ആ കൊലപാതകം സിപിഎമ്മിന്റെ ശൈലി; തിരുത്തിയില്ലെങ്കില്‍ ജനം തിരുത്തിക്കും; വീണയെ സംരക്ഷിക്കേണ്ട ബാധ്യത പാർട്ടിക്കുണ്ടോ?
Mail This Article
കേരള മനഃസാക്ഷിയെ ഞെട്ടിച്ച ടി.പി.ചന്ദ്രശേഖരൻ കൊലപാതകക്കേസിൽ വിചാരണക്കോടതി വിധി വന്ന് പത്തുവർഷം തികയുമ്പോഴാണ് 12 പ്രതികൾ കുറ്റക്കാർ തന്നെയെന്ന ഹൈക്കോടതി വിധി വന്നത്. രണ്ടു സിപിഎം നേതാക്കളെ വിട്ടയച്ച വിചാരണക്കോടതി നടപടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. സിപിഎമ്മിനേറ്റ കനത്ത പ്രഹരമായിരുന്നു ഹൈക്കോടതി വിധി. സാക്ഷികളുടെ കൂറുമാറ്റവും അന്വേഷണ ഉദ്യോഗസ്ഥരെ വേട്ടയാടലും പ്രതികൾക്ക് ജയിലിൽ ലഭിച്ച സൗകര്യങ്ങളുമടക്കം കഴിഞ്ഞ 12 വർഷമായി വിവാദങ്ങളൊഴിഞ്ഞിട്ടില്ല ടി.പി.ചന്ദ്രശേഖരൻ കേസിൽ. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പരയിൽ സമാനതകളില്ലാത്ത ക്രൂരതയായി ടി.പി.ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം മാറി. ഏറ്റവുമൊടുവിൽ സിപിഎം കൊയിലാണ്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.പി.സത്യനാഥന്റെ(62) കൊലപാതകത്തോടെ രാഷ്ട്രീയ കൊലപാതകങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. പിടിയിലായ പ്രതിയെ മുൻപ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്ന് സിപിഎം വിശദീകരിക്കുമ്പോൾ രാഷ്ട്രീയ പ്രതിസന്ധി വരുമ്പോൾ കൊലപാതകം നടത്തുകയെന്നത് സിപിഎമ്മിന്റെ ശൈലിയാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതികരിച്ചത്. ടിപി കേസിന്റെ തുടക്കം മുതൽ നൈതികതയേതുമില്ലാതെ കേസിനെ ദുർബലപ്പെടുത്താനും പ്രതികളെ സംരക്ഷിക്കാനും സിപിഎം കാണിച്ച വ്യഗ്രതയെ കുറിച്ച് മനോരമ ഓണ്‍ലൈൻ പ്രീമിയത്തിൽ തുറന്നുപറയുകയാണ് ആർഎംപി നേതാവും ടി.പി.ചന്ദ്രശേഖരന്റെ സഹയാത്രികനുമായിരുന്ന എൻ.വേണു. ∙ ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഈ മേയ് നാലിന് 12 വർഷം പൂർത്തിയാകുകയാണ്. കേസ് അന്വേഷണവും നിയമനടപടികളും ഒരു വ്യാഴവട്ടത്തോട് അടുക്കുമ്പോഴാണ് ഹൈക്കോടതിയുടെ നിർണായകമായ വിധി വന്നിരിക്കുന്നത്. വിധിയെ ആർഎംപി എങ്ങനെ നോക്കിക്കാണുന്നു?