ജസ്റ്റിസ് യശ്വന്ത് വർമയെ അലഹാബാദ് ഹൈക്കോടതിയിലേക്കു മാറ്റിയതിന് കേന്ദ്ര അംഗീകാരം; ജുഡീഷ്യൽ വിലക്ക് തുടരും

Mail This Article
ന്യൂഡൽഹി ∙ ഔദ്യോഗിക വസതിയോടു ചേർന്ന സ്റ്റോർമുറിയിൽ നോട്ടുകെട്ടു കണ്ടെത്തിയതിൽ അന്വേഷണം നേരിടുന്ന ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് യശ്വന്ത് വർമയെ അലഹാബാദ് ഹൈക്കോടതിയിലേക്കു മടക്കി അയയ്ക്കാനുള്ള കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു. അലഹാബാദ് ഹൈക്കോടതി ബാർ അസോസിയേഷന്റെ എതിർപ്പ് മറികടന്നാണ് സ്ഥലംമാറ്റാനുള്ള ശുപാർശ കൊളീജിയം കേന്ദ്ര സർക്കാരിനു നൽകിയത്.
അലഹാബാദ് ഹൈക്കോടതിയിൽ ജഡ്ജിയായിരുന്ന ജസ്റ്റിസ് വർമയെ 2021ൽ ആണ് ഡൽഹിയിലേക്ക് സ്ഥലംമാറ്റിയത്. അതേസമയം, യശ്വന്ത് വർമയെ അലഹാബാദ് കോടതിയിലും ജോലിയിൽനിന്ന് സുപ്രീംകോടതി വിലക്കി. ജുഡീഷ്യൽ ചുമതലകൾ നൽകരുതെന്ന് കോടതി നിർദേശിച്ചു.
ജസ്റ്റിസ് വർമയുടെ വസതിയോടു ചേർന്ന സ്റ്റോർ മുറിയിൽ തീപിടിത്തമുണ്ടായതിനു പിന്നാലെ സ്ഥലത്ത് അഗ്നിശമന സേനയും പൊലീസും എത്തിയപ്പോഴാണ് കത്തിക്കരിഞ്ഞതുൾപ്പെടെ ചാക്കുകണക്കിന് നോട്ടുകെട്ട് കണ്ടെത്തിയത്. സംഭവം സുപ്രീം കോടതി നിയോഗിച്ച ജഡ്ജിമാരുടെ മൂന്നംഗ സംഘം അന്വേഷിക്കുന്നതിനിടെയാണ് വർമയെ സ്ഥലംമാറ്റിയത്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ അവധിയിൽ പോയ വർമയെ ചുമതലകളിൽനിന്ന് മാറ്റി നിർത്താൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടു സുപ്രീം കോടതി നിർദേശിച്ചിരുന്നു. ചുമതലകളിൽ നിന്നു പിൻവലിച്ചുകൊണ്ട് ഹൈക്കോടതി നോട്ടിസ് പ്രസിദ്ധീകരിക്കുകയും ചെയ്തു.
തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനു നൽകിയ വിശദീകരണത്തിൽ വർമ പറഞ്ഞത്. ആരോപണം ഉയർന്നതിനു പിന്നാലെ, മാലിന്യം തള്ളാനുള്ള ചവറ്റുകുട്ടയല്ല അലഹാബാദ് കോടതിയെന്നു അവിടത്തെ ബാർ അസോസിയേഷൻ പത്രക്കുറിപ്പിറക്കിയിരുന്നു. ജസ്റ്റിസ് യശ്വന്ത് വർമയെ സ്ഥലംമാറ്റാനുള്ള കൊളീജിയം ശുപാർശയിൽ പ്രതിഷേധിച്ച് അലഹാബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിരുന്നു.