വെണ്ടയ്ക്ക ഇനി ആരും മാറ്റിവയ്ക്കില്ല; ഈ കറിയ്ക്ക് ഡിമാൻഡ് കൂടും
Mail This Article
മിക്കവർക്കും അത്ര പ്രിയമല്ലാത്ത പച്ചക്കറികളിലൊന്നാണ് വെണ്ടയ്ക്ക. ആരോഗ്യഗുണങ്ങൾ ഏറെയുണ്ടെങ്കിലും ചിലരെങ്കിലും മാറ്റിനിർത്തുന്ന ഒന്നാണിത്. വെണ്ടയ്ക്ക ധാരാളം പോഷകങ്ങള്‍ നല്‍കുന്ന ന്യൂട്രിയന്റ് പവര്‍ഹൗസാണ്. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്ന വെണ്ടയ്ക്ക ദഹനത്തിന് നല്ലതാണ്. വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും.
വെണ്ടയ്ക്ക മപ്പാസായും മെഴുക്കുപെരട്ടിയായും തോരനായും തീയലായുമൊക്കെ തയാറാക്കാം. ഇതിൽ നിന്നും വ്യത്യസ്തമായി വെണ്ടയ്ക്കാ പുളിങ്കറി വച്ചാലോ? വെണ്ടയ്ക്ക കഴിക്കാത്തവും രുചിയോടെ ചോറിന് കൂട്ടും ഈ കറി. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ചേരുവകൾ
വെണ്ടയ്ക്ക :6
ചെറിയ ഉള്ളി :10
വെളുത്തുള്ളി :8
മുളക് പൊടി :1ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി :1/2ടീസ്പൂൺ
മല്ലിപൊടി :1ടീസ്പൂൺ
പുളി :ഒരു നെല്ലിക്കാ വലിപ്പം
കടുക് :1ടീസ്പൂൺ
മുളക് :1
ഉലുവ :1/4ടീസ്പൂൺ
കറിവേപ്പില
തക്കാളി :1
ശർക്കര
ഉപ്പ്
വെളിച്ചെണ്ണ :വറുക്കാൻ
തയാറാക്കുന്ന വിധം
വെണ്ടയ്ക്ക കഷ്ണങ്ങൾ ആക്കി വറുത്തെടുക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായാൽ കടുക്, മുളക്, ഉലുവ, കറിവേപ്പില ഇട്ട് പൊട്ടി യതിനു ശേഷം വെളുത്തുള്ളി ചേർത്ത് വഴറ്റുക. ഉള്ളി ചേർക്കുക. വഴന്നു വരുമ്പോ പൊടികൾ ചേർക്കുക. തക്കാളി ചേർത്ത് വഴറ്റുക. പുളി വെള്ളം, ഉപ്പ്, ശർക്കര ചേർത്ത് ഇളക്കിയതിനു ശേഷം വെണ്ടയ്ക്ക ചേർക്കുക. നന്നായി വെന്ത് പാകമായാൽ വാങ്ങുക.