ADVERTISEMENT

ചില കാര്യങ്ങളുടെ തുടക്കത്തിന് അങ്ങനെ കൃത്യമായ ഒരു ദിവസമോ സമയമോ ഒന്നുമുണ്ടാവില്ല. മുഖക്കുരു പ്രത്യക്ഷപ്പെടുന്നത്, കുയിൽപ്പാട്ടു കേൾക്കാൻ തുടങ്ങുന്നത്, പഴയ പേപ്പറും കുപ്പിയും എടുക്കാനുണ്ടോ എന്നു വിളിച്ചു ചോദിച്ച് ഉച്ചസമയത്ത് വീടിനു മുന്നിലൂടെ പുറംനാട്ടുകാർ‍ പോകുന്നത്, അമ്മയ്ക്ക് തലവേദന വരുന്നത്... ഇതൊക്കെ കൃത്യമായി എന്നു സംഭവിക്കുമെന്നു പറയാൻ കഴിയില്ല. ചിലപ്പോൾ പെട്ടെന്നങ്ങു സംഭവിക്കും. അങ്ങനെയൊരു ദിവസമാണ് ശാലിനി ആശിഷിനോടു മിണ്ടിത്തുടങ്ങിയത്.

കോട്ടയം– പള്ളിക്കത്തോട് റൂട്ടിലെ സെന്റ് സെബാസ്റ്റ്യൻസ് ബസിലെ യാത്രക്കാരാണ് രണ്ടു പേരും. പഠിക്കുന്നത് ഒരേ കോളജിൽ. ബസിന്റെ ആദ്യത്തെ സ്റ്റോപ്പിൽ നിന്നു തന്നെ ശാലിനി കയറും. ആശിഷ് കുറെക്കഴിഞ്ഞുള്ള അമ്പലം സ്റ്റോപ്പിൽ നിന്നാണ് കയറുന്നത്. അവിടെയെത്തുമ്പോഴേക്കും ബസ് നിറഞ്ഞു കഴിയും. പലപ്പോഴും ഫുട്ബോർഡിൽ നിന്നാണ് അതോടെ ആളുകളുടെ യാത്ര.

അങ്ങനെ ഫുട്ബോർഡിൽ നിന്നു യാത്ര ചെയ്യുന്നതിനിടെ ഒരു ദിവസം ആശിഷിന്റെ കൈയിൽ നിന്ന് പുസ്തകങ്ങളും ബുക്കും തെന്നിച്ചിതറിപ്പോയി.

ഹാർപർ കൊളിൻസ് പ്രസിദ്ധീകരിച്ച ഒഥല്ലോ വിത് ക്രിട്ടിക്കൽ അനാലിസിസ്, ഇംഗ്ളീഷ് ഹിസ്റ്ററി ആൻഡ് സിവിക്സ്, പിന്നെ ഒറ്റ വരയിട്ട രണ്ടു നോട്ട് ബുക്കുകൾ എന്നിവ റോഡിലേക്കു തെറിച്ചു വീണു. ഹാർപർ കൊളിൻസ്, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഇവരൊക്കെ പ്രസിദ്ധീകരിക്കുന്ന ഷേക്സ്പിയർ പുസ്തകങ്ങൾക്ക് മീനിന്റെ ചെതുമ്പൽ പോലെയുള്ള പുറംചട്ടയാണ്. കണ്ണു തെറ്റിയാൽ കൈയിൽ നിന്നു വഴുതിപ്പോകും. നമ്മുടെ നാട്ടിൽ പ്രസിദ്ധീകരിക്കുന്ന ഗൈഡുകളുടെയോ നോട്ടുബുക്കുകളുടെയോ വലുപ്പവുമില്ല. കുസൃതിയുള്ള കൊച്ചുകുട്ടികൾ മുതിർന്നവരുടെ കാലിന്റെ അടിയിലൂടെ ഊളിയിട്ടു പോകുന്നതുപോലെ വലിയ പുസ്തകങ്ങളുടെ ഇടയിൽ നിന്ന് ഊർന്നു താഴെച്ചാടും.

