ജാഗ്രത! തെളിഞ്ഞും ഒളിഞ്ഞും ബാങ്ക് ചാർജുകൾ ഇടപാടുകാരെ പിഴിയുന്നുണ്ടോ?
Mail This Article
ബാങ്ക് ചാർജുകളെക്കുറിച്ച് ഇടപാടുകാരുടെ പരാതികൾ ഒരുകാലത്തും തീർന്നിട്ടില്ല. ഫീസിന്റെയും ചാർജുകളുടെയും കാര്യങ്ങൾ മുൻകൂട്ടി പറയാതെയും അറിയിക്കാതെയും വലിയ തുകകൾ അക്കൗണ്ടിൽ നിന്നും ബാങ്കുകൾ വസൂലാക്കുന്നു എന്നതാണ് ഒരു പരാതി. മറ്റൊന്ന്, നേരത്തെ പറഞ്ഞതിനേക്കാൾ കൂടുതൽ തുക ഫീസായും ചാർജായും എടുക്കുന്നു എന്നതാണ്. ബാങ്കുകൾ ഈടാക്കുന്ന പലിശയെക്കുറിച്ചും പരാതികൾ കേൾക്കാം. കുറഞ്ഞ പലിശ എന്ന് പറഞ്ഞു കൂടുതൽ പലിശ ഈടാക്കുന്നു, നേരത്തെ അറിയിക്കാതെ പലിശ ശതമാനം വർധിപ്പിക്കുന്നു, പലിശ കണക്കാക്കിയതിൽ തെറ്റുണ്ട്, വലിയ പിഴപ്പലിശ ഈടാക്കുന്നു എന്നിങ്ങനെ പോകുന്നു പരാതികൾ.
എന്താണ് യാഥാർഥ്യം?
ബാങ്കുകൾ ഇക്കാര്യങ്ങൾ ഒളിപ്പിച്ച് വെച്ച് ഇരുട്ടടി പോലെ ഇടപാടുകാരെ ബുദ്ധിമുട്ടിക്കുകയാണോ? അതോ, ഇക്കാര്യങ്ങളെക്കുറിച്ച് ഇടപാടുകാർക്കുള്ള അറിവ് കുറവാണോ കാരണം?
സേവിങ്സ് ബാങ്ക്, കറൻറ് അക്കൗണ്ട് ചാർജുകൾ
അക്കൗണ്ട് തുടങ്ങുവാൻ ബാങ്ക് ചാർജ് ഒന്നുമില്ല. എന്നാൽ ATM കാർഡിന് (ഡെബിറ്റ് കാർഡ്) ചാർജുണ്ട്. ഓരോ തരം അക്കൗണ്ടിനും ഓരോ തരം കാർഡിനും ചാർജ് വ്യത്യസ്തമാണ്. ഇത് എത്രയെന്ന് അക്കൗണ്ട് തുടങ്ങുമ്പോൾ ബാങ്കിൽ ചോദിച്ച് മനസ്സിലാക്കണം. എടിഎം കാർഡ് ഉപയോഗിക്കുന്നതിന് വാർഷിക ഫീസ് ഉണ്ട്. ഇത് വർഷത്തിൽ ഒരു തവണ ഈടാക്കും. എടിഎം കാർഡ് അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മിൽ തന്നെ ഉപയോഗിച്ചാൽ ചാർജ് ഇല്ല. (ചില സ്പെഷ്യൽ അക്കൗണ്ടുകൾക്കു നിശ്ചിത തവണ മാത്രമേ എടിഎം കാർഡ് വഴി പണം പിൻവലിക്കാനും മറ്റും പാടുള്ളൂ എന്ന് നിബന്ധനയുണ്ട്). മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നത് സൂക്ഷിച്ചുവേണം. പൊതുവെ മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗം അഞ്ചു തവണ വരെ ഫീസ് ഈടാക്കുന്നില്ല. ആറാം തവണ മുതൽ ഫീസ് ഉണ്ടാവും.
