ADVERTISEMENT

തിരുവനന്തപുരം∙ മുനമ്പം ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിഷയത്തിൽ സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്യാൻ നിയോഗിച്ച ജസ്റ്റിസ് (റിട്ട) സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ ജുഡീഷ്യൽ കമ്മിഷന്റെ കാലാവധി ദീർഘിപ്പിച്ചു. മൂന്ന് മാസത്തേക്ക് കമ്മിഷന്റെ കാലാവധി ദീർഘിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.

എസ്പിസി കേഡറ്റുകള്‍ക്ക് നിയമനത്തിന് വെയിറ്റേജ് അനുവദിക്കും
എസ്എസ്എല്‍സി, പ്ലസ് ടു തലങ്ങളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്ന വിദ്യാർഥികൾക്ക് പിഎസ്​സി വഴിയുള്ള യുണിഫോം സർവീസുകളിലെ നിയമനത്തിനു വെയിറ്റേജ് അനുവദിക്കും. ഹൈസ്കൂൾ, ഹയർസെക്കൻഡറി തലങ്ങളിലായി നാലു വർഷം ട്രെയിനിങ് പൂർത്തിയാക്കുന്നവരും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകൾക്ക് 5 ശതമാനം വെയിറ്റേജ് നല്‍കും.

ഹൈസ്കൂൾ, ഹയർസെക്കൻഡറി തലങ്ങളിലായി നാലു വർഷം ട്രെയിനിങ് പൂർത്തിയാക്കുന്ന, ഹൈസ്‌കൂൾ തലത്തിൽ എ പ്ലസ് ഗ്രേഡും ഹയർ സെക്കണ്ടറി തലത്തിൽ എ ഗ്രേഡും കരസ്ഥമാക്കുന്നവരും, ഹൈസ്കൂൾ തലത്തിൽ എ ഗ്രേഡും ഹയർ സെക്കൻഡറി തലത്തിൽ എ പ്ലസ് ഗ്രേഡും കരസ്ഥമാക്കുന്നവരും ഹൈസ്കൂൾ തലത്തിലും ഹയർ സെക്കണ്ടറി തലത്തിലും എ ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകൾക്ക് 4 ശതമാനം വെയിറ്റേജ് അനുവദിക്കും. 

ഹൈസ്കൂൾ തലത്തിലോ ഹയർസെക്കണ്ടറി തലത്തിലോ രണ്ടു വർഷം ട്രെയിനിങ് പൂർത്തിയാക്കുകയും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകൾക്ക് മൂന്ന് ശതമാനം വെയിറ്റേജ് ലഭിക്കും. ഹൈസ്കൂൾ തലത്തിലോ ഹയർസെക്കണ്ടറി തലത്തിലോ രണ്ടു വർഷം ട്രെയിനിങ് പൂർത്തിയാക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകൾക്ക് രണ്ട് ശതമാനമാണ് വെയിറ്റേജ് ലഭിക്കുക. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കുന്നത് പരിശോധിക്കാന്‍ തീരുമാനിച്ചു. 

സ്റ്റാഫ് പാറ്റേണ്‍ അംഗീകരിച്ചു
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍റെയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളുടെയും അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിലേക്കും ടെക്നിക്കല്‍ തസ്തികകളിലേക്കുമുള്ള സ്റ്റാഫ് പാറ്റേണ്‍ അംഗീകരിച്ചു. ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിനു സ്വന്തമായുള്ള വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് ഡ്രൈവര്‍മാരെ പുനര്‍വിന്യസിക്കും. 

ഭേദഗതി
സര്‍ക്കാരിനു വേണ്ടി നടപ്പാക്കുന്ന പൊതുസ്വഭാവമുള്ള പദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കുമ്പോള്‍ കെഎംആര്‍എല്‍, കെഎസ്ഐഡിസി, കിന്‍ഫ്ര, വിഐഎസ്എല്‍, കെഎസ്ആര്‍ടിസി, കെആര്‍എഫ്ബി മുതലായ പൊതുമേഖലാ സ്ഥാപനങ്ങളെ 30 ശതമാനം എസ്റ്റാബ്ലിഷ്മെന്‍റ് ചാര്‍ജ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ ഭേദഗതി വരുത്തും. 

വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ റിക്വയറിങ്ങ് ബോഡിയായി സര്‍ക്കാരിനു വേണ്ടി നടപ്പാക്കുന്ന പദ്ധതികള്‍ക്ക് എസ്റ്റാബ്ലിഷ്മെന്‍റ് കോസ്റ്റ് ഒഴിവാക്കി നല്‍കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാരിനു വേണ്ടി നടപ്പാക്കുന്ന പൊതുസ്വഭാവമുള്ള പദ്ധതികള്‍ക്ക് ഓരോ കേസും പ്രത്യേകം പരിശോധിച്ച് മന്ത്രിസഭയുടെ അംഗീകാരത്തിന് വിധേയമായി എസ്റ്റാബ്ലിഷ്മെന്‍റ് കോസ്റ്റ് പൂര്‍ണമായോ ഭാഗികമായോ ഒഴിവാക്കി നല്‍കും. 

നിയമനം
കേരള നിയമ പരിഷ്ക്കരണ കമ്മിഷന്‍ അംഗമായി ടി. ഇന്ദിരയെ നിയമിക്കും. പാലക്കാട് സ്വദേശിയാണ്. കണ്ണൂര്‍ ജില്ലാ ഗവ.പ്ലീഡര്‍ ആന്‍റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി കെ അജിത് കുമാറിന് പുനര്‍നിയമനം നല്‍കും. 

കരട് മാർഗനിർദ്ദേശങ്ങൾ അംഗീകരിച്ചു
സംസ്ഥാനത്തിന്റെ ഉപ്പുവെള്ള/കായൽ, തരിശായി കിടക്കുന്ന ജലാശയങ്ങളിൽ ഫ്ലോട്ടിങ് സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരട് മാർഗനിർദ്ദേശങ്ങൾ അംഗീകരിച്ചു. സര്‍ക്കാര്‍ സ്കൂളുകളില്‍ റൂഫ് ടോപ് സോളാര്‍ പാനലൈസേഷന്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പും അനര്‍ട്ടും നടപടി സ്വീകരിക്കണം.

English Summary:

Kerala Government Extends Munambam Land Commission's Term: Kerala government's recent announcements include extending the Munambam land ownership commission's term and offering weightage to Student Police Cadets in Public Service Commission recruitments.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com