ADVERTISEMENT

കോവിഡും അതേ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുമെല്ലാം വായ്പകളെടുത്തവരില്‍ പലരേയും വലിയ പ്രതിന്ധിയിലാക്കിയിട്ടുണ്ട്. വായ്പകളുടെ പുനക്രമീകരണവും തിരിച്ചടക്കുന്നതിനു നല്‍കിയ സാവകാശവും കേന്ദ്ര സര്‍ക്കാരിന്റെ ഗാരണ്ടി വായ്പാ പദ്ധതിയുമെല്ലാം ഇടപാടുകാര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആശ്വാസമേകിയെങ്കിലും മഹാമാരിയുടെ ആഘാതത്തില്‍ നിന്നു പൂര്‍ണമായും കരകയറാന്‍ അത് മതിയായിരുന്നില്ല. ബാങ്കുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ കിട്ടാക്കടത്തിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കാനും ഈ സാഹചര്യം വഴിയൊരുക്കിയിട്ടുണ്ട്. ഇതിനിടയിലും ഇടപാടുകാരുമായി ക്രിയാത്മക ബന്ധം പുലര്‍ത്തി ബാങ്കുകൾക്ക് കാര്യക്ഷമതയോടും കാരുണ്യത്തോടും കൂടെ മുന്നോട്ടു പോകാനും ചില വഴികളുണ്ട്. 

വായ്പയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് വായ്പ നല്‍കുന്ന സ്ഥാപനമാണല്ലോ. കോവിഡ്കാലത്ത് ഇതിനെല്ലാം മുന്‍ തീരുമാനമനുസരിച്ചുള്ള വഴികള്‍ പോരാതെ വരും. പിരിമുറുക്കമില്ലാതെയും സമയബന്ധിതമായും കടബാധ്യതകള്‍ തീര്‍ക്കാന്‍ അവരെ സഹായിക്കുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും അവ കാലോചിതമായി പ്രാവര്‍ത്തികമാക്കുയും ചെയ്യുന്നതിന് ഈ പശ്ചാത്തലത്തില്‍ പ്രാധാന്യമേറെയാണ്. 

ഇതെല്ലാം സാധ്യമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്ന ആറു പ്രധാന തത്വങ്ങള്‍ നമുക്കു കണ്ടെത്താനാവും. സാമ്പത്തിക വിദ്യാഭ്യാസം, ബദ്ധശ്രദ്ധയോടെ വ്യാപൃതരായിരിക്കല്‍, സഹാനുഭൂതി, സമയത്തിനുളള സേവനങ്ങള്‍, കാര്യക്ഷത, ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് അസറ്റ് ക്വാളിറ്റി ഹെക്‌സഗണ്‍ എന്നു വിളിക്കപ്പെടുന്ന ഈ ആറു തത്വങ്ങള്‍. 

സാമ്പത്തിക വിദ്യാഭ്യാസം

ഇടപാടുകാര്‍ക്ക് ആവശ്യമായ സാമ്പത്തിക വിദ്യാഭ്യാസം നല്‍കുന്നതിന് ഏറെ പ്രാധാന്യമാണുള്ളത്. വായ്പ ലഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇടപാടുകാര്‍ ശ്രദ്ധിക്കും. എന്നാല്‍ വായ്പയുടെ ശരിയായ വിനിയോഗം, തിരിച്ചടവ് എന്നിവയ്ക്ക് അത്ര പ്രാധാന്യം നല്‍കിക്കാണാറില്ല. തിരിച്ചടവിലുണ്ടാകുന്ന വീഴ്ചകള്‍ മൂലം വായ്പാ സ്‌കോറിലും റേറ്റിങിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളും ഈ സാഹചര്യത്തില്‍ ചിന്തിക്കാറില്ല. മുന്‍ നിശ്ചയ പ്രകാരം വായ്പ തിരിച്ചടക്കാന്‍ പറ്റാതെ വന്നാല്‍ എന്തു ചെയ്യണം എന്ന ധാരണയും പൊതുവെ ഇടപാടുകാര്‍ക്കുണ്ടാകില്ല.  

മികച്ച ഒരു ഉപദേഷ്ടാവ് എന്ന നിലയില്‍ ഇക്കാര്യങ്ങള്‍ തുടക്കത്തില്‍ തന്നെ ഇടപാടുകാരുമായി സംസാരിക്കുവാന്‍ ബാങ്കുകള്‍ക്കാവും. ഇത് പി്ന്നീടുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ വലിയൊരു പങ്ക് ഒഴിവാക്കാനും സഹായിക്കും. വായ്പ നല്‍കുന്ന വേളയില്‍ മാത്രമല്ല, തുടര്‍ന്നുള്ള കാലഘട്ടങ്ങളിലും ഇത്തരത്തില്‍ സാമ്പത്തിക വിദ്യാഭ്യാസ നീക്കങ്ങള്‍ ഉണ്ടാകണം. 

