസായ സൗഹൃദമാക്കുന്നതിനായി 1996 ലെ കേരള പഞ്ചായത്ത് രാജ് (ഫാക്ടറികൾക്കും വ്യാപാരങ്ങൾക്കും സംരംഭക പ്രവർത്തനങ്ങൾക്കും മറ്റു സേവനങ്ങൾക്കും ലൈസൻസ് നൽകൽ) ചട്ടങ്ങളിൽ സമഗ്രമായ മാറ്റം കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. പ്രിൻസിപ്പൽ ഡയറക്ടർ സമർപ്പിച്ച കരട് ചട്ടങ്ങൾ സർക്കാരിന്റെ പരിഗണനയിലാണ്.
പ്രധാന ശുപാർശകൾ
∙ നിലവില്‍ പുതിയ കാലത്തെ പല സംരംഭങ്ങള്‍ക്കും ലൈസന്‍സ് നല്‍കാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്. മുന്‍ തലമുറ ഇനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയിട്ടുള്ള പട്ടികയാണ് നിലവിൽ ചട്ടങ്ങളിലുള്ളത് എന്നതിനാലാണിത്. ഇത് മാറ്റും. നിയമവിധേയമായ ഏത് സംരംഭത്തിനും പഞ്ചായത്തുകളില്‍ നിന്നും ലൈസന്‍സ് ലഭിക്കുന്നതിന് വ്യവസ്ഥ കൊണ്ടുവരും.
∙ സംരംഭങ്ങളെ കാറ്റഗറി ഒന്ന്, കാറ്റഗറി രണ്ട് എന്ന് തരംതിരിക്കും. ഉൽപാദന യൂണിറ്റുകളാണ് കാറ്റഗറി ഒന്ന്. അവയിൽ പൊലൂഷൻ കൺട്രോൾ ബോർഡിന്റെ വൈറ്റ്, ഗ്രീൻ എന്നിവയിലുള്ള യൂണിറ്റുകൾക്ക് പഞ്ചായത്തിന്റെ ലൈസൻസിന് പകരം അവ റജിസ്റ്റർ ചെയ്താൽ മതിയാകും. എന്നാൽ കാറ്റഗറി ഒന്ന് വിഭാഗത്തിൽപ്പെടുന്ന റെഡ്, ഓറഞ്ച് എന്നീ വിഭാഗത്തിൽപ്പെട്ട യൂണിറ്റുകൾക്ക് ഗ്രാമപഞ്ചായത്തിന്റെ ലൈസൻസ്) ആവശ്യമുണ്ട്. കാറ്റഗറി 2ൽ വ്യാപാരം, വാണിജ്യം, സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന യൂണിറ്റുകളാണ്. ഇവയ്ക്ക് സെക്രട്ടറിയുടെ ലൈസൻസ് ആവശ്യമാണ്.
∙ നിലവില്‍ വീടുകളിൽ പ്രവർത്തിക്കുന്ന കുടില്‍ വ്യവസായങ്ങള്‍ക്കും വീടുകളിലെ മറ്റ് വാണിജ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥയില്ല. ചെറുകിട സംരംഭങ്ങൾക്ക് ലൈസൻസില്ലാതെ പ്രവർത്തിക്കാനാണ് അനുവാദമുള്ളത്. ഇത് ഈ സംരംഭങ്ങൾക്ക് ബാങ്ക് വായ്പയും ജിഎസ്ടി രജിസ്ട്രേഷനുമുൾപ്പെടെ കിട്ടാൻ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ട്. ഇതു പരിഹരിക്കാൻ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ വൈറ്റ്, ഗ്രീന്‍ കാറ്റഗറിയില്‍ പെടുന്ന സംരംഭങ്ങള്‍ക്ക് കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രകാരമുള്ള ഉപയോഗ ഗണം (Occupancy Group) നോക്കാതെ വീടുകളിലുള്‍പ്പെടെ ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥ കൊണ്ടുവരും.
∙ ആളുകള്‍ താമസിക്കുന്ന വീടുകളിലും 50% വരെ ഭാഗം ഇത്തരം സംരംഭങ്ങള്‍ക്ക് ഉപയോഗിക്കാം.
∙ ഒരു സംരംഭത്തിന് ഒരിക്കല്‍ വാങ്ങിയ അനുമതി സംരംഭകന്‍ മാറുമ്പോള്‍ സംരംഭകത്വത്തില്‍ മാറ്റമില്ലെങ്കില്‍ ആ അനുമതി കൈമാറാം.
∙ സ്വയം സാക്ഷ്യപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിൽ ഫാസ്റ്റ് ട്രാക്ക് ആയി ലൈസൻസ് റിന്യൂവൽ സാധ്യമാക്കും. നിലവിലുള്ള ഒരു ലൈസന്‍സ് പുതുക്കുന്നതിന് അന്നുതന്നെ സാധിക്കും.
