ADVERTISEMENT

തുരുമ്പെടുക്കുകയോ കറ പിടിക്കുകയോ ചെയ്യാത്ത സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങള്‍ അടുക്കളകളിലെ താരമാണ്. ഇരുമ്പ്, കാർബൺ എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ പാത്രങ്ങളുടെ പ്രധാന പ്രത്യേകത അവയുടെ ക്രോമിയം, നിക്കൽ അലോയിംഗ് ആണ്. ക്രോമിയം സ്റ്റെയിന്‍ലെസ് സ്റ്റീലിനെ തുരുമ്പിക്കാതെ സംരക്ഷിക്കുന്നു. മാത്രമല്ല, ഇവ പതിറ്റാണ്ടുകളോളം നിലനില്‍ക്കും. എല്ലാ ഭാഗത്തും താപവിതരണം ഒരേപോലെയായതിനാല്‍, ഭക്ഷണം ഒരേപോലെ സമമായി പാകം ചെയ്തു കിട്ടും. ആസിഡുകൾ കൂടുതലുള്ള ചിലതരം ഭക്ഷണങ്ങളുമായി ഇവ പ്രതിപ്രവര്‍ത്തിക്കില്ല. 

സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങള്‍ക്ക് വലിയ പരിചരണം ആവശ്യമില്ല. കറകളും അവശിഷ്ടങ്ങളും പെട്ടെന്ന് നീക്കം ചെയ്യാൻ കഴിയും. എന്നാല്‍ ഇവയില്‍ പെട്ടെന്ന് പോറലുകള്‍ വീഴും. കൂടാതെ, വെള്ളത്തിന്‍റെയും മറ്റും പാടുകളും പെട്ടെന്ന് കാണാം. 

പുതിയ പാത്രങ്ങള്‍ വാങ്ങിക്കുമ്പോള്‍, അവയുടെ അകത്തോ പുറത്തോ ഉള്ള സ്റ്റിക്കറുകള്‍ പറിച്ചു കളയാന്‍ വലിയ പാടാണ്. ഇവ ചുരണ്ടിയോ സ്റ്റീല്‍ വൂള്‍ ഉപയോഗിച്ചോ ഉരച്ചു കളയാന്‍ പറ്റും, എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍ പാത്രങ്ങളില്‍ വലിയ രീതിയില്‍ പാടുകള്‍ വീഴും. 

ഇത്തരം സ്റ്റിക്കറുകളില്‍ ഉപയോഗിക്കുന്ന പശ വെള്ളത്തില്‍ അലിയില്ല, എന്നാല്‍ ഇവ എണ്ണയില്‍ അലിയും. ഈ സ്റ്റിക്കര്‍ എടുത്തുകളഞ്ഞു വൃത്തിയാക്കുന്നത് എങ്ങനെയെന്നു നോക്കാം.

വെളിച്ചെണ്ണ ഉപയോഗിച്ച്

ആദ്യം തന്നെ പാത്രത്തിനു മുകളിലെ സ്റ്റിക്കര്‍ കഴിയാവുന്നിടത്തോളം പറിച്ചു കളയുക. ഒരു കോട്ടന്‍ തുണി എടുത്ത് അതിനു മുകളില്‍ വെളിച്ചെണ്ണ ഒഴിക്കുക. സ്റ്റിക്കറിന് മുകളിലും കുറച്ചു വെളിച്ചെണ്ണ തേച്ച് കുതിര്‍ക്കുക. ശേഷം, തുണി കൊണ്ട് നന്നായി ഉരച്ചു സ്റ്റിക്കര്‍ കളയുക. 

തീയും വെളിച്ചെണ്ണയും ഉപയോഗിച്ച്

സ്റ്റിക്കറിന് മുകളില്‍ ഏകദേശം മുപ്പതു സെക്കന്റ് നേരത്തേക്ക് തീജ്വാല കാണിക്കുക. ലൈറ്റര്‍, മെഴുകുതിരി എന്നിവ ഇതിനായി ഉപയോഗിക്കാം. എല്ലാ ഭാഗത്തേക്കും ഒരുപോലെ തീ എത്തണം. ശേഷം, ഈ സ്റ്റിക്കര്‍ എളുപ്പത്തില്‍ ഇളകിപ്പോരുന്നതായി കാണാം. ബാക്കിയുള്ള പശ എണ്ണയില്‍ മുക്കിയ തുണി കൊണ്ട് തുടച്ചു കളയാം.

ആല്‍ക്കഹോള്‍ ഉപയോഗിച്ച്

ഒരു പേപ്പര്‍ ടവ്വലില്‍ ആല്‍ക്കഹോള്‍ സ്പ്രേ ചെയ്യുക. ഇത് സ്റ്റിക്കറിന് മുകളില്‍ വയ്ക്കുക. സ്റ്റിക്കറിലും കുറച്ച് ആല്‍ക്കഹോള്‍ സ്പ്രേ ചെയ്യുക. കുറച്ചു മിനിട്ടുകള്‍ക്കകം പശ അലിയും അപ്പോള്‍ സ്റ്റിക്കര്‍ പറിച്ചെടുക്കാം. ബാക്കിയുള്ള പശയും മറ്റും പേപ്പര്‍ ടവ്വല്‍ കൊണ്ട് ഉരച്ചു കളയാം.

വിനാഗിരി ഉപയോഗിച്ച്

ആദ്യം തന്നെ പാത്രം മുഴുവനും ചൂടുവെള്ളത്തില്‍ മുക്കിയ തുണി കൊണ്ട് തുടയ്ക്കുക. ശേഷം വെളുത്ത വിനാഗിരി സ്പ്രേ ചെയ്യുക. കുറച്ചു നേരം കഴിയുമ്പോള്‍ തുണി കൊണ്ട് തുടച്ചാല്‍ സ്റ്റിക്കര്‍ ഇളകിപ്പോരും.

English Summary:

Effortlessly Remove Stickers from Stainless Steel with These Simple Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com