ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; ഹമാസ് നേതാവ് സലാഹ് അൽ ബർദാവീലും ഭാര്യയും കൊല്ലപ്പെട്ടു

Mail This Article
ഗാസ∙ തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിൽ ഇന്നു പുലർച്ചെ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ് അൽ ബർദാവീലും ഭാര്യയും കൊല്ലപ്പെട്ടു. ഭാര്യയോടൊപ്പം സുരക്ഷാ സങ്കേതത്തിൽ പ്രാർഥിച്ചു കൊണ്ടിരിക്കെയായിരുന്നു മരണം. ഇസ്രയേൽ വാർത്തയോട് പ്രതികരിച്ചിട്ടില്ല.
‘‘അദ്ദേഹത്തിന്റെയും ഭാര്യയുടെയും മറ്റു രക്തസാക്ഷികളുടെയും രക്തം വിമോചനത്തിനും സ്വാതന്ത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഇന്ധനമായി നിലനിൽക്കും. ശത്രുവിന് നമ്മുടെ നിശ്ചയദാർഢ്യത്തെ തകർക്കാനാവില്ല.’’ എന്ന് മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ ഹമാസ് അറിയിച്ചു.
മുതിർന്ന ഹമാസ് നേതാവായ സലാഹ് അൽ ബർദാവീലിനെ 1993ൽ ഇസ്രയേൽ തടവിലാക്കിയിരുന്നു. 2006ൽ പലസ്തീനിയൻ ലെജിസ്‌ലേറ്റീവ് കൗൺസിലിൽ അംഗമായിരുന്നു. ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയിലേക്ക് ബർദാവീൽ തിരഞ്ഞെടുക്കപ്പെട്ടത് 2021ലാണ്. ഗാസയിലെ പ്രാദേശിക പൊളിറ്റിക്കൽ ബ്യൂറോയിലും ബർദാവീൽ അംഗമായിരുന്നു.
വ്യാഴാഴ്ച തെക്കൻ ഗാസയിൽ നടന്ന വ്യോമാക്രമണത്തിൽ ഹമാസിന്റെ സൈനിക ഇന്റലിജൻസ് തലവൻ ഒസാമ തബാഷും കൊല്ലപ്പെട്ടിരുന്നു. വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇസ്രയേൽ ആക്രമണത്തിന് തുടക്കമിട്ട 25ന് മാത്രം ഗാസയിൽ 400 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ഹമാസിനെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ആക്രമണം കടുപ്പിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞിരുന്നു.
ഇന്ന് പുലർച്ചെയും ഗാസയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ സേന വ്യോമാക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ. വെടിനിർത്തൽ കരാറിന്റെ ലംഘനത്തിനു ശേഷം 634 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടെന്നും 1172 പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നുമാണ് പലസ്തീനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്ന കണക്ക്.