ഇന്ത്യൻ സമ്പദ്വ്യവസ്ഥ സുരക്ഷിതം; തുടരുമോ ‘മാർച്ച് ഇഫക്ട്’? വിപണിയിലെ ആഘോഷത്തിനു കാരണമെന്താണ്?

Mail This Article
തിരിച്ചുവരവിന്റെ ആഘോഷം. സുനിത വില്യംസിന്റെ അനിശ്‌ചിതമായി നീണ്ട ബഹിരാകാശവാസത്തിനു ശേഷമുള്ള മടങ്ങിവരവു പോലെയായിരുന്നു കഴിഞ്ഞ ആഴ്‌ച ഓഹരി വിപണിയുടെ നേട്ടത്തിലേക്കുള്ള തിരിച്ചുവരവ്. അഞ്ചു മാസത്തിലേറെ നീണ്ട വിലയിടിവിനും അനിശ്‌ചിതത്വത്തിനും ശേഷമുണ്ടായ തിരിച്ചുവരവിന്റെ ആശ്വാസം അഞ്ചു വ്യാപാരദിനങ്ങളിലും വിപണിക്ക് ആഘോഷത്തിന്റേതായി. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, പണപ്പെരുപ്പ നിരക്കിന്റെ താഴ്‌ന്ന തലത്തിലേക്കുള്ള മടക്കം, ഉയർന്ന നിലവാരത്തിലേക്കുള്ള രൂപയുടെ മടങ്ങിവരവ് എന്നിവയെല്ലാം ഒത്തുചേർന്നതിന്റെ ഫലമായിരുന്നു വിപണിയിലെ കൂട്ടക്കുതിപ്പ്. മുന്നേറ്റത്തിന് എല്ലാ വ്യവസായ മേഖലകളിൽനിന്നുമുള്ള ഓഹരികൾ പിന്തുണ നൽകിയെന്നതും ശ്രദ്ധേയം. വിപണിയിൽനിന്നു വിട്ടുനിൽക്കുകയായിരുന്ന ചില്ലറ നിക്ഷേപകരുടെ തിരിച്ചുവരവിനും വില സൂചികകളിലെ തുടർച്ചയായ ഉയർച്ച പ്രേരണയായി. വിപണിയുടെ മുന്നേറ്റത്തിനു വലിയ പ്രേരണയായതു യുഎസ് ഫെഡറൽ റിസർവ് ഈ വർഷം പലിശ നിരക്കിൽ രണ്ടു തവണ ഇളവ് അനുവദിക്കാനുള്ള സാധ്യത സൂചിപ്പിക്കപ്പെട്ടതാണ്. യൂറോപ്പിലെ പല കേന്ദ്ര ബാങ്കുകളുടെയും പലിശ നയവും വിപണിയുടെ മുന്നേറ്റത്തിന് ഉത്തേജനമേകി.