ബന്ധങ്ങള്‍ തുടരുക

ബദ്ധശ്രദ്ധയോടെ വ്യാപൃതരായിരിക്കല്‍ എന്നു വിശേഷിപ്പിക്കാവുന്ന ഈ രീതിക്ക് ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ പുതിയ തലങ്ങളുണ്ട്. കണ്‍മുന്നില്‍ കണ്ടു കൊണ്ടിരിക്കണമെന്നില്ലെങ്കിലും അനുയോജ്യമായ ആശയ വിനിമയ രീതികള്‍ കണ്ടെത്തണം. അതിലൂടെ ഇടപാടുകാരന്റെ ജോലിയിലും ബിസിനസിലും ഉണ്ടാകുന്ന മാറ്റങ്ങള്‍, പണ ലഭ്യത, വിനിയോഗം, ആസ്തിയിലും കടത്തിലും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ തുടങ്ങിയവയെല്ലാം അറിയണം. 

വീടു പണിയായാലും താമസം മാറുന്നതായാലും ഫോണ്‍ നമ്പറിലോ ഇമെയില്‍ വിലാസത്തിലോ ഉണ്ടാകുന്ന മാറ്റങ്ങളെല്ലാം അറിയുന്നതും രേഖപ്പെടുത്തുന്നതും ഇതിന്റെ ഭാഗമാണ്. ഇടപാടുകാരെന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുകയും അത്തരം സാഹചര്യങ്ങളില്‍ അനുവദനീയമായ ആശ്വാസങ്ങള്‍ നല്‍കുകയും വേണം.  

സഹാനുഭൂതി

ഏതൊരു ധനകാര്യസ്ഥാപനത്തിന്റെയും മുഖ്യ വരുമാനം വായ്പയില്‍ നിന്ന് ലഭിക്കുന്ന പലിശയാണ്. ഇതിന്റെ സ്രോതസ്സ് വായ്പയെടുക്കുന്ന ഇടപാടുകാരാണ്.  അതുകൊണ്ടുതന്നെ നല്ല ബാങ്കുകള്‍ വായ്പാ ഇടപാടുകാരുമായി എപ്പോഴും ഊഷ്മളമായ ബന്ധം നിലനിര്‍ത്തും. ഒരു ഇടപാടുകാരനും, പൊതുവെ, കരുതിക്കൂട്ടി വായ്പ തിരിച്ചടക്കാതിരിക്കില്ല. അപ്രതീക്ഷിതമായി വന്നെത്തുന്ന ദുരിതങ്ങളാണ് പലപ്പോഴും വായ്പ തിരിച്ചടവിന് തടസ്സമായി നില്‍ക്കുന്നത്.  ഈ വിഷമാവസ്ഥകള്‍  മനസ്സിലാക്കി ഇടപാടുകാരനെ ഉചിതമായ ഉപദേശങ്ങളിലൂടെയും മാര്‍ഗങ്ങളിലൂടെയും പിന്തുണക്കുമ്പോള്‍ ബാങ്ക് ഇടപാടുകാര്‍ക്ക് ഏറ്റവും അടുത്ത സ്‌നേഹിതനും പങ്കാളിയും ആയി മാറുന്നു.  ഇത് കൂട്ടായ പ്രവര്‍ത്തനമാണ്.  വായ്പ നല്‍കുകയും വായ്പ എടുക്കുകയും ചെയ്ുമ്പോള്‍ സാമൂഹികവും സാമ്പത്തികവുമായ വലിയ മൂല്യമാണ് സൃഷ്ടിക്കപ്പെടുന്നത്.  ഇടപാടുകാരന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആകുന്ന സമയത്തും ഈ മൂല്യത്തിലൂന്നിയ ആദരവും കരുതലും ഉയര്‍ത്തിപ്പിടിക്കുവാന്‍ ബാങ്ക് ശ്രദ്ധിക്കേണ്ടതുണ്ട്.

കൃത്യസമയത്തുള്ള സേവനങ്ങള്‍

ആവശ്യമായ വിവരങ്ങള്‍ ഏറ്റവും നേരത്തെ തന്നെ ഇടപാടുകാര്‍ക്ക് കൊടുക്കുവാന്‍ സുസ്ഥിരമായ സംവിധാനം ബാങ്കിന് ഉണ്ടാകണം.  തിരിച്ചടവ് എന്ന് തുടങ്ങണമെന്നും തവണ തുക എത്രയെന്നും അടുത്ത തവണ തീയതി ഏതെന്നും മറ്റും മുന്‍കൂട്ടിത്തന്നെ ഇടപാടുകാരനെ അറിയിച്ചാല്‍ അതനുസരിച്ചു തയ്യാറായിരിക്കാനും പ്രവര്‍ത്തിക്കുവാനും അവര്‍ക്കു സാധിക്കും.  വായ്പയുടെ പലിശ അടക്കേണ്ട സമയവും പുതുക്കേണ്ട സമയവും നേരത്തെ അറിയിക്കാവുന്നതാണ്. ഏതു സമയത്താണ് ഇടപാടുകാരനെ ബന്ധപ്പെടേണ്ടതെന്നും ഏതു ആശയമിനിമയ മാര്‍ഗ്ഗമാണ് ഓരോരുത്തര്‍ക്കും അനുചിതമെന്നും തീരുമാനിക്കുവാനും ഡാറ്റ മൈനിങ്, ഡാറ്റ അനലിറ്റിക്‌സ്, നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിങ് തുടങ്ങിയ നൂതനവും കാലോചിതവുമായ  ആശയങ്ങളും സാങ്കേതികവിദ്യയും സ്ഥാപനങ്ങളെ സഹായിക്കും.