അങ്ങനെ ബുക്കുകൾ ചിതറിപ്പോയ ഒരു ദിവസമാണ് അവൾ പറഞ്ഞത്... ഇങ്ങു തന്നോളൂ, ഞാൻ പിടിക്കാം. ശാലിനി പ്രൈവറ്റ് ബസിന്റെ മുന്നിലെ വാതിലിന്റെ തൊട്ടടുത്തുള്ള സീറ്റിലാണ് ഇരുന്നത്. ആശിഷാകട്ടെ ബസിലെ തിരക്കു മൂലം വാതിലിൽ തൂങ്ങി നിന്നു യാത്ര ചെയ്യുകയായിരുന്നു.

പിറ്റേന്നും അവൻ പതിവുപോലെ ബസിൽ കയറിയ ഉടനെ കിളി നി‍ൽക്കുന്നതിനു മുകളിലേക്ക് നോക്കി. ശാലിനി അവിടെ ഇരിപ്പുണ്ട്. അവന്റെ നോട്ടത്തിന്റെ അർഥം അവൾക്കു മനസ്സിലായി. അവൾ കൈനീട്ടി. അവൻ പുസ്തകങ്ങൾ കൈമാറി. അന്ന് അവന്റെ കൈയിൽ രണ്ടു മൂന്നു ടെക്സ്റ്റ് ബുക്കുകൾ കൂടുതലുണ്ടായിരുന്നു.  നല്ല കനമുണ്ടായിരുന്നു. അവളുടെ മെല്ലിച്ചു നീണ്ട കൈകളിൽ നീല നിറത്തിൽ ഞരമ്പു തെളിഞ്ഞു ! അത് അവൻ ശ്രദ്ധിച്ചു.

ഭാരംതാങ്ങാനരുതാതെ നീർമണി വീണുടഞ്ഞു, വീണുടഞ്ഞു എന്ന ചലച്ചിത്ര ഗാനം അവന് ഓർമ വന്നു. പ്രൈവറ്റ് ബസിന്റെ ഡ്രൈവർ അജി പക്ഷേ കണ്ണീർപ്പൂവിന്റെ കവിളിൽത്തലോടി, ആരോടും മിണ്ടാതെ മിഴികളിൽ‍ നോക്കാതെ എന്നീ പാട്ടുകളൊക്കെയാണ് വച്ചത്. 

പിന്നെയതൊരു പതിവായി. പുസ്തകങ്ങളും ബുക്കും സ്റ്റോപ്പിൽ വച്ചേ അവൾ വാങ്ങും. കോളജിന്റെ സ്റ്റോപ്പിൽ ബസ് നിർത്തുംമുമ്പ് അവൻ തിരിച്ചു വാങ്ങും. 

ചില കാര്യങ്ങൾ അങ്ങനെയാണ്. വള്ളിച്ചെടികളെ മരങ്ങളിലേക്ക് പടരാൻ അനുവദിക്കുക, പൂച്ചക്കുട്ടികളെ സ്വീകരണ മുറിയിലെ സോഫായിൽ കിടക്കാൻ അനുവദിക്കുക, ഓട്ടോറിക്ഷകൾ‍ക്ക് മതിലിനരികിൽ പാർക്ക് ചെയ്യാൻ സ്ഥലം കൊടുക്കുക, എന്നും രാവിലെ കൂട്ടുകാർക്ക് വാട്സാപ്പിൽ ഗുഡ്മോണിങ് അയയ്ക്കുക... ഇതൊക്കെ ഒരിക്കൽ ആരംഭിച്ചാൽ പിന്നെ അവിടത്തെന്നെ സ്ഥിരമാകും.    

