രാധാകൃഷ്ണന്റെ ഭാര്യയുമായി സന്തോഷിന് ബന്ധം, മുൻപും പലതവണ ഭീഷണിപ്പെടുത്തി; തോക്ക് കണ്ടെടുത്തു

Mail This Article
മാതമംഗലം (കണ്ണൂർ) ∙ കൈതപ്രത്തു നിർമാണത്തിലുള്ള വീട്ടിൽ ഗുഡ്സ് ഓട്ടോ ഡ്രൈവർ വെടിയേറ്റു മരിച്ച സംഭവത്തിൽ പൊലീസ് എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. മരിച്ച കെ.കെ.രാധാകൃഷ്ണന്റെ ഭാര്യയുമായി പ്രതിക്കുണ്ടായിരുന്ന സൗഹൃദത്തെ തുടർന്നുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്. വീടു പണിക്കായി വന്ന പ്രതി എൻ.കെ.സന്തോഷ്, രാധാകൃഷ്ണന്റെ ഭാര്യയുമായി സൗഹൃദത്തിലാകുകയായിരുന്നു. ഈ ബന്ധം തുടരാൻ രാധാകൃഷ്ണൻ തടസ്സമായി വന്നതോടെയാണ് സന്തോഷ് കൊലപാതകത്തിന് മുതിർന്നതെന്നും എഫ്ഐആറിൽ പറയുന്നു.
രണ്ടുമാസം മുൻപ് സന്തോഷിനെതിരെ രാധാകൃഷ്ണൻ പരിയാരം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതെത്തുടർന്നു പലപ്പോഴും രാധാകൃഷ്ണനെ സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. പ്രതി കൃത്യം നടത്തിയത് ഫെയ്‌സ്ബുക്കിൽ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്ത ശേഷമാണെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തിനു മുൻപും ശേഷവും ഇയാൾ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്നലെ വൈകിട്ട് 4.23ന് തോക്കേന്തി നിൽക്കുന്ന ഒരു ചിത്രം സന്തോഷ് പോസ്റ്റ് ചെയ്തിരുന്നു. ‘കൊള്ളിക്കുക എന്നത് ആണ് ടാസ്ക്. കൊള്ളിക്കും എന്നത് ഉറപ്പ്’ എന്നായിരുന്നു അടിക്കുറിപ്പ്. വൈകിട്ട് 7.27ന് മറ്റൊരു പോസ്റ്റിട്ടു. ‘നിന്നോട് ഞാൻ പറഞ്ഞത് അല്ലെടാ, എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്.... എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും പക്ഷേ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല’ എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ്. കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള, പഞ്ചായത്തിന്റെ ഷൂട്ടേഴ്സ് സംഘത്തിൽ അംഗമാണു സന്തോഷ്.
അതിനിടെ കൊലപാതകത്തിനുപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന വീടിന്റെ 150 മീറ്റർ അകലെയുള്ള രാധാകൃഷ്ണന്റെ അമ്മ വാടകയ്ക്ക് താമസിക്കുന്നുണ്ടായിരുന്നു. ഈ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണ് തോക്ക് കണ്ടെടുത്തത്. തെളിവെടുപ്പിനിടെ സന്തോഷ് തന്നെയാണ് തോക്ക് കാണിച്ചുകൊടുത്തത്.