‘പ്ലസ് ടുവിലെത്തിയ ശേഷം ഗുണദോഷിച്ചിട്ടു കാര്യമില്ല, പൊലീസിനു മാത്രമായി ഒന്നും സാധിക്കില്ല; സ്കൂളുകളിൽ പഠനം നടത്തും’

Mail This Article
കോഴിക്കോട്∙ സ്കൂളുകളിൽ വിദ്യാർഥികൾ തമ്മിലുണ്ടാകുന്ന സംഘർഷങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പഠനം നടത്താൻ ബാലാവകാശ കമ്മിഷൻ നിശ്ചയിച്ചിരുന്നെന്ന് ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ. മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.
ഇതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട സംഭവമുണ്ടായതെന്നും കെ.വി.മനോജ് കുമാർ മനോരമ ഓൺലൈനോട് പറഞ്ഞു. സ്കൂളുകളിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട പഠനം നടത്താൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കാൻ കമ്മിഷൻ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഫയലുകൾ നീങ്ങിക്കൊണ്ടിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇങ്ങനെയൊരു ദൗർഭാഗ്യകരമായ സംഭവം ഉണ്ടാകുന്നത്. സിനിമകൾ കുട്ടികളെ സ്വാധീനിക്കുന്നുവെന്നുള്ളത് തീർച്ചയാണ്. അതോടൊപ്പം തന്നെ കോവിഡുമായി ബന്ധപ്പെട്ട അടച്ചിടലിനുശേഷം കുട്ടികളുടെ മാനസികാവസ്ഥയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. മൊബൈൽ അഡിക്ഷനും വലിയ പ്രശ്നങ്ങളാണ്. അതോടൊപ്പം ലഹരി ഉപയോഗവും.
ഇതിനുള്ള പരിഹാരം കുടുംബങ്ങളിൽനിന്നു തന്നെ ഉണ്ടാകണം. പ്ലസ്ടുവിലെത്തിയ ശേഷം വിദ്യാർഥികളെ ഗുണദോഷിച്ചിട്ടു കാര്യമില്ലെന്നും കെ.വി.മനോജ് കുമാർ പറഞ്ഞു. ഈ വിഷയം പരിഹരിക്കാൻ പൊലീസിനു മാത്രം കഴിയില്ല. അതിന് സമൂഹത്തിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും വലിയ പിന്തുണയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.