ADVERTISEMENT

ന്യൂ‍ഡൽഹി∙ അലഹബാദ് ഹൈക്കോടതിയുടെ വിവാദ നിരീക്ഷണങ്ങൾക്ക് സുപ്രീം കോടതിയുടെ സ്റ്റേ. പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ കെട്ട് അഴിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്നായിരുന്നു നിരീക്ഷണം. ജഡ്ജിക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തേണ്ടിവരുമെന്ന് കോടതി മുന്നറയിപ്പ് നൽകി. ജഡ്ജിയുടെ ഭാഗത്തുനിന്ന് തികഞ്ഞ അശ്രദ്ധയുണ്ടായെന്നു പറഞ്ഞ കോടതി കേന്ദ്രത്തിനും യുപി സർക്കാരിനും നോട്ടിസ് അയച്ചു. ഹൈക്കോടതിയുടെ നിരീക്ഷണം നിർവികാരപരവും മനുഷ്യത്വരഹിതവും ആണെന്നും സുപ്രീം കോടതി പറഞ്ഞു. രണ്ടു യുവാക്കൾക്കെതിരെ കീഴ്‌ക്കോടതി ചുമത്തിയ പോക്സോ കേസിനെതിരെ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ജഡ്ജിമാരായ ബി.ആർ. ഗവായ്, എ.ജി. മസി എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. വിവാദ ഉത്തരവിനെതിരായ പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ സുപ്രീം കോടതിയുടെ തന്നെ ജഡ്ജിമാരായ ബേല എം.ത്രിവേദി, പി.ബി. വരാലെ എന്നിവരുടെ ബെഞ്ച് വിസമ്മതിച്ചിരുന്നു.

സംഭവം ഇങ്ങനെ:

ബലാത്സംഗ കുറ്റത്തിനു സമന്‍സ് അയയ്ക്കാനുള്ള കീഴ്‌ക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത രണ്ടു പുരുഷന്‍മാര്‍ക്ക് അനുകൂലമായി അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയാണു വിധി പറഞ്ഞത്. പവന്‍, ആകാശ് എന്നിവര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുകയും പൈജാമയുടെ ചരട് പിടിച്ചുവലിക്കുകയും പീന്നീട് സമീപത്തെ കലുങ്കിനടുത്തേക്കു കൊണ്ടുപോയി ബലാത്സംഗത്തിനു ശ്രമിച്ചുവെന്നുമാണ് കേസ്. ആ സമയം അതുവഴി ഒരാള്‍ വരുന്നത് കണ്ട് അവര്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച‌ു കടന്നുകളയുകയായിരുന്നു. 

ഈ കേസിന്റെ അടിസ്ഥാനത്തില്‍ രണ്ടു പ്രതികളും വിചാരണ നേരിടണമെന്നു കീഴ്‌ക്കോടതി ഉത്തരവിട്ടു. ഇതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്ര ഇങ്ങനെ നിരീക്ഷണം നടത്തിയത്. കലുങ്കിനടുത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയെന്നതിനാല്‍ പെണ്‍കുട്ടിയെ നഗ്‌നയാക്കിയെന്നോ വസ്ത്രം അഴിച്ചുമാറ്റിയെന്നോ സാക്ഷികള്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു കോടതി നിരീക്ഷണം. കീഴ്‌ക്കോടതിയുടെ കണ്ടെത്തലുകൾ നിലനില്‍ക്കുന്നതല്ലെന്നും കോടതി പറഞ്ഞിരുന്നു.

ഇടപെടണമെന്ന് കേന്ദ്രമന്ത്രിയും

ഹൈക്കോടതി വിധി തെറ്റാണെന്നും സുപ്രീം കോടതി ഇടപെടണമെന്നും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂര്‍ണ ദേവിയും ആവശ്യപ്പെട്ടിരുന്നു. മറ്റു വനിതാനേതാക്കളും വിഷയത്തിൽ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടു രംഗത്തുവന്നിരുന്നു.

English Summary:

Supreme Court stays Allahabad High Court's controversial ruling: The Supreme Court stays Allahabad High Court's controversial ruling that touching a girl's breasts and loosening her pajamas doesn't constitute attempted rape. The insensitive judgment sparked outrage and intervention from the central government.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com