സുനിശ്ചിതം സുനിത

Mail This Article
ലിഫ്റ്റിൽ അൽപനേരം കുടുങ്ങിയാൽത്തന്നെ പരിഭ്രമിക്കുന്നവരാണു നമ്മിൽ മിക്കവരും. ഏകാന്തതയും ഇടുങ്ങിയ സ്ഥലത്തെ വീർപ്പുമുട്ടലും അരണ്ട വെളിച്ചവും എല്ലാം കലർന്ന ആ ദുരനുഭവത്തിന്റെകൂടെ കാലു നിലത്തു കുത്താൻ അനുവദിക്കാത്ത ശൂന്യഭൂഗുരുത്വവും രക്ഷപ്പെടുമെന്ന ഉറപ്പില്ലായ്മയും ചേർക്കുക: സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും രാജ്യാന്തര ബഹിരാകാശനിലയത്തിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയെപ്പറ്റി ഒരുപരിധി കടന്നു ചിന്തിക്കാൻ മനസ്സ് അനുവദിച്ചിരുന്നില്ല.
ഈ ദൗത്യത്തിനു മുൻപുതന്നെ നൂറുകണക്കിനു ദിവസങ്ങൾ ബഹിരാകാശത്തു ചെലവഴിച്ച അനുഭവമുള്ള സുനിത വില്യംസ് കാര്യങ്ങൾ കണ്ടിരുന്നത് സാധാരണക്കാരായ മനുഷ്യരെപ്പോലെ ആയിരിക്കില്ല. പോരാഞ്ഞ്, നാസയിൽ ചേരുന്നതിനു മുൻപ് അവർ ലോകത്തെ ഏറ്റവും അപകടകരമായ ജോലികളിലൊന്നായ യുദ്ധവിമാന ടെസ്റ്റ് പൈലറ്റ് ആയിരുന്നു എന്നുകൂടി ഓർക്കുക. ബഹിരാകാശനിലയത്തിലെ ജീവിതത്തിൽ അവർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി മനോബലം ഒരു കഴഞ്ചുപോലും ചോരാതെ സൂക്ഷിക്കുക എന്നതായിരിക്കാം.
സോവിയറ്റ് യൂണിയന്റെ തകർച്ചയെയും അതു കേരളത്തിലുണ്ടാക്കിയ മാറ്റൊലികളെയും കുറിച്ച് ബഹിരാകാശസഞ്ചാരികളായ മലയാളിയുടെയും റഷ്യക്കാരന്റെയും കാഴ്ചപ്പാടിൽ ഞാൻ എഴുതിയ കഥയാണ് 1992 ൽ പ്രസിദ്ധീകരിച്ച ‘നാലാം ലോകം’. അതിൽ ബഹിരാകാശപേടകത്തിലെ ജീവിതത്തെയും ദിനചര്യകളെയും കുറിച്ചുള്ള വിവരണം ഇല്ലെന്നുതന്നെ പറയാം. കഥ ഭൂമിയെപ്പറ്റിയായിരുന്നു; മാറുന്ന ഭൂമിശാസ്ത്രം മനുഷ്യരിൽ എൽപിക്കുന്ന ആഘാതത്തെക്കുറിച്ചായിരുന്നു. ഉപഗ്രഹം തൊടുത്തുവിട്ട സോവിയറ്റ് യൂണിയൻ ഇല്ലാതായപ്പോൾ റഷ്യക്കാരനെയും മലയാളിയെയും തിരിച്ചു സ്വീകരിക്കാൻ ഒരു രാജ്യം ഇല്ലാതായി. സുനിത വില്യംസിനു സംഭവിക്കാത്തത് അവർക്കു സംഭവിച്ചു: മനോബലം നഷ്ടമായി; അതോടെ ജീവിതവാഞ്ഛയും.
ഭൂമിയെപ്പറ്റി എഴുതാൻ തിരഞ്ഞെടുക്കാവുന്ന ഏറ്റവും പറ്റിയ സ്ഥലം ബഹിരാകാശംതന്നെയായിരിക്കണം. 2024 ൽ ബുക്കർ സമ്മാനം നേടിയ സമാന്ത ഹാർവിയുടെ നോവൽ ‘ഓർബിറ്റൽ’ അതാണു സൂചിപ്പിക്കുന്നത്. ബഹിരാകാശനിലയത്തിലെ 6 സഞ്ചാരികൾ ഭൂമിയെ 16 തവണ പ്രദക്ഷിണം വച്ച 24 മണിക്കൂറിലാണു നോവലിന്റെ ഇതിവൃത്തം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കാവ്യാത്മകമായ ഗദ്യത്തിലൂടെ സമാന്ത ഹാർവി പറഞ്ഞ കഥ ബഹിരാകാശത്തിന്റേതല്ല, മറിച്ച് ഭൂമിയുടേതാണ്. അനിശ്ചിതത്വത്തിന്റെ നാളുകളിലൂടെ കടന്നുപോകുമ്പോൾ തന്നെ മഥിച്ചിരുന്ന വിചാരം, ഭൂമിയിലെ പ്രിയപ്പെട്ടവർക്ക് തന്നെക്കുറിച്ചുള്ള ഉത്കണ്ഠയെക്കുറിച്ച് ഓർക്കുമ്പോഴാണെന്ന് സുനിത വില്യംസും പറയുകയുണ്ടായി.