സുനിതയുടെ ആകാശവീട്; 9 മാസം സുനിത വില്യംസ് താമസിച്ച രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ ഘടന ഇങ്ങനെ

Mail This Article
ബഹിരാകാശത്തെ ഏറ്റവും വലിയ മനുഷ്യനിർമിതിയാണ് രാജ്യാന്തര ബഹിരാകാശ നിലയം. ഭൂമിയിൽ നിന്നു 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ആകാശസൗധം യുഎസ്, റഷ്യ, ജപ്പാൻ, യൂറോപ്പ്, കാനഡ സ്പേസ് ഏജൻസികളുടെ സംയുക്ത സംരംഭമാണ്. പല ഭാഗങ്ങളായി നിർമിച്ച് ബഹിരാകാശത്തു കൊണ്ടുപോയി കൂട്ടിച്ചേർത്താണ് നിലയം പൂർത്തീകരിച്ചത്. ഒരു പതിറ്റാണ്ടിലേറെ സമയം കൊണ്ടാണിത് സാധിച്ചത്. 40 ബഹിരാകാശ ദൗത്യങ്ങൾ ഇതിനു വേണ്ടി വന്നു.
-
Also Read
സുനിശ്ചിതം സുനിത
6 മുറി വീട്
∙ 356 അടിയാണു ബഹിരാകാശ നിലയത്തിന്റെ നീളം. ഏകദേശം ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ വലുപ്പം.
∙ 4.19 ലക്ഷം കിലോഗ്രാമാണ് ഭാരം.
∙ ഒരു വലിയ 2 നില വീടിന്റെ വിസ്തീർണം.
∙ 7 മുറികൾ, 2 ശുചിമുറികൾ, ജിം, ബഹിരാകാശത്തിന്റെ 360 ഡിഗ്രി കാഴ്ച നൽകുന്ന കപ്പോള എന്ന ഭീമൻ കണ്ണാടി ജാലകം എന്നിവയുണ്ട്.
∙ 73 മീറ്റർ നീളമുള്ള സൗരോർജ പാനലുകൾ നിലയത്തിനു വേണ്ട ഊർജം ഉൽപാദിപ്പിക്കുന്നു.
2 ഭാഗങ്ങൾ
∙ 2 ഭാഗങ്ങളായി നിലയം വിഭജിച്ചിരിക്കുന്നു. റഷ്യയുടെ ഭാഗവും യുഎസിന്റെയും മറ്റു രാജ്യങ്ങളുടെയും ഭാഗവും.
∙ റഷ്യൻ ഭാഗത്താണ് നിലയത്തിന്റെ എൻജിനുകൾ, ഡോക്കിങ് കവാടങ്ങൾ, ജീവൻരക്ഷാ സംവിധാനങ്ങൾ എന്നിവയുള്ളത്.
∙ യുഎസ് ഭാഗം നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, ജപ്പാൻ സ്പേസ് ഏജൻസി, കാനഡ സ്പേസ് ഏജൻസി എന്നിവർ ചേർന്നു നിർമിച്ചത്.
∙ ഡെസ്റ്റിനി, കിബോ, കൊളംബസ് തുടങ്ങിയ ഗവേഷണ ഇടങ്ങളും താമസസ്ഥലങ്ങളും ഇവിടെ.
∙ 7 പേരാണ് നിലയത്തിൽ സാധാരണ താമസിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതലാളുകളെ ഉൾക്കൊള്ളും.

ഉറക്കം
∙ സ്ലീപ് കംപാർട്മെന്റുകൾ എന്ന ചെറിയ കിടക്കറകളുണ്ട്. ഒരു ഫോൺ ബൂത്തിന്റെ വലുപ്പമുള്ള ഈ അറകളിലാണ് യാത്രികർ ഉറങ്ങുക. ഭിത്തിയിൽ ചാരിനിന്നാണ് ഉറക്കം. ഗുരുത്വാകർഷണമില്ലാത്തതിനാൽ ഈ രീതി ആയാസമൊന്നും സൃഷ്ടിക്കില്ല.
∙ ഒരു സ്ലീപ്പിങ് ബാഗ്, തലയണ, ലാംപ്, എയർവെന്റ്, ലാപ്ടോപ്, സ്വകാര്യ സാമഗ്രികൾ എന്നിവ വയ്ക്കാനുള്ള സൗകര്യം ഈ അറയിലുണ്ട്.
∙ എയർ വെന്റിനു സമീപം തല വരുന്ന രീതിയിലാണ് ഉറങ്ങുന്നത്. ഇങ്ങനെ ഉറങ്ങിയില്ലെങ്കിൽ ഉച്ഛ്വാസ വായുവിലെ കാർബൺ ഡയോക്സൈഡ് പുറത്തുപോകാതെ കെട്ടിക്കിടന്നു മാരകമായേക്കും.
∙ ശബ്ദവും പ്രകാശവും ഒഴിവാക്കാൻ ഇയർ പ്ലഗുകളും സ്ലീപ് മാസ്കുകളും ഉറക്കസമയത്ത് ഉപയോഗിക്കും.
∙ 8.5 മണിക്കൂർ ഉറങ്ങണമെന്നാണു നിർദേശം.
ഭക്ഷണം
∙ ഗാലി എന്ന സ്ഥലത്താണു ഭക്ഷണം തയാറാക്കുക. ചൂടുവെള്ളം കിട്ടുന്ന പൈപ്പ്, ഭക്ഷണം ചൂടാക്കാനുള്ള സംവിധാനം എന്നിവ ഗാലിയിലുണ്ട്.
∙ 3 മാസം കൂടുമ്പോഴാണു നിലയത്തിൽ ഭക്ഷണം എത്തുന്നത്. ഓരോ യാത്രികന്റെയും രുചിക്കും താൽപര്യത്തിനും പോഷണ ആവശ്യത്തിനും അനുസൃതമായ ഭക്ഷണമാണ് നൽകുക. പുറപ്പെടുന്നതിന് 5 മാസം മുൻപ് യാത്രികർ മെനു നൽകണം.
∙ മാംസം, മുട്ട തുടങ്ങിയവ ഭൂമിയിൽ പാകം ചെയ്താണ് നിലയത്തിൽ എത്തിക്കുക. പിന്നീട് ചൂടാക്കി ഉപയോഗിക്കും.
∙ കറികൾ, സൂപ്പുകൾ, സ്റ്റൂ തുടങ്ങിയ വിഭവങ്ങൾ ഉണക്കി പൊടിയാക്കി എത്തിക്കാറുണ്ട്. ഇവ വെള്ളം ചേർത്ത് കഴിക്കാൻ പാകത്തിലാക്കും.
∙ മദ്യം, പുകവലി, മറ്റു ലഹരിവസ്തുക്കൾ എന്നിവ പാടില്ല.
∙ ദിവസവും 1.2 കിലോ ഭക്ഷണം ഓരോരുത്തരും കഴിക്കും. 3 തവണ പ്രധാന ഭക്ഷണം, അല്ലാത്തപ്പോൾ ലഘുഭക്ഷണം. യാത്രികർക്ക് ഭൂമിയിലെ മനുഷ്യരെ അപേക്ഷിച്ച് കൂടുതൽ ഊർജം വേണം.
∙ നിലയത്തിൽ കൃഷി ചെയ്ത തക്കാളി, ലെറ്റ്യൂസ്, പച്ചമുളക് തുടങ്ങിയവയും ഭക്ഷണത്തിൽ ഉപയോഗിക്കും.