‘ഇതിപ്പോ എന്റെ മാത്രം മുട്ടല്ല; കൈപിടിച്ചത് ആ ‘ഒറ്റ മനസ്സ്’; ഇനി നടന്നു നീങ്ങാം, ഒത്തൊരുമയുടെ സുന്ദര ലോകത്തേക്ക്’

Mail This Article
‘‘ഭാവിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമോ ഡോക്ടർ?’’ ഒരൽപം ടെൻഷൻ ആയിട്ടാണ് ഞാൻ ഡോക്ടർ മാത്യുവിനോട് ചോദിച്ചത്. ‘‘ഒന്നും വരാതിരിക്കാൻ അല്ലേ നമ്മൾ ഇത് ചെയ്തത്? എല്ലാം ഫിക്സ് ചെയ്തു. റെസ്റ്റ് ഉണ്ടാവും. മൂന്നാഴ്ച കാൽ നിലത്തു കുത്തരുത്.’’ ഡോക്ടർ പുഞ്ചിരിച്ചു. ‘ഗോഡ് ബ്ലസ് യു’ എന്ന് പറയും പോലെ നെറുകയിൽ ഒന്ന് തൊട്ട് ‘ഓകെ’ എന്നും പറഞ്ഞു പോയി. ചില പുഞ്ചിരികൾ ഉണ്ട്, ചില അർഥവത്തായ തലോടലുണ്ട്, ചില കൂൾ ഓകെകൾ ഉണ്ട്. അതാണ് ചില ഗൗരവമുള്ള സാഹചര്യങ്ങളിൽ നമുക്ക് കിട്ടുന്ന ആദ്യ മരുന്ന്, ആദ്യ ഉറപ്പ്.. ആശങ്കകൾ മറന്നു പോകുന്ന ഒരു പരിഹാരത്തിന്റെ കയ്യൊപ്പ്. ഓപ്പറേഷൻ കഴിഞ്ഞതോടെ പതിവ് പോലെ എന്നെ ഐസിയുവിലേക്ക് മാറ്റി. ആ വാതിൽ തുറന്ന് കയറുമ്പോഴേ, ‘‘ജ്യോതി ജ്യോതി എന്ന് കേട്ട് കാത്തിരിക്കുവായിരുന്നു’’ എന്ന ഡയലോഗ് കൊണ്ട് നഴ്സുമാർ എന്നെ വരവേറ്റു. തറവാട്ടിലേക്ക് ഒക്കെ കേറിച്ചെല്ലുന്നത് പോലെ ഉണ്ടായിരുന്നു. അവിടെ പ്രത്യേകിച്ച് എടുത്ത് പറയാൻ ഉള്ളത് നിർത്താതെ സംസാരിക്കുന്ന വട്ട മുഖമുള്ള ഒരു നഴ്‌സിനെയാണ്. ചുറ്റും നോക്കിയപ്പോൾ രണ്ട് ബെഡിൽ ഒഴികെ മറ്റൊന്നിലും രോഗികൾ ഇല്ല. ഇന്ന് ശാന്തം. ഉള്ളവർ അതീവ ശാന്തർ. ജനൽച്ചില്ലിലൂടെ കാർത്തിയെയും കിരണേട്ടനെയും കണ്ടു. സിസ്റ്റർ പിന്നെ ഓരോ വിശേഷങ്ങൾ ആയി ചോദിക്കാൻ തുടങ്ങി. ചിരകാലപരിചിതരെ പോലെ ഓപ്പറേഷനും ആശുപത്രിയും ഒക്കെ മറന്ന് ഞങ്ങൾ അത്യാവശ്യം സംസാരിച്ചു. സ്വച്ഛമായ പുഞ്ചിരികൾ ഉള്ള മുഖങ്ങൾ എനിക്ക് ഏറെ ഇഷ്ടമാണ്. ആ നഴ്‌സിന്റെ പേര് അറിയില്ലെങ്കിലും അവരുടെ പുഞ്ചിരിയെ എനിക്ക് നന്നേ അറിയാം.