സ്റ്റോപ്പിലിറങ്ങിയാൽ ശാലിനി സാധാരണ കൂട്ടുകാരികൾക്കൊപ്പം നടന്നു പോകുകയാണ് പതിവ്. മഞ്ജിമ, ആരതി, വിക്കി, ഫിദ ഫാത്തിമ, ജിക്കി ഇങ്ങനെ കുറെ കൂട്ടുകാരികളുണ്ട് അവൾക്ക്. ഒരു ദിവസം അവരെയൊക്കെ വിട്ടിട്ട് അവൾ ആശിഷ് വരാൻ വേണ്ടി കാത്തു നിന്നു. 

ഒരുമിച്ചു നടന്നുപോകുമ്പോൾ അവൾ ചോദിച്ചു...

തന്റെ ചോറുപൊതിക്കു നല്ല ചൂടുണ്ടല്ലോ. എന്താണ് ഇതിൽ?

മുട്ടപൊരിച്ചത്, ചോറ്, ചമ്മന്തി.

ആഹാ, കൊള്ളാമല്ലോ. തന്റെ അമ്മ നല്ല കുക്കാണോ?

അല്ല. പക്ഷേ, നാലു കൂട്ടം സാധനങ്ങൾ അമ്മ നന്നായിട്ടുണ്ടാക്കും. നാലും അടിപൊളിയാണ്.

എന്തൊക്കെയാണ് ?

മീൻ പച്ചമാങ്ങാക്കറി, തേങ്ങാപ്പത്തല്, നാലുമുഴം പയർ മെഴുക്കുവരട്ടി, പിന്നെ വഴക്ക്.

അവൾ പോപ്കോൺ വിരിയുന്നതുപോലെ പൊട്ടിച്ചിരിച്ചു....

താൻ നന്നായി സംസാരിക്കും. നല്ല രസമുണ്ട്.  തന്റെ അമ്മ മുട്ടപൊരിക്കുമ്പോൾ തേങ്ങാ ഇടുമോ?

ഇല്ല. വഴക്കുള്ളപ്പോഴാണെങ്കിൽ പച്ചമുളക് ധാരാളമായി അരിഞ്ഞിടും. എത്ര പിടിച്ചു വച്ചാലും കണ്ണുനിറയും. 

മുട്ട ഓംലെറ്റിൽ തേങ്ങാ ഇടാ‍ൻ പറയണം. നല്ല പൊലിമ തോന്നും.

അപ്പോൾ ആവശ്യമില്ലാത്ത മധുരം വരും. ചില കാര്യങ്ങൾക്ക് മധുരം ചേർത്താൽ ശരിയാവില്ല.  

അതെന്തു കാര്യങ്ങൾക്കാടോ?

മുട്ട, മീൻ, മരണം, മുലപ്പാൽ! 

താ‍ൻ കൊണ്ടു വരുന്ന മുട്ട നമ്മൾക്ക് ഷെയർ ചെയ്യാൻ പറ്റുമോ?

ഇത് ഡബിൾ ഓംലെറ്റാണ്. ഇനി ട്രിപ്പിൾ ഓംലെറ്റ് ഉണ്ടാക്കാൻ പറയാം.

ട്രിപ്പിൾ ഓംലെറ്റ്. കേൾക്കാൻ തന്നെ ഒരു ഭംഗിയില്ല. ഡബിൾ മതി. ഷെയർ ചെയ്താൽ മതി.

ഡീൽ !

പിറ്റേന്ന് അവൻ ഓംലെറ്റുമായിട്ടാണ് വന്നത്. പാതി അവൾക്കു കൊടുക്കുകയും ചെയ്തു.  

ആശിഷ് ചോദിച്ചു... എന്റെ അമ്മയുണ്ടാക്കിയ ഓംലെറ്റ് തനിക്ക് ഇഷ്ടപ്പെട്ടോ?

ഇഷ്ടപ്പെട്ടു. പക്ഷേ അതു പറയാ‍ൻ ഇഷ്ടമില്ല. കാരണം എനിക്ക് അമ്മയില്ല.