കാര്യക്ഷമത

വായ്പ തിരിച്ചടവിനായി പ്രവര്‍ത്തിക്കുന്ന സുദൃഡമായ സംവിധാനം ബാങ്കുകള്‍ക്ക് ഉണ്ടാവണം. ലളിതവും സുഗമവുമായ തിരിച്ചടവ് മാര്‍ഗങ്ങള്‍, അടവ് തുക ഒരുമിച്ചോ കൈയിൽകിട്ടുന്ന മുറയ്ക്കോ അടക്കാനുള്ള സൗകര്യം എന്നിവ ഇടപാടുകാര്‍ക്ക് ഒരുക്കിക്കൊടുക്കുകയും അത് വേണ്ടവിധം അവരെ അറിയിക്കുകയും ചെയ്യണം.  വായ്പ തിരിച്ചടവിന്റെ കാലതാമസവും ആവര്‍ത്തനസ്വഭാവവും മറ്റും  അനുസരിച്ചു വായ്പകള്‍ തരം  തിരിക്കുവാനും റിസ്‌ക് പ്രൊഫൈലിങ് ചെയ്യുവാനും കഴിയണം.  ഇടപാടുകാരുമായി ബന്ധപ്പെടുവാന്‍ ഇന്ന് വളരെ മിടുക്കരായ റോബോട്ടുകള്‍ ലഭ്യമാണ്.  ഇടപാടുകാര്‍ക്ക് നേരിട്ട് തങ്ങളുടെ വായ്പയുടെ വിവരങ്ങള്‍ അറിയുവാനും ഓരോ തവണ അടയ്ക്കുമ്പോഴും ക്രെഡിറ്റ് സ്‌കോറുകള്‍ എങ്ങനെ മാറുന്നു എന്നറിയുവാനുള്ള ഡിജിറ്റല്‍ പ്ലാറ്റുഫോമുകള്‍ ഇന്ന് ഉപയോഗത്തിലുണ്ട്.  

ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടോ? 

ഏതു സംവിധാനവും എത്ര ഫലപ്രദമാണ് എന്ന് നിശ്ചയിക്കുന്നത് എത്രത്തോളം ലക്ഷ്യം കൈവരിക്കുന്നു എന്നതിനെ അനുസരിച്ചാണ്.  അതിനാല്‍ വായ്പ തിരിച്ചടവിനായി പ്രവര്‍ത്തിക്കുന്ന സംവിധാനം എത്ര ശക്തമാണെന്നിരിക്കിലും അതിന്റെ പ്രയോജനം എത്രയെന്നു കാലാകാലങ്ങളില്‍ പരിശോധിക്കേണ്ടതുണ്ട്.  മൊത്തം വായ്പയിന്മേലുള്ള സമ്മര്‍ദ്ദം, ക്രെഡിറ്റ് കോസ്റ്റ്, വായ്പകളുടെ ഗുണനിലവാരം എന്നിവ ഈ സംവിധാനത്തിന്റെ ഉറപ്പും കാര്യക്ഷമതയും കാണിച്ചു തരും.  ഇതനുസരിച്ചുള്ള മാറ്റങ്ങള്‍ ചടുലതയോടെ വരുത്തുവാന്‍ ബാങ്കുകള്‍ക്ക് കഴിയണം.

തിരിച്ചടവിന്റെ സമ്മര്‍ദമോ, കിട്ടാക്കടമോ ഇല്ലാത്തതോ കുറഞ്ഞതോ ആയ വായ്പകളെന്നത് പണം കടം കൊടുക്കുന്ന സ്ഥാപനങ്ങളുടെ സ്വപ്നമാണ്.  അതേ സമയം ധനകാര്യസ്ഥാപനങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയും ഇത് തന്നെയാണ്.  ഇതു നേരിടാന്‍ പര്യാപ്തമായ സ്ഥാപനങ്ങള്‍ കാലത്തെ വകഞ്ഞു മാറ്റി സുദീര്‍ഘമായി സഞ്ചരിക്കും.  അവര്‍ക്കൊപ്പം സംതൃപ്തരായ ഇടപാടുകാര്‍ എന്നും ഉണ്ടാവും.  

ഫെഡറൽ   ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ലോൺ കളക്ഷൻ ഹെഡുമാണ്  ലേഖകൻ

English Summary: How to Handle NPA of Customers in a Smart Way

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com