സ്പേസ് ജീവിതം ‘വെളിപ്പെടുത്തി’ കൊറിയൻ സീരീസ്

Mail This Article
സ്പേസ് സ്റ്റേഷനിൽ ബഹിരാകാശ യാത്രികർ കഴിയുന്നതെങ്ങനെയാകും? കൊറിയൻ ഡ്രാമ പ്രേമികൾക്ക് ഇതേപ്പറ്റി സംശയമേ കാണില്ല. ഡോക്കിങ്ങും അൺഡോക്കിങും തുടങ്ങി ബഹിരാകാശ യാത്രികർ സ്പേസ്‌വോക്കിനു മുൻപായി നടത്തേണ്ട ഡീകംപ്രഷൻ വരെ കാണാപ്പാഠമാണ് അവർക്ക്. 325 കോടി രൂപയ്ക്കു തുല്യമായ തുക ചെലവിട്ട് ഒരുക്കിയ ‘വെൻ ദ് സ്റ്റാർസ് ഗോസിപ്പ്’ എന്ന കെ–ഡ്രാമയാണ് ബഹിരാകാശ ജീവിതത്തിന്റെ കാഴ്ചകളുമായി പ്രേക്ഷകരെ കയ്യിലെടുത്തത്. കൊറിയയുടെ ഒരേയൊരു ബഹിരാകാശ യാത്രികയായ ഡോ. യി സോയോൻ ആണ് സീരീസിനു പ്രേരണയായത്.
-
Also Read
സുനിതയുടെ പരിശീലനം 3 ഘട്ടങ്ങളിലായി
രാജ്യാന്തരനിലയത്തിൽ കുടുങ്ങിപ്പോകുന്ന സ്പേസ് ക്രൂ ക്യാപ്റ്റനായ കിം ഈവിന്റെയും (നടി: ഗോങ് ഹ്യോജിൻ) സ്പേസ് ടൂറിസ്റ്റ് റയോങിന്റെയും (നടൻ: ലീമിൻഹോ) സീറോ ഗ്രാവിറ്റിയിലെ അതിജീവനവും പ്രണയവും പ്രമേയമാക്കിയ നെറ്റ്‌ഫ്ലിക്സ് സീരീസ് റിലീസ് ചെയ്തത് ജനുവരിയിലാണ്.
കൊറിയൻ–അമേരിക്കൻ വനിതയായ ഈവ് നയിക്കുന്ന കൊറിയൻ സ്പേസ് മിഷൻ സംഘത്തിനൊപ്പം പോകുന്ന ഗൈനക്കോളജിസ്റ്റ് കൂടിയായ നായകന് അതീവരഹസ്യമായ ഒരു മിഷൻ നടപ്പാക്കുകയാണ് ലക്ഷ്യം. നാട്ടിലെ വൻ ബിസിനസ് സാമ്രാജ്യത്തിനുടമയ്ക്ക് ഒരു അനന്തരാവകാശി വേണം. ബഹിരാകാശനിലയത്തിലെ പ്രത്യേകസാഹചര്യത്തിൽ കൃത്രിമബീജസങ്കലനം നടത്താനായി അദ്ദേഹത്തിന്റെ അകാലത്തിൽ മരിച്ച മകന്റെ ഭാര്യയുടെ അണ്ഡവുമായി എത്തുകയാണയാൾ.
സ്പേസ് ക്രൂവിന്റെ കർശനക്കാരിയായ ക്യാപ്റ്റന്റെ കണ്ണിൽപെടാതെ എങ്ങനെ കൃത്രിമബീജസങ്കലനം നടത്തും, സ്പേസിലെ റേഡിയേഷനും മറ്റും തരണം ചെയ്ത് ഭ്രൂണം എങ്ങനെ സംരക്ഷിക്കും തുടങ്ങിയവ ഉദ്വേഗം ജനിപ്പിക്കും. സ്ലീപ് കംപാർട്മെന്റ്, യാത്രികരുടെ ആരോഗ്യം, മസിൽ മാസ് നിലനിർത്താൻ ട്രെഡ്മിൽ വർക്ക് ഔട്ട് ഇവയൊക്കെ കെഡ്രാമയിലുണ്ട്.
രാജ്യാന്തരനിലയം വിട്ട് ക്രൂ ഭൂമിയിലേക്ക് വരുന്നതും അവരെ വഹിക്കുന്ന മൊഡ്യൂൾ അൺഡോക്ക് ചെയ്യുന്നതും സമുദ്രത്തിൽ വീഴുന്നതും കരയിലേക്ക് വലിച്ചുകൊണ്ടു പോകുന്നതുമെല്ലാം ചിത്രീകരിച്ചിരിക്കുന്നു. കുഞ്ഞിന്റെ പിറവിയും വളർച്ചയും കൂടി ഉൾപ്പെടുത്തിയ റൊമാന്റിക് കോമഡി – സയൻസ് ഫിക്‌ഷനാണിത്.