അവൻ ഞെട്ടുന്നതു കണ്ട് അവൾ പറഞ്ഞു... താൻ ഞെട്ടണ്ട, എന്റമ്മ ന്യൂസീലാൻഡിലാ. നഴ്സാ.

അതുകേട്ട പാടെ, നീ ഭയങ്കര കുസൃതിക്കാരിയാ എന്നു പറഞ്ഞ് അവളുടെ കൈയിൽ അവനൊരുമ്മ കൊടുത്തു. അന്നേരം അവർ രണ്ടാളും കോളജിലെ ലൈബ്രറിയിലായിരുന്നു. അങ്ങനെ ചെയ്യേണ്ടായിരുന്നു എന്ന് പിന്നെ അവനു തോന്നി. അവൾക്ക് എന്തു തോന്നിക്കാണുമോ ആവോ? മറുത്തൊന്നും പറഞ്ഞില്ലെന്നു വച്ച് പെൺകുട്ടികൾ ഇഷ്ടപ്പെടുന്നുണ്ട് എന്നു കരുതരുത്. അത് അവനു നന്നായിട്ടറിയാം.

പിറ്റേന്ന് പുസ്തകങ്ങൾ തിരിച്ചു കൊടുക്കുമ്പോൾ ആശിഷിന്റെ പുസ്തകത്തിനുള്ളിൽ ശാലിനി ഒരു ഫോട്ടോ വച്ചു. കാണാൻ നല്ല ഭംഗിയുള്ള ഒരു യുവതിയുടെ ഫോട്ടോ. അവരെ കണ്ടാൽ നഴ്സറി സ്കൂളിൽ പഠിപ്പിച്ച ആൻസി ടീച്ചറെപ്പോലെ തോന്നും. ശാലിനിയുടെ അമ്മയായിരുന്നു അത്. 

എന്തിനാണ് അമ്മയുടെ ഫോട്ടോ തന്നതെന്നു ചോദിച്ചപ്പോൾ അവൾ പറഞ്ഞു.... എന്റെ അമ്മയ്ക്കു തന്നെ കാണാൻ! താൻ ആ ഫോട്ടോ ഡീറ്റെയ്ൽഡായി നോക്കും എന്ന് എനിക്കറിയാം. അപ്പോൾ എന്റമ്മ തന്നെയും ഡിറ്റെയ്ൽഡായി കണ്ടോളും.

എന്തിനാ അങ്ങനെ കാണുന്നത്?

തന്നെപ്പറ്റി ഞാൻ കുറെ കുറ്റം പറയുമ്പോൾ അമ്മയ്ക്ക് മുഖം കൃത്യമായി ഓർമിക്കാൻ!

അമ്മയുടെ പേരെന്താണ്?

ഏഞ്ചൽ.

നല്ല പേര്!

അവൾ പറഞ്ഞു... ചീത്തപ്പേര്. അതൊരു പ്രൈവറ്റ് ബസിന്റെ പേരു പോലെ തോന്നും. എനിക്കിഷ്ടം നന്ദിനി ഓപ്പോൾ എന്ന പേരാണ്. 

അടുത്ത ദിവസം ആശിഷ് നോക്കിയെങ്കിലും ശാലിനിയെ അതേ സീറ്റിൽ കണ്ടില്ല. അതേ സമയം ബസിൽ അവൾ ഉണ്ടായിരുന്നു താനും.

ഇറങ്ങി നടക്കുമ്പോൾ അവൾ പറഞ്ഞു.... ഒമ്പതു മാസം പ്രെഗ്നന്റായ ഒരു സ്ത്രീക്കു ഞാൻ സീറ്റു വിട്ടുകൊടുത്തു. അവർ എന്നോടു പറയുവാ. ഇതേ കണ്ടിഷൻ വരുമ്പോൾ എനിക്കും സീറ്റ് കിട്ടുമെന്ന്.

