ADVERTISEMENT

പണ്ടൊക്കെ നോര്‍ത്തിന്ത്യയില്‍ മാത്രമായിരുന്നു ചോളം കിട്ടിയിരുന്നത്. എന്നാലിന്ന് വഴിയോരങ്ങളിലും പച്ചക്കറിക്കടകളിലുമെല്ലാം ഇത് സുലഭമായി കിട്ടും. നന്നായി ഗ്രില്‍ ചെയ്തോ, പുഴുങ്ങി മസാല പുരട്ടിയോ ഒക്കെ കഴിക്കാന്‍ വളരെ രുചികരമാണ് ചോളം. മാത്രമല്ല, വിറ്റാമിൻ സി, വിറ്റാമിൻ ബി-കോംപ്ലക്സ് എന്നിവയും മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ചോളത്തില്‍ അടങ്ങിയിട്ടുണ്ട്. ഗ്ലൂട്ടന്‍ ഇല്ലാത്തതിനാല്‍, ഗ്ലൂട്ടന്‍ സെന്‍സിറ്റിവിറ്റി ഉള്ള ആളുകള്‍ക്കും ചോളം ധൈര്യമായി കഴിക്കാം.

കൂടാതെ, ചോളത്തിലെ ലയിക്കുന്ന നാരുകൾ രക്തത്തിലെ എൽഡിഎൽ (മോശം) കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കും. സിയാക്സാന്തിൻ, ല്യൂട്ടിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളുടെ ഉറവിടമായതിനാല്‍ പ്രായമാകുന്നത് തടയാനും ചോളത്തിന്‌ കഴിവുണ്ട്.

ലോകത്തിന്‍റെ കൃഷിയോഗ്യമായ മിക്കവാറും എല്ലാ ഭാഗങ്ങളിലും വളരുമെന്നത് ചോളത്തിനെ ഒരു ആഗോളഭക്ഷണമാക്കി മാറ്റി. യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് ചോളം. ചോളം ഉപയോഗിച്ചുള്ള വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കാണാം.

ക്ഷാമകാലത്തെ കൂട്ടുകാരന്‍

ഏകദേശം 200 വർഷമായി ഐറിഷ് അടുക്കളകളിലെ പ്രധാന ഭക്ഷണമാണ് യെല്ലോമീൽ. മറ്റൊന്നുമല്ല, ഉണങ്ങിയ ചോളത്തിന്‍റെ പൊടിയാണ് യെല്ലോമീൽ എന്നറിയപ്പെടുന്നത്. പത്തൊൻപതാം നൂറ്റാണ്ടില്‍ അയര്‍ലന്‍ഡിനെ കാര്‍ന്നുതിന്ന ക്ഷാമകാലത്ത്, നാട്ടുകാരുടെ ജീവന്‍ നിലനിര്‍ത്തിയത് ചോളപ്പൊടി ഉപയോഗിച്ച് ഉണ്ടാക്കിയ റൊട്ടികളായിരുന്നു. ഇന്ന്, പാൻകേക്കുകൾ മുതൽ ഉരുളക്കിഴങ്ങ് ദോശ, ബ്രെഡ് എന്നിവ വരെ ഒട്ടുമിക്ക ഐറിഷ് വിഭവങ്ങളിലും ഇത് ചേര്‍ക്കുന്നു. 

ചോളപ്പൊടി ഉപയോഗിച്ച് രണ്ടുതരം റൊട്ടികളാണ് ഇവിടെ പ്രധാനമായും ഉണ്ടാക്കുന്നത്. ഓട്‌സ് കേക്കുകൾ പോലെ പരമ്പരാഗത ശൈലിയിലുള്ള ഗ്രിഡിൽ അല്ലെങ്കിൽ സ്‌കില്ലറ്റ് ബ്രെഡ് ആണ് ആദ്യത്തേത്.  ഐറിഷ് സോഡ ബ്രെഡ് പോലെയുള്ള  റൊട്ടിയാണ് മറ്റൊന്ന്. മൂന്നിൽ രണ്ട് ഭാഗം മൈദയും ഒരു ഭാഗം യെല്ലോമീലും ഉപയോഗിച്ച് ഉണ്ടാക്കിയതാണ് ഈ റൊട്ടി. മൈദയ്ക്ക് വില കുറഞ്ഞപ്പോള്‍ ഇതിന്‍റെ ജനപ്രീതി കൂടി.

ചോളം കൊണ്ട് ഗ്രിഡില്‍ ബ്രെഡ്‌ ഉണ്ടാക്കാം

ചേരുവകൾ

110g - ചോളപ്പൊടി

1 ടീസ്പൂൺ - ഉപ്പ് 

¼ ടീസ്പൂൺ - ബേക്കിംഗ് സോഡ

175ml (¾ കപ്പ്) - ബട്ടർ മിൽക്ക്

ഉണ്ടാക്കുന്ന രീതി

1. ഒരു പാത്രത്തിൽ ചോളം, ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ ഇട്ട ശേഷം അതിലേക്ക് ബട്ടര്‍മില്‍ക്ക് ചേര്‍ക്കുക.  ഇത് ഒരു മര സ്പൂൺ കൊണ്ട് 5 മിനിറ്റ് നന്നായി മിക്സ് ചെയ്യുക.

2. ഒരു നോൺ സ്റ്റിക്ക് ഫ്രൈയിംഗ് പാൻ ഇടത്തരം ചൂടിൽ ചൂടാക്കുക, ഇതിലേക്ക് അല്‍പ്പം ബട്ടര്‍ വച്ച് ഉരുക്കുക, ശേഷം ശ്രദ്ധാപൂർവം പാനിലേക്ക് മാവ് ഒഴിക്കുക. 4-5 മിനിറ്റ് വേവിക്കുക, മാവിന്‍റെ ഉപരിതലത്തിൽ ചെറിയ കുമിളകൾ രൂപപ്പെടാൻ തുടങ്ങുമ്പോൾ, ബ്രെഡ് മെല്ലെ മറിച്ചിട്ട് 3 മിനിറ്റ് കൂടി വേവിക്കുക. കഷണങ്ങളായി മുറിച്ച് കഴിക്കാം.

English Summary:

Ireland's Yellowmeal Griddle Bread

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com