‘അതെ, ഞങ്ങൾ മൂത്രം കുടിക്കുന്നവരാണ്’: എന്തിനാണ് ഇവർ ഒത്തുകൂടുന്നത്? ഇത് ‘ഒഴിച്ചു’ കളയേണ്ടതോ, മരുന്നോ!
Mail This Article
ആശങ്ക. പണ്ടു മുതലേ മലയാളിയുടെ മടിയിലുള്ള ദ്വയാർഥ പ്രയോഗം. മൂത്രശങ്കയ്ക്കും സംശയത്തിനും വാഗ്മികൾ മാറിമാറി ആശങ്ക എടുത്തു പൂശും. നാലു പേർ കൂടുന്നിടത്ത്, മൂത്രമൊഴിക്കണമെന്ന് പറയാൻ നാണമുള്ളവർ ചോദിക്കും - ആശങ്ക മാറ്റാൻ എന്താ വഴി? അതോടെ കേൾക്കുന്നവർക്ക് കാര്യം പിടികിട്ടും. ശങ്കക്കാരന് ആശ്വാസവും. എന്നാൽ എത്ര ‘ഒഴിച്ചിട്ടും’ മാറാത്ത മൂത്രശങ്ക വേറെയാണ്. സ്വന്തം മൂത്രം മനുഷ്യന് കുടിക്കാമോ എന്ന ചോദ്യമാണത്. വർഷങ്ങൾ പഴക്കമുള്ളതും ഉത്തരം കിട്ടാത്തതുമായ ചോദ്യം. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി മൂത്രം ഉപയോഗിക്കുന്നുണ്ടെന്ന് പരസ്യമാക്കിയതോടെ ആ ചർച്ച ഒരുകാലത്ത് വീണ്ടും സജീവമായിരുന്നു. സ്വന്തം മൂത്രം കഴിക്കാറുണ്ടെന്നു സാക്ഷ്യപ്പെടുത്തി ഇക്കാലത്ത് പലരും രംഗത്തു വന്നെങ്കിലും മൂത്രം നാണിച്ചു നിന്നു. മൂത്രപ്പുരയെ ഒരു കൈയകലത്ത് നിർമിക്കുന്നതു പോലെ മൂത്രത്തിന്റെ ഔഷധ ഗുണം സംബന്ധിച്ച ചർച്ചയും എന്നും പിന്നാമ്പുറത്തുതന്നെ നിന്നു.