അപ്പോൾ താനെന്തു പറഞ്ഞു?

ആ സമയത്ത് ഞാ‍ൻ കാറിലേ യാത്ര ചെയ്യൂ. കാറില്ലെങ്കിൽ പ്രഗ്നന്റാവില്ലെന്നും പറഞ്ഞു. 

അവൻ പൊട്ടിച്ചിരിച്ചു. അവൾ വീണ്ടും ചോദിച്ചു... താൻ എന്തിനാ ഇത്രയും കൂടുതൽ പുസ്തകങ്ങൾ കൊണ്ടുവരുന്നത്? സാധാരണ ബോയ്സ് ഇത്രയും പുസ്തകങ്ങളൊന്നും കൊണ്ടുവരാറില്ലല്ലോ.

കൂടുതൽ പുസ്തകങ്ങൾ ഉണ്ടെങ്കിൽ തന്റെ കൈയിലെ നീല ഞരമ്പുകൾ തെളിയും. അന്നേരം അതിനൊപ്പിച്ച് ബോൾ പോയിന്റ് പേന കൊണ്ടു എനിക്കു വരയ്ക്കാൻ തോന്നും.

നല്ല തോന്നൽ ! ഒരു തവണ ട്രൈ ചെയ്തോളൂ. 

വീട്ടിൽച്ചെല്ലുമ്പോൾ തന്റെ ചേട്ടൻ കണ്ടാലോ?

സുസ്മിത വരച്ചതാണെന്നു പറയാം.

ആരാ സുസ്മിത?

എന്റെ ക്ളോസ് ഫ്രണ്ട്.  സുസ്മിത നിറച്ചാർത്ത് എന്നാണ് അവളുടെ പേര്.  ഇത്തവണത്തെ കോളജ് മാഗസിനിൽ ക്യാംപസ് സ്കെച്ചസ് എന്ന പേരിൽ അവൾ കുറെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. എന്റെ ഡ്രസിലും അവൾ വരയ്ക്കാറുണ്ട്. ആരും തിരിച്ചറിയില്ല. ഞാൻ‍ പോലും തിരിച്ചറിയില്ല. 

ഞാൻ തിരിച്ചറിയും. എനിക്കു തിരിച്ചറിയാ‍ൻ പറ്റും.

ഒരു ദിവസം ഉച്ചകഴിഞ്ഞ് ലൈബ്രറിയുടെ അപ്പുറത്തുള്ള ചാപ്പലിന്റെ പടവിൽ അടുത്തിരിക്കുമ്പോൾ അവളുടെ ഫ്രോക്കിലെ പൂക്കളുടെ ഡിസൈൻ എണ്ണിയിട്ട് അവൻ പറ‍ഞ്ഞു... അഞ്ചു പൂക്കൾ. ഈ പൂക്കളെല്ലാം സുസ്മിത വരച്ചതാണോ? 

അവൾ ആറാമത്തെ പൂവായി ചിരിച്ചു... ഏയ് ഇല്ല. തനിക്കു തെറ്റി. അവൾ വരച്ചത് നാലെണ്ണമേയുള്ളൂ. അഞ്ചാമത്തേത് അൽപം മുമ്പ് ഇലഞ്ഞിയിൽ നിന്നു വീണതാ.

അവൾ പാവാട മെല്ലെക്കുടഞ്ഞു. അഞ്ചാമത്തെ ഇലഞ്ഞിപ്പൂ അൽപം സ്ഥലംമാറിയിരുന്നു !

ചില നല്ല നിമിഷങ്ങളിൽ യാഥാർഥ്യവും ഭാവനയും തമ്മിലുള്ള അതിർവരമ്പില്ലാതാവുന്നത് ഓർത്ത് അവൻ വിസ്മയിച്ചു. 