ചില തരം അക്കൗണ്ടുകളിൽ എടിഎം ചാർജുകൾ തുടക്കത്തിലേ എടുക്കില്ല. അത്തരം അക്കൗണ്ടുകളിൽ ബാങ്ക് പറഞ്ഞിട്ടുള്ള അത്രയും തുക എല്ലാ കാലത്തും ഉണ്ടായിരിക്കണം. മറ്റു നിബന്ധനകളുണ്ടെങ്കിൽ അതും പാലിക്കണം. ഈ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ചാർജുകൾ എടുക്കില്ല എന്ന് തീരുമാനിച്ചിട്ടുള്ളത്. എന്നാൽ അങ്ങനെ നിശ്ചയിട്ടുള്ള തുക അക്കൗണ്ടിൽ വയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ നേരത്തെ എടുക്കാതിരുന്ന ചാർജുകളും ഫീസും മറ്റും പിന്നീട് ഈടാക്കും.
പാസ്ബുക്ക്, അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എന്നിവ
ഇപ്പോൾ മിക്കവാറും എല്ലാ ബാങ്കുകളും ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നീ സൗകര്യങ്ങൾ നൽകുന്നുണ്ട്. അക്കൗണ്ടിലെ ബാലൻസ് അറിയുക, സ്റ്റേറ്റ് മെന്റ് കാണുക, പാസ്ബുക്ക് കാണുക ഇത്തരം ആവശ്യങ്ങളൊക്കെ മൊബൈൽ ആപ്പ് വഴിയും നെറ്റ് ബാങ്കിങ് വഴിയും സാധിക്കും. ഇതെല്ലാം സൗജന്യമാണ്.
ബുക്കായിട്ടോ കടലാസിലോ പാസ് ബുക്ക്, സ്റ്റേറ്റ് മെന്റ് എന്നിവ ഒരു തവണ പ്രിന്റ് ചെയ്ത് തരുവാൻ ചാർജ് ഈടാക്കാറില്ല.. എന്നാൽ നീണ്ട കാലത്തെ വിവരങ്ങൾ കൂടുതൽ പേജിലോ കടലാസ്സിലോ പ്രിന്റ് ചെയ്തു വേണമെങ്കിൽ അതിനു ഫീസ് നൽകണം. അഞ്ചു ഷീറ്റു വരെ ഫീസ് ഇല്ലയെന്നോ, രണ്ടു ഷീറ്റുവരെ ഫീസ് ഇല്ലായെന്നോ മറ്റും ഓരോ ബാങ്കിലും വ്യവസ്ഥയുണ്ടാകും. ഇതും ഓരോ ബാങ്കിലും ഓരോ രീതിയിലായിരിക്കും. അതിനാൽ ഈ കാര്യങ്ങൾ അവരവരുടെ ബാങ്കിൽ ചോദിച്ച് മനസ്സിലാക്കണം.
അക്കൗണ്ടിൽ നടത്തുന്ന ഇടപാടുകളുടെ എണ്ണം
ഇത് കൂടാതെ അക്കൗണ്ടിൽ നടത്തുന്ന ഇടപാടുകളുടെ എണ്ണമനുസരിച്ച് ചാർജ് ഈടാക്കും. ഇത് സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ കാണാറില്ല. കറൻറ് അക്കൗണ്ടിലും ഓവർഡ്രാഫ്റ്റിലും മറ്റുമാണ് ഇങ്ങനെ ചാർജ് ഈടാക്കുക. ഈ ചാർജിനെ ഫോളിയോ ചാർജ് എന്നോ മെയിന്റനൻസ് ചാർജ് എന്നോ പറയും. ഇക്കാര്യമെല്ലാം അക്കൗണ്ട് തുടങ്ങുന്ന സമയത്ത് ബാങ്കിൽ ചോദിച്ച് മനസ്സിലാക്കുക.
