ഒറ്റ രാത്രിയിൽ 10,000 കോടി; ആഫ്രിക്കയാകെ പടർന്ന ബിസിനസ് സാമ്രാജ്യം, ഒല്ലൂർക്കാരന്‍ ‘ചോപ്പീസ്’ രാമചന്ദ്രന്റെ അദ്ഭുതജീവിതം
Mail This Article
തൃശൂർ കേരള വർമ കോളജ് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാനെത്തിയ കുട്ടിയോട് അവർ ചോദിച്ചു, ഷൂ ഉണ്ടോ? ഇല്ല. ജഴ്സിയുണ്ടോ? ഇല്ല. എന്നാൽ കളിക്കാനാകില്ല. കളി കാണാൻ നിൽക്കാതെ രാമചന്ദ്രൻ തിരിച്ചു നടന്നു. അന്നു രാമചന്ദ്രനു ചെരിപ്പു വാങ്ങാൻ പോലും പണമില്ലായിരുന്നു. മാസങ്ങൾ കഴിഞ്ഞാണു ചെരിപ്പു വാങ്ങിയത്. കൈത്തറി തൊഴിലാളിയായ അച്ഛനു ജോലി നഷ്ടപ്പെട്ട കാലമായിരുന്നു അത്. അമ്മ ഓട്ടുകമ്പനിയിൽ തൊഴിലിനു പോയി കിട്ടുന്ന ചില്വാനം കൊണ്ടാണു പഠിച്ചിരുന്നതുപോലും. ഷൂസും പാന്റ്സും നല്ല ഷർട്ടുമൊന്നും അന്ന് ആലോചനയിൽ പോലുമില്ല. 25 വർഷത്തിനു ശേഷം രാമചന്ദ്രൻ പല തവണയായി നാലു വിമാനങ്ങൾ വാങ്ങി. ബാങ്കുകളും വൻകിട കമ്പനികളും രാമചന്ദ്രനു വേണ്ടി കാത്തുനിന്നു. സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാന എന്ന രാജ്യം ആസ്ഥാനമാക്കിയ വൻകിട സൂപ്പർ മാർക്കറ്റ് ശൃംഖലയായ ചോപ്പീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഒറ്റപ്പത്ത് രാമചന്ദ്രന്റെ ജീവിതം വെറും ലോട്ടറിയല്ല.