മാർച്ചായാതോടെ കോളജ് കാന്റീനിലെ മെനുവിൽ മുട്ടപ്പഫ്സ് വന്നു. അത് കഴിക്കാൻ കുട്ടികൾ തിരക്കു കൂട്ടി.  കൂടിനു ചുറ്റും കോഴി ചെറിയ ചെറിയ തൂവൽ കൊഴിച്ചിടുന്നതുപോലെ മുട്ടപ്പഫ്സ് കഴിച്ചവരെല്ലാം പ്ളേറ്റിനു ചുറ്റും പഫ്സിന്റെ ഇതളുകൾ കൊഴിച്ചിട്ടു. 

ശാലിനി പറ‍ഞ്ഞു... വൃത്തിയായി മുട്ടപ്പഫ്സ് കഴിക്കുന്നയാളെ എനിക്ക് സഹിക്കാൻ പറ്റില്ല. കാരണം അയാൾ ഭയങ്കര ഡിസിപ്ളിൻഡ് ആയിരിക്കും.

ഭയങ്കര ഡിസിപ്ളിൻഡ് ആയാൽ എന്താ കുഴപ്പം?

സ്വർണക്കടയിലെ അലമാരിയിൽ വയ്ക്കുന്നതുപോലെ നമ്മളെ അവർ അലങ്കരിച്ചു ഡിസ്പ്ളേ ചെയ്തു വയ്ക്കും. അലങ്കാര വസ്തുവായാൽപ്പിന്നെ അലങ്കോലമായി ജീവിക്കാനേ പറ്റില്ല. 

ഞാൻ ഒട്ടുമേ ഡിസിപ്ളിൻഡ് അല്ല.

അങ്ങനെയുള്ളവരെയും എനിക്ക് ഇഷ്ടമല്ല.

അവൻ ചമ്മി. 

കോളജ് അടയ്ക്കുന്ന  മാസമായതോടെ ക്യാംപസിലെ വഴികളിലൂടെ കുട്ടികൾ കൂട്ടംചേർന്നു നടന്നു. ഇലഞ്ഞിയും പിച്ചിയും മുല്ലയും ചെമ്പകവും പൂക്കുന്ന മാസമായിരുന്നു.  ക്യാംപസ് മുറ്റം നിറയെ പൂക്കളും ഇലകളും വീണുകിടക്കും.  തൂത്തുവാരാൻ വരുന്ന മേരിച്ചേച്ചിയും വൽസലച്ചേച്ചിയും നല്ലതും ചീത്തയും തിരിച്ചറിയാ‍ൻ പറ്റാത്തവരെപ്പോലെ പൂക്കളും കരിയിലകളും ഒരേ ചൂലുകൊണ്ട് തൂത്തെറിഞ്ഞു കളയുമായിരുന്നു.

പ്രിൻസിപ്പൽ ഫാ. ബാസ്റ്റിൻ വഞ്ചിപ്പുരയ്ക്കൽ അതു സമ്മതിക്കില്ല... പൂക്കൾ അവിടെ കിടക്കട്ടേ ചേടത്തീ, കരിയിലകൾ അങ്ങോട്ടു പോട്ടെ ചേടത്തീ എന്നു പറയും. 

അച്ചൻ കേൾക്കാതെ രണ്ടു ചേച്ചിമാരും പ്രാകും !

ക്യാംപസിൽ പൂക്കൾ വീണു കിടക്കുന്നത് അച്ചന് ഇഷ്ടമാണ്. കുട്ടികൾ യൗവനത്തിലല്ലേ, പൂവിരിച്ച വഴികളിലൂടെ നടക്കട്ടെ, അവരുടെ കാൽപ്പാദങ്ങൾക്ക് പൂക്കളുടെ സുഗന്ധമുണ്ടാവട്ടെ എന്നായിരുന്നു അച്ചന്റെ തിയറി.  അച്ചൻ നന്നായി  മൗത്ത് ഓർഗൻ വായിക്കുകയും പാടുകയും ചെയ്യും. 

ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളേ, 

ഉന്മാദത്തേനലകൾ ചുണ്ടിലണിഞ്ഞവളേ

ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ അരിമുല്ലപ്പൂവിരിഞ്ഞു

മാമാങ്കം പലകുറി കൊണ്ടാടീ

ഏനുണ്ടോടീ അമ്പിളിച്ചന്തം തുടങ്ങിയ കോംപ്ളിക്കേറ്റഡ് പാട്ടുകൾ അദ്ദേഹം മൗത്ത് ഓർഗനിൽ ഫ്ളുവന്റായി വായിക്കും. പാട്ട് പാതിയിൽ നിർത്തിയിട്ട് ഓഡിയൻസിനോടു പറയും, ബാക്കി പാടൂ.

എല്ലാവരും പാടും.

ആശിഷ് പറഞ്ഞു... കോളജ് അടച്ചു കഴിഞ്ഞ് ഇവിടെ വരണം.  അപ്പോൾ മേരിച്ചേച്ചിയും വൽസലച്ചേച്ചിയും അവധിയായിരിക്കും. ക്യാംപസിൽ നല്ല കനത്തിൽ പൂക്കൾ വീണു കിടക്കും. അതിരാവിലെ പൂക്കളിൽ മഞ്ഞുവീഴും. അവയുടെ മുകളിലൂടെ ചെരിപ്പിടാതെ ഒരുപാടു ദൂരം നടക്കണം. പൂക്കളിൽ ചവിട്ടിച്ചവിട്ടി നടക്കുമ്പോൾ പ്രിൻസിപ്പലച്ചൻ പറഞ്ഞതുപോലെ തന്റെ കാലുകളിൽ ഇലഞ്ഞിപ്പൂക്കളുടെ മണമുണ്ടാകും.  എന്നിട്ട് കോളജ് ഗ്രൗണ്ടിന്റെ ചുറ്റുമുള്ള ഓപ്പൺ ഗ്യാലറിയിൽ താൻ രണ്ടു സ്റ്റെപ്പ് മുകളിലിരിക്കണം. ഞാൻ രണ്ടു സ്റ്റെപ്പ് താഴെയിരിക്കാം. ഇലഞ്ഞിപ്പൂ മണക്കുന്ന കാലുകൾക്കരികെ !

അവൾ ചിരിച്ചു... കോളജടച്ചാൽ ഞാൻ ഫ്രീയല്ല. എന്റെ അമ്മയുടെ കാലു പിടിക്കാൻ തനിക്ക് അവസരം തരാം !  കോഴ്സ് തീർന്നാൽ ഞാൻ ന്യൂസീലാൻഡിലേക്കു ജോലിക്കു പോകും. അമ്മ നാട്ടിലേക്കു വരും ! സ്കൂളിൽ പാസിങ് ദ് ബക്ക് എന്നൊരു കളിയില്ലേ, അതുപോലെയാണ് ചിലപ്പോൾ ജീവിതം ! ഞാൻ ജോലിക്കു പോയാലേ അമ്മയ്ക്കു നാട്ടിലേക്കു തിരിച്ചു വരാൻ പറ്റൂ. 

ചില നിമിഷങ്ങളിൽ യാഥാർഥ്യവും ഭാവനയും തമ്മിലുള്ള അകലം വലുതാവുന്നത് അവൻ ആദ്യമായി കണ്ടു. അവൾ പോകുന്നത് ഓർക്കെ അവനു സങ്കടം വന്നു. 

അവൾ കൈനീട്ടി. നീലഞരമ്പുകൾ തെളിയാറുള്ള കൈവഴികളിൽ അവൻ ചുണ്ടു ചേർത്തു !

ശാലിനി ചോദിച്ചു... തനിക്ക് എന്തു സ്മെൽ കിട്ടി?

അവൻ പറഞ്ഞു...  വിയർപ്പിന്റെ ശാലീന മണം !

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com