‘യോഗിയുടേത് ‘പൊളിറ്റിക്കൽ ബ്ലാക്ക് കോമഡി’; തമിഴ് നിലപാട് ബിജെപിയെ അസ്വസ്ഥതപ്പെടുത്തുന്നു’

Mail This Article
ചെന്നൈ∙ ത്രിഭാഷ വിഷയത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വെറുപ്പിനെ പറ്റി യോഗി പഠിപ്പിക്കുകയാണോ എന്നും അത് വിരോധാഭാസമല്ല, ‘പൊളിറ്റിക്കൽ ബ്ലാക്ക് കോമഡി’യാണെന്നും സ്റ്റാലിന്‍ പറഞ്ഞു,
‘‘ത്രിഭാഷ നയം, മണ്ഡല പുനർനിർണയം എന്നിവയെ കുറിച്ചുള്ള തമിഴ്നാടിന്റെ ന്യായവും ഉറച്ചതുമായ ശബ്ദം രാജ്യവ്യാപകമായി ഉയരുന്നു. അതിൽ ബിജെപി അമ്പരന്നിരിക്കുകയാണ്. അവരുടെ നേതാക്കളുടെ അഭിമുഖങ്ങൾ കണ്ടാൽ അത് മനസ്സിലാകും. വെറുപ്പിനെ പറ്റി യോഗി ഞങ്ങളെ പഠിപ്പിക്കുകയാണ്. ഇത് വിരോധാഭാസമല്ല, ‘പൊളിറ്റിക്കൽ ബ്ലാക്ക് കോമഡി’യാണ്. ഒരു ഭാഷയേയും ഞങ്ങൾ എതിർക്കുന്നില്ല. അടിച്ചേൽപ്പിക്കുന്നതിനെയും വംശീയതയെയും മാത്രമാണ് ഞങ്ങൾ എതിർക്കുന്നത്. ഇത് വോട്ടിന് വേണ്ടിയുള്ള കലാപ രാഷ്ട്രീയമല്ല, അന്തസ്സിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണ്’’– സ്റ്റാലിൻ എക്സിൽ കുറിച്ചു.
തമിഴ്നാട് ഭാഷയുടേയും പ്രദേശത്തിന്റേയും പേരിൽ ജനങ്ങളിൽ ഭിന്നതയുണ്ടാകാൻ സ്റ്റാലിൻ ശ്രമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. പിന്നാലെയാണ് യോഗിയുടേത് ഏറ്റവും വലിയ തമാശയാണെന്ന് സ്റ്റാലിൻ പ്രതികരിച്ചത്.