∙ ലൈസൻസ്/അനുമതി അപേക്ഷകളിൽ യഥാസമയം നടപടി സ്വീകരിച്ചില്ലെങ്കിൽ ഡീംഡ് ലൈസന്‍സ് സംവിധാനം ഏര്‍പ്പെടുത്തും.
∙ ലൈസന്‍സ് ഫീസ് പൂര്‍ണമായും മൂലധന നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ ആക്കും (മുൻപ് കുതിരശക്തിയുടെ അടിസ്ഥാനത്തിലായിരുന്നു). കുറഞ്ഞ മൂലധന നിക്ഷേപം ഉള്ള സംരംഭകരെ സഹായിക്കുന്നതിനായി കുറഞ്ഞ തുകയ്ക്ക് പ്രത്യേകം സ്ലാബ് നിശ്ചയിക്കും. മൂലധന നിക്ഷേപം കണക്കാക്കുന്നതിൽ നിന്നും ഭൂമിയുടെയും കെട്ടിടത്തിന്റെയും വില ഒഴിവാക്കുന്നത് പരിഗണിക്കും.
∙ സ്ഥാപനങ്ങൾക്കെതിരെ വരുന്ന പരാതികളിൽ ബന്ധപ്പെട്ട വിദഗ്ധ സ്ഥാപനങ്ങളുടെ ഉപദേശം തേടി സമയബന്ധിതമായി തീർപ്പു കൽപ്പിക്കാൻ സംവിധാനം ഏർപ്പെടുത്തും.
∙ പഞ്ചായത്തുകളുടെയോ സെക്രട്ടറിമാരുടെയോ ചുമതലകളില്‍പെട്ട വിഷയങ്ങള്‍ക്ക് മാത്രമേ പരിശോധന നടത്താന്‍ പാടുള്ളൂ.
∙ സാമ്പത്തിക വർഷം ലൈസൻസിന്റെ കാലാവധി അവസാനിക്കുമെന്ന വ്യവസ്ഥ ഒഴിവാക്കി. ഒരു വർഷത്തെ ലൈസൻസിന്റെ കാലാവധി ലൈസൻസ് തീയതി മുതൽ ഒരു വർഷം തന്നെ ആക്കി നിശ്ചയിച്ചു.
∙ നൽകുന്ന ലൈസൻസിൽ ലൈസൻസിയുടെ ഉത്തരവാദിത്തങ്ങൾ കൃത്യമായി ഉൾപ്പെടുത്തും.
മുനിസിപ്പാലിറ്റി ലൈസൻസ് ചട്ടങ്ങളിൽ 2017-ൽ മാറ്റങ്ങൾ വരുത്തി വ്യവസായസൗഹൃദമാക്കി മാറ്റിയിട്ടുണ്ടെങ്കിലും ഇപ്പോഴുള്ള പുതിയ ആവശ്യങ്ങളുടെ കൂടി അടിസ്ഥാനത്തിൽ വീണ്ടും പരിശോധിച്ച് പരിഷ്കരിക്കുന്നതിനുള്ള നടപടിയും ആരംഭിച്ചുകഴിഞ്ഞു. പഞ്ചായത്തിൽ നിർദേശിക്കപ്പെട്ട എല്ലാ പരിഷ്കരണങ്ങളും വൈകാതെ നഗരസഭകളിലും ലഭ്യമാക്കും. വിശദമായ പരിശോധനയ്ക്കു വിധേയമാക്കി തീരുമാനം കൈക്കൊള്ളും.
കെട്ടിട നിർമാണ ചട്ടങ്ങളിലെ പ്രധാന പരിഷ്കരണ ഉത്തരവുകൾ.
∙ കെട്ടിട നിർമാണം നടക്കുന്ന ഭൂമിയിൽ തന്നെ മുഴുവൻ പാർക്കിങ്ങും വേണമെന്ന വ്യവസ്ഥ ലഘൂകരിച്ച്, 200 മീറ്റർ പരിധിക്കുള്ളിലുള്ള സ്വന്തം ഭൂമിയിൽ പാർക്കിങ് അനുവദിക്കാവുന്ന രീതിയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഉത്തരവിറക്കി.
