ഗുട്ടെറസ് ചൂണ്ടിക്കാട്ടിയ ദുരന്ത കാഴ്ച; നിറഞ്ഞ ട്രക്കുകൾ ഒരുവശത്ത്, ഒഴിഞ്ഞ വയറുകൾ മറുവശത്ത്
Mail This Article
കയ്റോ ∙ ഗാസയിലെ ദുരിതവും ഇസ്രയേൽ–പലസ്തീൻ പ്രശ്നത്തിന്റെ ആഴവും വ്യക്തമാക്കുന്നതായിരുന്നു കയ്റോ സമാധാന ഉച്ചകോടിയിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നടത്തിയ പ്രസംഗം. പ്രസക്ത ഭാഗങ്ങൾ:
‘വിരോധാഭാസം നിറഞ്ഞ കാഴ്ചയാണ് റഫായിൽ കണ്ടത്. നിറഞ്ഞ ട്രക്കുകൾ ഒരുവശത്ത്. ഒഴിഞ്ഞ വയറുകൾ മറുവശത്ത്.പലസ്തീൻ ജനതയുടെ ആവശ്യങ്ങൾ ന്യായവും ഏറെക്കാലമായുള്ളതുമാണ്. എന്നാൽ, ഇസ്രയേൽ ജനതയ്ക്കു നേരെ ഹമാസ് നടത്തിയ ആക്രമണത്തിന് അതു ന്യായീകരണമല്ല. മറുപടിയായി പലസ്തീൻ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്നതിനും ന്യായീകരണമില്ല.
ജനീവ ചട്ടങ്ങളടക്കം മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട എല്ലാ രാജ്യാന്തര നിയമങ്ങളും പാലിക്കപ്പെടണം. സിവിലിയന്മാർക്കും ആശുപത്രികൾ, സ്കൂളുകൾ, 5 ലക്ഷം പേർക്ക് അഭയമൊരുക്കുന്ന യുഎൻ കേന്ദ്രങ്ങൾ എന്നിവയ്ക്കും നേരെ ആക്രമണം പാടില്ല. ഗാസയിലേക്കു തടസ്സമില്ലാതെ ജീവകാരുണ്യസഹായവും ബന്ദികളുടെ നിരുപാധിക മോചനവും ഉറപ്പാക്കണം.
വെടിനിർത്തൽ അനിവാര്യമാണ്. മേഖലയിൽ സമാധാനത്തിനും സ്ഥിരതയ്ക്കുമുള്ള ഏക പോംവഴി ദ്വിരാഷ്ട്ര ഫോർമുലയാണെന്നും ഓർക്കുക. ഇസ്രയേൽ ജനതയ്ക്കു സുരക്ഷ ഉറപ്പാക്കണം; പലസ്തീൻ ജനതയ്ക്കു സ്വതന്ത്ര രാജ്യവും. പലസ്തീനിലെയും ഇസ്രയേലിലെയും കുഞ്ഞുങ്ങൾ സ്വപ്നം കാണുന്ന ഭാവി യാഥാർഥ്യമാക്കാനുള്ള ഇടപെടലിനുള്ള സമയമാണിത്.’
ഏകാഭിപ്രായമില്ലാതെ കയ്റോ ഉച്ചകോടി
കയ്റോ ∙ പ്രതീക്ഷിച്ചിരുന്നതുപോലെ അറബ്, യൂറോപ്യൻ നേതാക്കളുടെ ഭിന്ന നിലപാടുകൾ മൂലം കയ്റോ സമാധാന ഉച്ചകോടിയിൽ ഏകാഭിപ്രായമുണ്ടായില്ല. ഈജിപ്ത്, ജോർദാൻ, ബഹ്റൈൻ, ദക്ഷിണാഫ്രിക്ക, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നു പ്രധാന നേതാക്കൾ തന്നെ പങ്കെടുത്ത ഉച്ചകോടിയിൽ യുഎസ് കയ്റോ എംബസിയിലെ ഉദ്യോഗസ്ഥനെയാണു പ്രതിനിധിയായി അയച്ചത്.