ADVERTISEMENT

പത്തനംതിട്ട ∙ 11 വർഷം മുൻപ് കാണാതായ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസ് കേരളത്തിൽ അന്വേഷണം ഊർജിതമാക്കുന്നു. 2014ൽ കോയമ്പത്തൂരിലെ കരുമത്താംപട്ടിയിൽനിന്നു കാണാതായ ധരിണിക്കു (38) വേണ്ടിയാണ് തമിഴ്നാട് പൊലീസിന്റെ സിബിസിഐഡി വിഭാഗം അന്വേഷണം നടത്തുന്നത്. അന്വേഷണ സംഘം കഴിഞ്ഞ കുറച്ച‌ു ദിവസമായി പത്തനംതിട്ട, കോട്ടയം ജില്ലകളിലായി അന്വേഷണം നടത്തിയിരുന്നു. എന്നാൽ യുവതി കോഴിക്കോട്ട് ഉണ്ടെന്ന നിഗമനത്തിൽ ഇവിടേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

2014 സെപ്റ്റംബർ 17നാണ് കരുമത്താംപട്ടിയിലെ വീട്ടിൽനിന്ന് ധരിണിയെ കാണാതായത്. വിവാഹ ശേഷം ഭർത്താവിനൊപ്പം യുഎസിലേക്കു താമസം മാറ്റിയ ധരിണി വൈകാതെ ഇന്ത്യയിലേക്കു മടങ്ങിയിരുന്നു. യുഎസിൽ ഗ്രീൻ കാർഡ് ഉൾപ്പെടെ ധരിണിക്കുണ്ടായിരുന്നു. അമ്മയ്ക്കു സുഖമില്ലെന്നു കള്ളം പറഞ്ഞാണ് ധരിണി ഇന്ത്യയിലെത്തിയത്. യുഎസിൽ ഭർത്താവിനൊപ്പം ജീവിക്കാൻ സാധിക്കില്ലെന്നും തനിക്ക് ആത്മീയ മാർഗത്തിലേക്കു തിരിയണമെന്നും ധരിണി അമ്മയോട് പറഞ്ഞിരുന്നു. ആശ്രമം സ്ഥാപിക്കാൻ പണം ആവശ്യപ്പെട്ടെങ്കിലും അമ്മ നൽകിയില്ല. പൂർവിക സ്വത്ത് ഭാഗം വയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും രക്ഷിതാക്കൾ വിസമ്മതിച്ചപ്പോഴാണ് ധരിണി വീട്ടിൽനിന്നു പോയത്.

പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ വീട്ടിൽ വച്ചായിരുന്നു ധരിണി പോയത്. അമ്മയുടെ പരാതിയിൽ അന്ന് കോയമ്പത്തൂർ കരുമത്താംപട്ടി പൊലീസ് കേസെടുത്തിരുന്നു. കാണാതായി അഞ്ച് മാസത്തിനു ശേഷമാണ് ധരിണിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചത്. ഇതിനിടെ ധരിണിയുടെ മാതാവ് സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി, കേസിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് തമിഴ്നാട് പൊലീസിനോടു നിർദേശിച്ചു. ഇതിനെ തുടർന്നാണ് 2023ൽ, കേസ് ലോക്കൽ പൊലീസിൽനിന്ന് സിബിസിഐഡി വിഭാഗത്തിന് കൈമാറിയത്.

സിബിസിഐഡി നടത്തിയ അന്വേഷണത്തിൽ, 2015 ഫെബ്രുവരി 27ന് ധരിണി ചെങ്ങന്നൂരിൽ നിന്നു പത്തനംതിട്ട സ്റ്റേഡിയം വരെ യാത്ര ചെയ്തിരുന്നതായി കണ്ടെത്തി. കംപ്യൂട്ടർ എൻജിനീയറിങ്ങിൽ ബിരുദമുള്ള ധരിണിക്ക് നിരവധി മെയിൽ ഐഡികൾ ഉണ്ടെന്നും സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചിരുന്നെന്നും അന്വേഷണത്തിൽ മനസ്സിലായി. ഈ മെയിൽ ഐഡികളിൽ ഒന്ന് ട്രാക്ക് ചെയ്തപ്പോഴാണ് യുവതി കേരളത്തിലുണ്ടെന്ന് അറിഞ്ഞത്. ഈ മെയിൽ ഐഡിയിൽനിന്ന് കേരളത്തിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി അപേക്ഷിച്ചിരുന്നു. ഐപി അ‍ഡ്രസിൽ നിന്ന് പത്തനംതിട്ടയിലെ ലൊക്കേഷനാണ് പൊലീസിന് ലഭിച്ചത്. എന്നാൽ പത്തനംതിട്ടയിൽ എത്തിയതിനു ശേഷം ഈ മെയിൽ ഐഡി ഉപയോഗിച്ചിട്ടില്ല.

സിബിസിഐഡി അന്വേഷണത്തിനിടെ, ഈ മെയിൽ ഐഡിയിൽ 2022ൽ ലോഗിൻ ചെയ്യാൻ ശ്രമിച്ചതായും കണ്ടെത്തി. എന്നാൽ പാസ്‌വേഡ് കൃത്യമല്ലാത്തതിനാലും മെയിലിൽ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ധരിണിയുടെ കൈവശം ഇല്ലാത്തതിനാലും ലോഗിൻ ചെയ്യാൻ സാധിച്ചില്ല. ഈ തെളിവുകൾ കേന്ദ്രീകരിച്ചാണ് കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സിബിസിഐഡി അന്വേഷണം നടത്തിയത്.

അതിനിടെ, ധരിണിയെ കോഴിക്കോട്ട് രാമനാട്ടുകരയിൽ കണ്ടെന്നും സൂചനയുണ്ട്. രാമനാട്ടുകര കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് തമിഴ്നാട് സിബിസിഐഡി വിഭാഗം. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്ന യുവതി ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. രാമനാട്ടുകരയിലെ പ്രശസ്തമായ ക്ഷേത്രത്തിന് സമീപം യുവതി ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. സ്കൂളുകളിലോ കോളജുകളിലോ ട്യൂഷൻ സെന്ററുകളിലോ യുവതി ജോലി ചെയ്യാൻ സാധ്യതയുള്ളതായും സിബിസിഐഡി വിഭാഗം കരുതുന്നുണ്ട്. യുവതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

English Summary:

Dharini Missing Case : Dharini's disappearance remains a mystery eleven years after she vanished from Coimbatore. The Tamil Nadu police are expanding their search in Kerala, following new leads in Kozhikode

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com