ബുല്‍ധാനയിലെ മുടികൊഴിച്ചിൽ: വില്ലൻ ഇറക്കുമതി ചെയ്ത ഗോതമ്പ്; കാരണം കണ്ടെത്തി ആരോഗ്യ വിദഗ്ധൻ

Mail This Article
ന്യൂഡൽഹി∙ മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ ഗ്രാമങ്ങളിലുള്ളവരുടെ അസാധാരണ മുടികൊഴിച്ചിലിന്റെ കാരണം കണ്ടെത്തി ആരോഗ്യ വിദഗ്ധൻ. റേഷൻ കടകളിലൂടെ വിതരണം ചെയ്ത ഗോതമ്പിൽ ഉയർന്ന അളവിൽ സെലീനിയം എന്ന മൂലകം അടങ്ങിയിരുന്നെന്നും ഇതാണ് മുടികൊഴിച്ചിലിന് കാരണമായതെന്നും റായ്ഗഡിലെ ബവാസ്കർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ എംഡി ഡോ. ഹിമ്മത് റാവു ബവാസ്കർ പറഞ്ഞു. 2024 ഡിസംബർ മുതൽ 2025 ജനുവരി വരെ ബുല്‍ധാനയിലെ 18 ഗ്രാമങ്ങളിൽ നിന്നുള്ള 279 പേരുടെ മുടിയാണ് അസാധാരണമായി കൊഴിഞ്ഞത്.
‘‘പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഗോതമ്പിൽ ഉയർന്ന അളവിൽ സെലീനിയം കണ്ടെത്തി. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ഗോതമ്പിനുള്ളിൽ ഉള്ളതിനേക്കാൾ 600 മടങ്ങ് കൂടുതലാണ് ഇറക്കുമതി ചെയ്ത ഗോതമ്പിലെ സെലീനിയത്തിലെ അളവ്. പ്രാദേശിക റേഷൻ കടകൾ വഴി വിതരണം ചെയ്ത ഈ ഗോതമ്പ് ഭക്ഷിച്ചതാകാം മുടികൊഴിച്ചിലിന് കാരണമായത്. പ്രാരംഭ ലക്ഷണങ്ങൾ കണ്ടുതുടങ്ങി നാലുദിവസത്തിനകം ആളുകളുടെ മുടി പൂർണമായും കൊഴിഞ്ഞു.’’– ഹിമ്മത് റാവു പറഞ്ഞു.
രക്തം, മൂത്രം, മുടി എന്നിവയിൽ സെലീനിയത്തിന്റെ സാന്നിധ്യം യഥാക്രമം 35 മടങ്ങ്, 60 മടങ്ങ്, 150 മടങ്ങ് വർധിച്ചതായും ഹിമ്മത് റാവു പറയുന്നു. രോഗ ബാധിതരുടെ ശരീരത്തിൽ സിങ്കിന്റെ അളവ് കുറയുകയും സെലീനിയത്തിന്റെ അളവ് കൂടിയതുമാണ് രോഗാവസ്ഥയ്ക്ക് കാരണമായതെന്ന് പഠനത്തിൽ കണ്ടെത്തി. മനുഷ്യ ശരീരത്തിലെ മെറ്റബോളിസം നിലനിർത്തുന്നതിന് കുറഞ്ഞ അളവിൽ സെലീനിയം അത്യന്താപേക്ഷികമാണ്. ഇതിന്റെ അളവ് കൂടിയതാണ് മുടികൊഴിച്ചിലിന് കാരണമായത്.