സിപിഎം സമ്മേളനത്തിനെത്തിയ കലാകാരൻ മരിച്ചനിലയിൽ; അരങ്ങിലെത്തേണ്ടിയിരുന്നത് നായനാരുടെ വേഷത്തിൽ

Mail This Article
കൊല്ലം ∙ കണ്ണൂർ സ്വദേശിയായ കലാകാരനെ നഗരത്തിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ കുഞ്ഞിമംഗലം കൊവ്വപുരം തെക്കുംപാട് കുഞ്ഞിമംഗലം വീട്ടിൽ കെ.വി. രാമകൃഷ്ണന്റെ മകൻ എം. മധുസൂദനൻ (53) ആണു മരിച്ചത്. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക പരിപാടിയായ മൾട്ടി മീഡിയ മെഗാ ഷോയിൽ പങ്കെടുക്കാൻ എത്തിയ സംഘത്തിലെ അംഗമായിരുന്നു മധുസൂദനൻ.
അരങ്ങിൽ ഇ.കെ. നായനാരുടെ വേഷമാണ് മധുസൂദനൻ അഭിനയിക്കേണ്ടിയിരുന്നത്. ഇദ്ദേഹം കഴിഞ്ഞ 4നാണു കൊല്ലത്തു വന്നത്. സാങ്കേതിക തടസ്സങ്ങളെ തുടർന്ന് 6നു നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി ഇന്നത്തേക്കു മാറ്റിയിരുന്നു. ഇന്നലെ വൈകിട്ടു പരിശീലനത്തിന് എത്താതിരുന്ന ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്നു ഹോട്ടൽ മുറിയിൽ എത്തി പരിശോധിച്ചപ്പോഴാണു മരിച്ച നിലയിൽ കണ്ടത്. മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ശുഭ. രണ്ടു മക്കളുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)