ആറു കോടിയുടെ കമ്മലുകൾ വിഴുങ്ങി കള്ളൻ; ഫ്ലോറിഡയിലും ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’! – വിഡിയോ

Mail This Article
ഒർലാൻഡോ∙ ഫ്ലോറിഡയിലും ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’! ആറു കോടി രൂപയിലധികം വില വരുന്ന കമ്മലുകൾ വിഴുങ്ങിയ കള്ളനെയും നോക്കി ഒർലാൻഡോ പൊലീസ് കാത്തിരുന്നത് രണ്ടാഴ്ചയ്ക്കു മുകളിൽ. ഫെബ്രുവരി 26നായിരുന്നു ടിഫാനി ആൻഡ് കമ്പനി എന്ന ജ്വല്ലറിയുടെ ഒർലാൻഡോയിലുള്ള കടയിൽ കയറിയ 32 വയസ്സുകാരനായ ജെയ്തൻ ഗിൽഡർ രണ്ടു ജോഡി വജ്രക്കമ്മൽ മോഷ്ടിച്ചത്. പൊലീസ് പിടികൂടിയെങ്കിലും കള്ളൻ പണിപറ്റിച്ചു – കമ്മലുകൾ അതുപോലെ വിഴുങ്ങി!
തൊണ്ടിമുതലില്ലെങ്കിൽ കേസ് എടുക്കാനാകില്ല. വലഞ്ഞുപോയ പൊലീസ് ഗിൽഡറെയുംകൊണ്ട് ആശുപത്രിയിലെത്തി. എക്സ്‌റേയിൽ സാധനം വയറ്റിലുണ്ടെന്ന് കണ്ടെത്തി. പിന്നെ കാത്തിരിപ്പായിരുന്നു. മാർച്ച് 12ന് കമ്മലുകൾ പുറത്തെത്തി. മോഷണം പോയ കമ്മലുകൾത്തന്നെയാണ് അതെന്ന് സീരിയൽ നമ്പർ ഒത്തുനോക്കി ജ്വല്ലറി അധികൃതർ സ്ഥിരീകരിച്ചു.
സംഭവം ഇങ്ങനെ:
ഒർലാൻഡോ മാജിക് എന്ന ബാസ്കറ്റ്ബോൾ ക്ലബിന്റെ പ്രതിനിധിയെന്ന് പറഞ്ഞായിരുന്നു ഗിൽഡർ ജ്വല്ലറിയിലെത്തിയത്. തക്കംനോക്കി രണ്ടു ജോഡി കമ്മലുകൾ മോഷ്ടിച്ച് ഇയാൾ കടന്നു. ഒരു കമ്മൽ 4.86 കാരറ്റിന്റേതും മറ്റേത് 8.10 കാരറ്റിന്റേതുമായിരുന്നു. ഒരെണ്ണത്തിന് ഏകദേശം 1.3 കോടിയും മറ്റേ സെറ്റിന് ഏകദേശം 5.3 കോടിയുമായിരുന്നു. അന്നുതന്നെ ഒർലാൻഡോ പൊലീസ് ഗിൽഡർനെ പിടികൂടിയെങ്കിലും തൊണ്ടിമുതൽ ഇല്ലാത്തതിനാൽ ആ കേസ് ചുമത്താനായില്ല. പകരം അറസ്റ്റ് ചെറുത്തുവെന്ന കുറ്റമാണ് ചുമത്തിയത്.