മാലദ്വീപും കുരുങ്ങിയോ ചൈനീസ് ‘ബെൽറ്റ് കെണി’യിൽ? ‘വ്യാളി’ക്ക് കടക്കാരായി 160 രാജ്യങ്ങൾ, നൽകേണ്ടത് 1.1 ലക്ഷം കോടി ഡോളർ
Mail This Article
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ, ബൃഹത്തായ, ലക്ഷക്കണക്കിനു കോടി ഡോളറിന്റെ വൻ സ്വപ്ന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവിന്റെ (ബിആർഐ) മൂന്നാം ഫോറത്തിനായി ഏതാനും ആഴ്ച മുന്‍പാണ് ലോക നേതാക്കൾ ചൈനയിൽ ഒത്തുകൂടിയത്. ബിആർഐയ്ക്ക് പത്ത് വയസ്സ് തികയുന്ന വേളയിൽ, പദ്ധതിയുടെ ഭാഗമായ രാജ്യങ്ങളെയെല്ലാം ഫോറത്തിലേക്കു ക്ഷണിച്ചിരുന്നു. ബിആർഐയ്ക്ക് പിന്നിലെ വൻ കടബാധ്യതയെയും പാരിസ്ഥിതികവും മാനുഷികവുമായ മറ്റ് ആശങ്കകളെയും കുറിച്ചുള്ള വിമർശനങ്ങൾക്കിടയിലാണ് മൂന്നാം ഫോറത്തിൽ ഷി സംസാരിച്ച് തുടങ്ങിയത്. ഈ വിമർശനങ്ങൾക്കു കൃത്യമായ മറുപടി നൽകാതെതന്നെ, ബിആർഐ പ്രതീക്ഷ നൽകുന്ന സുരക്ഷിത പദ്ധതിയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യാന്തര വിപണിയിലും പ്രതിരോധ രംഗത്തും യുഎസ്-ചൈന മത്സരം ചൂടുപിടിച്ചതിനാൽ യുഎസ് നേതൃത്വത്തിലുള്ള ആഗോള നീക്കത്തെ ബദലുകൾ സൃഷ്ടിച്ചു പ്രതിരോധിക്കാനുള്ള ചൈനീസ് ദൗത്യത്തിന്റെ ഭാഗമായാണ് ബിആർഐ അവതരിപ്പിച്ചതെന്നത് മറ്റൊരു വസ്തുത. എന്നാൽ ഫോറത്തിനു പിന്നാലെ ഇറ്റലി പദ്ധതിയിൽനിന്നു പിന്മാറി. 2013 സെപ്റ്റംബറിലാണ് ലോകരാജ്യങ്ങളെ ‘വികസിപ്പിച്ച്’ കെണിയിൽ വീഴ്ത്താനുള്ള ബെൽറ്റ് ആൻഡ് റോഡ് എന്ന വലിയ പദ്ധതിക്ക് ചൈന ഔദ്യോഗികമായി തുടക്കമിട്ടത്. കഴിഞ്ഞ പത്തു വർഷത്തിനിടെ ബിആർഐ പദ്ധതിക്ക് കീഴിൽ 160 ലധികം രാജ്യങ്ങൾ ചൈനയിൽ നിന്ന് 1.1 ലക്ഷം കോടി ഡോളര്‍ കടം വാങ്ങിയെന്നാണ് പുതിയ കണക്ക്. ഇതിനിടെ, കടം കുമിഞ്ഞുകൂടി ചില രാജ്യങ്ങൾ അവരുടെ തന്ത്രപ്രധാന പ്രദേശങ്ങളും പദ്ധതികളും ചൈനയ്ക്ക് രഹസ്യമായി കൈമാറുകയും ചെയ്തു.