മാർപാപ്പ പങ്കെടുക്കാതെ കുരിശിന്റെ വഴി; ഈസ്റ്റർ കുർബാനയിൽ പങ്കെടുക്കും
Mail This Article
വത്തിക്കാൻ സിറ്റി ∙ ദുഃഖവെള്ളി ദിനത്തിൽ റോമിലെ കൊളോസിയത്തിൽ നടത്താറുള്ള കുരിശിന്റെ വഴിയിൽനിന്ന് അവസാനനിമിഷം ഫ്രാൻസിസ് മാർപാപ്പ വിട്ടുനിന്നു. ഈസ്റ്റർ ചടങ്ങുകൾക്കായി ആരോഗ്യം സുക്ഷിക്കുന്നതിനു വേണ്ടിയാണു പാപ്പ വിട്ടുനിന്നതെന്നു വത്തിക്കാൻ അറിയിച്ചു. മാർപാപ്പയായി ചുമതലയേറ്റശേഷം കഴിഞ്ഞ 11 വർഷങ്ങൾക്കിടെ ഇതാദ്യമായാണു ഫ്രാൻസിസ് പാപ്പ ചടങ്ങിൽ പങ്കെടുക്കാത്തത്. രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ശുശ്രൂഷകളിൽ കർദിനാൾമാർക്കും മെത്രാന്മാർക്കുമൊപ്പം മാർപാപ്പ പങ്കെടുത്തിരുന്നു.
87 വയസ്സുള്ള മാർപാപ്പ കഴിഞ്ഞ കുറെ മാസങ്ങളായി ബ്രോങ്കൈറ്റിസും തൊണ്ടവേദനയും മറ്റും മൂലം ബുദ്ധിമുട്ടുകയാണ്. ഓശാന ഞായർ ദിവസം സന്ദേശം നൽകുന്നതും ഒഴിവാക്കിയിരുന്നെങ്കിലും പെസഹ ദിനത്തിൽ ആരോഗ്യവാനായിട്ടാണു ശുശ്രൂഷകളിൽ പങ്കെടുത്തത്. റോമിലെ വനിതാ ജയിലിൽ കാൽകഴുകൽ ശുശ്രൂഷ നടത്തുകയും ചെയ്തു.
ഇന്ന് ഈസ്റ്റർ ദിനത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കുർബാന അർപ്പണത്തിനു ശേഷം സവിശേഷമായ ‘ഉർബി എത് ഓർബി’ (നഗരത്തോടും ലോകത്തോടും) അഭിസംബോധന മാർപാപ്പ നിർവഹിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. ലോകത്തിനു സമാധാനം നേരുന്ന ആശീർവാദം നേരിട്ടു കേൾക്കാൻ ലക്ഷക്കണക്കിനു വിശ്വാസികളാണു സെന്റ് പീറ്റേഴ്സ് ചത്വരത്തിലെത്തുക.