∙ കോർപറേഷൻ/മുനിസിപ്പൽ അതിർത്തിക്കുള്ളിൽ രണ്ട് സെന്റ് വരെയുള്ള ഭൂമിയിൽ നിർമിക്കുന്ന 100 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് മുന്നിൽ 3 മീറ്റർ വരെയുള്ള വഴിയാണെങ്കിൽ, ഫ്രണ്ട് യാർഡ് ഒരു മീറ്റർ ആയി കുറച്ചുകൊണ്ടുള്ള ചട്ട ഭേദഗതി
∙ ഒരു വശം അടഞ്ഞതും 75 മീറ്ററില്‍ കുറഞ്ഞ നീളമുള്ളതുമായ തെരുവുകളുടെ അതിരിലുള്ള പ്ലോട്ടുകളില്‍ നിർമിക്കുന്ന കെട്ടിടങ്ങള്‍, ആ തെരുവുമായി ഒന്നര മീറ്റര്‍ അകലം പാലിക്കണമെന്ന വ്യവസ്ഥയില്‍ ഇളവ് വരുത്തും. അപ്രകാരമുള്ള തെരുവ് അഞ്ചില്‍ അധികരിക്കാത്ത എണ്ണം പ്ലോട്ടുകളിലേക്കോ കെട്ടിടങ്ങളിലേക്കോ നയിക്കുന്ന വഴിയാണെങ്കില്‍ ആ വഴി പ്രയോജനപ്പെടുത്തുന്ന എല്ലാ ഭൂവുടമകളും കെട്ടിട ഉടമകളും എഴുതി നല്‍കുന്ന സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ തെരുവിനോട് ചേര്‍ന്നുള്ള പ്ലോട്ട് അതിരില്‍ നിന്നും കെട്ടിടത്തിലേക്കുള്ള ദൂരം ഒരു മീറ്റര്‍ വരെയാക്കി കുറയ്ക്കാവുന്നതാണ് എന്ന ഭേദഗതിയാണ് വരുത്തുക. ഇതിന് ആവശ്യമായ ഭേദഗതി കെട്ടിട നിർമാണ ചട്ടം 23 ആം ചട്ടത്തിന്റെ രണ്ടാം ഉപചട്ടത്തില്‍ വരുത്തും.
∙ കെട്ടിടത്തെ സംബന്ധിച്ച് പാലിക്കേണ്ട നിബന്ധനകൾ എല്ലാം പാലിച്ചിട്ടുണ്ടെങ്കിൽ, പ്ലോട്ട് ഏരിയയിൽ കുറവോ കൂടുതലോ വന്നു എന്ന കാരണത്താൽ മാത്രം പെർമിറ്റ് റദ്ദാക്കില്ല. കെട്ടിട നിർമാണ ചട്ടം 19(5)ൽ ഇളവ് നൽകും.
∙ വശങ്ങളിൽ തുറന്ന നിലയിൽ വീടുകൾക്ക് മുൻപിൽ ഷീറ്റ് ഇടുന്നത് പ്രത്യേക നിർമിതിയായി കണക്കാക്കില്ല. നിബന്ധനകൾക്ക് വിധേയമായാണ് ഈ ഇളവ് അനുവദിക്കുക. ഇത് സംബന്ധിച്ച ഭേദഗതി കെട്ടിട നിർമാണ ചട്ടം 23(1), 2 (bf) യിൽ വരുത്തുന്നു. സ്ഥാപിക്കുന്ന ഷീറ്റ് റോഡിലേക്ക് കയറി നിൽക്കുന്നത് പോലെയുള്ള നിയമലംഘനങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയാകും ഈ ഇളവ് നൽകുന്നത്. ഈ ഭാഗത്ത് തറ നിർമിക്കാനോ, ചട്ടങ്ങൾ അനുവദിക്കാത്ത ഏതെങ്കിലും ആവശ്യങ്ങൾക്കായി ഉപയോഗിക്കാനോ പാടുള്ളതല്ല.
∙ പെർമിറ്റ് കാലാവധി 15 വർഷമായി വർധിപ്പിക്കുന്നു.
∙ റോഡ് വികസനത്തിന് വേണ്ടി സൗജന്യമായി ഭൂമി വിട്ടുനൽകിയവർക്ക് മിനിമം സെറ്റ്ബാക്ക് ഉറപ്പുവരുത്തിക്കൊണ്ടുള്ള ഇളവുകൾ നൽകും.
∙ അപ്പൻഡിക്സ് M ൽ ഉൾപ്പെടുത്തിയ ചട്ടം 26 സെറ്റ്ബാക്ക്, ചട്ടം 27 കവറേജ്, ചട്ടം 29 പാർക്കിങ്, ചട്ടം 28 ആക്സസ് തുടങ്ങിയ വ്യവസ്ഥകളിലെ ചട്ടലംഘനങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി ഫൈൻ ഈടാക്കിക്കൊണ്ട് ഇളവുകൾ നൽകുന്നതിനുള്ള നിർദേശങ്ങളും തയാറായി.