ടാസ്മാക് ക്രമക്കേടിൽ പ്രതിഷേധം: അണ്ണാമലൈ അറസ്റ്റിൽ, ഡിഎംകെ സർക്കാരിനു ഭയമെന്ന് ബിജെപി

Mail This Article
ചെന്നൈ∙ ടാസ്മാക് ക്രമക്കേടിനെതിരെ പ്രതിഷേധിച്ച ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ അറസ്റ്റിൽ. പൊലീസ് അനുമതിയില്ലാതെ പ്രതിഷേധിച്ചതിനാണ് അറസ്റ്റ്. മുൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ ഉൾപ്പെടെ ഒട്ടേറെ ബിജെപി നേതാക്കളെയും ചെന്നൈ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. അക്കരൈയിലെ വീട്ടിൽനിന്ന് ഒരു കിലോമീറ്റർ അകലെ വച്ചാണ് അണ്ണാമലൈയെ തടഞ്ഞ് അറസ്റ്റ് ചെയ്തത്. എഗ്മോറിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്.
തമിഴ്നാട് സർക്കാരിന്റെ മദ്യവിൽപന സ്ഥാപനമായ ടാസ്മാക് ആസ്ഥാനത്തും വിവിധ മദ്യക്കമ്പനികളുടെ ഓഫിസുകളിലും നടത്തിയ പരിശോധനയിൽ 1000 കോടിയിലേറെ രൂപയുടെ ക്രമക്കേടുകൾ നടന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തിയിരുന്നു. ഇതിനെതിരെയായിരുന്നു ബിജെപിയുടെ പ്രതിഷേധം
തിങ്കളാഴ്ച രാവിലെ 11ന് നടക്കേണ്ടിയിരുന്ന പ്രതിഷേധമാണ് പൊലീസ് തടഞ്ഞത്. പ്രതിഷേധ സ്ഥലത്തേക്ക് എത്തുന്നതിന് മുൻപുതന്നെ നേതാക്കളെ വീട്ടുതടങ്കലിലാക്കിയും കസ്റ്റഡിയിലെടുത്തുമാണ് പ്രതിഷേധത്തെ പൊലീസ് നേരിട്ടത്. ഡിഎംകെ സർക്കാർ ഭയം മൂലമാണ് പെരുമാറുന്നതെന്ന് അണ്ണാമലൈ ആരോപിച്ചു. എന്നാൽ ബിജെപി നേതാക്കളുടെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ഡിഎംകെ പറഞ്ഞു.