ഹോണ്ടുറാസ് വനിതാ ജയിൽ കലാപത്തിൽ മരണം 48; കൂടുതൽ മരണവും പൊള്ളലേറ്റ്
Mail This Article
തെഗുസിഗാൽപ ∙ മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിലെ തമാരാ നഗരത്തിലെ വനിതാ ജയിലിൽ കലാപത്തിൽ കൊല്ലപ്പെട്ട 48 പേരിൽ ഭൂരിഭാഗം പേരു മരിച്ചത് പൊള്ളലേറ്റ്. കലാപത്തിനിടെ ജയിലിനു തീയിട്ടതിനെ തുടർന്ന് 26 പേർ പൊള്ളലേറ്റും മറ്റുള്ളവർ പൊലീസിന്റെ വെടിയേറ്റുമാണ് മരിച്ചത്. 7 പേർ ചികിത്സയിലാണ്.
പുറത്തുള്ള ഗുണ്ടാ സംഘങ്ങൾ വാർഡൻമാരുടെ അറിവോടെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പ്രസിഡന്റ് ഷിയോമാരോ കാസ്ട്രോ പറഞ്ഞു. സംഭവത്തിനു പിന്നാലെ സുരക്ഷാ ചുമതയുള്ള മന്ത്രിയെയും പൊലീസ് മേധാവിയെയും മാറ്റി. ജയിലുകളിലെ അഴിമതി നിർമാർജനം ചെയ്യാനുള്ള സർക്കാർ ശ്രമത്തിന് തിരിച്ചടി നൽകാനാണ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കലാപമുണ്ടാക്കിയതെന്ന് പ്രസിഡന്റ് പറഞ്ഞു. ഏതാനും മാസമായി ജീവനക്കാരുടെ ഒത്താശയോടെ ജയിലുകൾ ഭരിച്ചിരുന്ന ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കാൻ സർക്കാർ നടപടികൾ തുടങ്ങിയിരുന്നു.
ജയിലിലെ കലാപങ്ങൾക്കു കുപ്രസിദ്ധി നേടിയ രാജ്യമാണ് ഹോണ്ടുറാസ്. 2012 ൽ ജയിലിൽ തീപിടിത്തത്തിൽ 361 പേരാണ് കൊല്ലപ്പെട്ടത്. 2019 ൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയതിനെ തുടർന്ന് 18 പേർ മരിച്ചു.
English Summary: Women inmates killed in violence at Honduras Tegucigalpa prison