‘എന്റെ ഭർത്താവിനെ കമ്യൂണിസ്റ്റുകാർ മർദിച്ച് റെയിൽ പാളത്തിൽ ഉപേക്ഷിച്ചതാണ്; കേരളത്തിലെ കോൺഗ്രസിന്റെ പോരാട്ടവും ത്യാഗവും മനസ്സിലാകും’
Mail This Article
വലതുകൈ തകർത്തു. ജീവിതത്തിൽ എന്നന്നേയ്ക്കുമായി അയാളുടെ കൈനീളത്തിൽ കുറവു വന്നു. മുറിപ്പാടുകൾ ബാക്കി നിന്നു. വൃക്കകൾ തകരാറിലായി. 1967ൽ കമ്യൂണിസ്റ്റുകാരിൽനിന്നേറ്റ അക്രമം നൽകിയ വേദനകൾ പലതുണ്ടായിരുന്നെങ്കിലും അവയിൽനിന്നൊക്കെ തിരിച്ചെത്തി ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്റെ പേരെഴുതിവച്ചയാളാണ് പ്രിയരഞ്ജൻ ദാസ്മുൻഷി എന്ന ബംഗാൾ നേതാവ്. ബംഗാൾ യൂത്ത് കോൺഗ്രസ് പ്രസിഡന്റും പിന്നീട് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റുമായിയിരുന്നു. സഞ്ജയ് ഗാന്ധിയുമായി പിണങ്ങി ഇടയ്ക്ക് അൽപകാലം പാർട്ടിവിട്ടെങ്കിലും തിരിച്ചെത്തി 1984ൽ രാജീവ്ഗാന്ധി മന്ത്രിസഭയിൽ വാണിജ്യ സഹമന്ത്രിയും 2004ൽ യുപിഎ മന്ത്രിസഭയിൽ വാർത്താ വിതരണമന്ത്രിയുമായി. കേന്ദ്രമന്ത്രിസഭയിലായിരിക്കെ 2008ൽ പക്ഷാഘാതം നേരിട്ടതാണ് രാഷ്ട്രീയജീവിതത്തിലെ രണ്ടാംദുരന്തം. പിന്നീട് മരണം വരെയുള്ള 9 വർഷം അദ്ദേഹം കോമയിലായിരുന്നു. കമ്യൂണിസത്തോട് എന്നും പൊരുതിയ അദ്ദേഹം സഹപ്രവർത്തകരായ ‘തണ്ണിമത്തൻ’ നേതാക്കളെ (കമ്യൂണിസ്റ്റ് ആഭിമുഖ്യം രഹസ്യമായി പ്രകടിപ്പിച്ചവർ, തണ്ണിമത്തനിലെന്ന പോലെ അകത്ത് ചുവപ്പ് ഒളിപ്പിച്ചവർ) പരസ്യമായിത്തന്നെ പോരിനു വിളിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ദീപ ദാസ്മുൻഷി കേരളത്തിലേക്ക് എത്തുന്നു. കേരളത്തിന്റെ ചുമതയലയുള്ള എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ.