വൈദ്യുതി പ്രശ്നം പരിഹരിച്ചു; ഹീത്രോ പ്രവർത്തനം പുനരാരംഭിച്ചു

Mail This Article
ലണ്ടൻ ∙ സബ്സ്റ്റേഷനിൽ തീപിടിത്തത്തെ തുടർന്ന് വെള്ളിയാഴ്ച 18 മണിക്കൂർ നിശ്ചലമായ ഹീത്രോ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. ഇന്നലെ വിമാന സർവീസുകൾ സുഗമമായി നടന്നു. എങ്കിലും സർവീസുകൾ പഴയനിലയിലാകാൻ കുറച്ചു ദിവസങ്ങളെടുക്കുമെന്ന് ഹീത്രോ അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച രാത്രി 11നാണ് സബ്സ്റ്റേഷനിൽ തീപിടിത്തമുണ്ടായതിനെത്തുടർന്ന് ഹീത്രോയിലെ വൈദ്യുതി നിലച്ചത്. ബാക്ക് അപ് സംവിധാനം പര്യാപ്തമല്ലാതിരുന്നതിനാൽ വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണമായി നിലച്ചു. ഈ സമയം 120 വിമാനങ്ങൾ ഇവിടേക്കുള്ള യാത്രയിലായിരുന്നു. ഇവ മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. ആകെ 1300ൽ ഏറെ വിമാന സർവീസുകൾ മുടങ്ങി. ലക്ഷക്കണക്കിനു യാത്രക്കാർ ബുദ്ധിമുട്ടിലായി.
തീവ്രശ്രമത്തെത്തുടർന്ന് 7 മണിക്കൂർ കൊണ്ട് തീയണയ്ക്കാനായെങ്കിലും 18 മണിക്കൂറിനു ശേഷമാണ് ആദ്യ വിമാനം ഇറങ്ങിയത്.
ഇവിടെ നിന്ന് ഏറ്റവും കൂടുതൽ വിമാന സർവീസ് നടത്തുന്നത് ബ്രിട്ടിഷ് എയർവേയ്സ് ഇന്നലെ 85% സർവീസുകളും നടത്തി. എയർ ഇന്ത്യ ഉൾപ്പെടെ മിക്ക വിമാനക്കമ്പനികളും ഇന്ത്യയിൽ നിന്ന് ഇന്നലെ പതിവു സർവീസുകൾ നടത്തി. സബ്സ്റ്റേഷനിലെ തീപിടിത്തത്തിന്റെ കാരണം വിവിധ ഏജൻസികൾ അന്വേഷിക്കുന്നു. കഴിഞ്ഞ വർഷം ഹീത്രോവിലെ യാത്രക്കാരുടെ എണ്ണം 8.39 കോടിയായിരുന്നു.