അക്കൗണ്ട് തുടങ്ങിക്കഴിഞ്ഞാൽ വെൽക്കം കോൾ എന്ന രീതിയിൽ ഇടപാടുകാരെ ഫോണിൽ വിളിച്ച് അക്കൗണ്ടിന്റെ വിവരങ്ങൾ പറഞ്ഞു മനസ്സിലാക്കുന്ന രീതി മിക്കവാറും ബാങ്കുകളിലുണ്ട്. അങ്ങനെ ഫോൺ വരുമ്പോൾ അറിയാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ചോദിച്ച് മനസ്സിലാക്കാം. ഈ ഫോൺ വിളികൾ റെക്കോർഡ് ചെയ്യുന്നുണ്ട്. അതിനാൽ ബാങ്കിൽ നിന്ന് പറയുന്ന കാര്യങ്ങൾക്ക് വിരുദ്ധമായി പിന്നീട് എന്തെങ്കിലും ചാർജുകൾ ഈടാക്കുകയോ മറ്റോ ചെയ്താൽ ബാങ്കിലോ, ബാങ്കിങ് ഓംബുഡ്സ്മാൻ ഓഫീസിലോ പരാതി നൽകുമ്പോൾ രേഖയായി ഈ കോൾ റെക്കോർഡ് ഉപകരിക്കും.
അക്കൗണ്ടിൽ സൂക്ഷിക്കേണ്ട കുറഞ്ഞ തുക (മിനിമം ബാലൻസ്)
ബാങ്ക് അക്കൗണ്ടുകളിൽ വെക്കേണ്ട കുറഞ്ഞ തുക ഇത്രയെന്ന നിബന്ധനയുണ്ട്. സാധാരണ രീതിയിൽ ഇത് 1000 രൂപ മുതൽ മുകളിലേക്ക് ആണ്. ഓരോ തരം അക്കൗണ്ടിനും കുറഞ്ഞ തുക വേറെ വേറെ ആയിരിക്കും. അക്കൗണ്ടുമായി ബന്ധപ്പെട്ട് ബാങ്കുകൾ ഇടപാടുകാർക്ക് നൽകുന്ന സേവനങ്ങൾക്കനുസൃതമായിയാണ് ഇങ്ങനെ കുറഞ്ഞ തുക നിശ്ചയിട്ടുള്ളത്. അക്കൗണ്ട് തുടങ്ങുമ്പോൾ ഈ രീതിയിൽ നിശ്ചയിട്ടുള്ള കുറഞ്ഞ തുക എല്ലാ സമയത്തും അക്കൗണ്ടിൽ നിലനിർത്തണം. ഇല്ലെങ്കിൽ കുറഞ്ഞ തുക ഇല്ലാത്തതിന് ചാർജ് പിടിക്കും. ഇത് മാസാമാസം പിടിക്കുന്ന ചാർജ് ആണ്. അതിനാൽ അക്കൗണ്ട് തുടങ്ങുമ്പോൾ നിശ്ചയിട്ടുള്ള കുറഞ്ഞ തുക അക്കൗണ്ടിൽ നിലനിർത്താൻ ശ്രദ്ധിക്കുക.
കുട്ടികൾ, വിദ്യാർത്ഥികൾ, ശമ്പളക്കാർ എന്നിവരുടെ അക്കൗണ്ടുകൾ
പ്രായപൂർത്തി ആകാത്ത കുട്ടികൾക്കും വിദ്യാർത്ഥികൾക്കും ജോലിക്കാർക്കുമെല്ലാം സീറോ ബാലൻസ് അക്കൗണ്ടുകൾ എന്ന രീതിയിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ ബാങ്കുകൾ നൽകുന്നുണ്ട്. ഇത്തരം അക്കൗണ്ടുകളിൽ മിനിമം ബാലൻസ് (കുറഞ്ഞ തുക) വെക്കണം എന്നില്ല. എന്നാൽ നിശ്ചിത കാലാവധി കഴിയുമ്പോൾ മിനിമം ബാലൻസ് വെക്കണം എന്നോ, വിദ്യാർത്ഥികൾക്ക് പതിനെട്ട് വയസ്സ് കഴിഞ്ഞാൽ ഈ അക്കൗണ്ടിൽ മിനിമം ബാലൻസ് വേണമെന്നോ, ജോലിക്കാരുടെ അക്കൗണ്ടിൽ ശമ്പളം വരുന്നത് നിലച്ചാൽ ആ അക്കൗണ്ടിൽ ജോലിക്കാർക്കുള്ള അക്കൗണ്ട് എന്ന രീതിയിലുള്ള പ്രത്യേക ആനുകൂല്യങ്ങൾ പിന്നീട് നൽകില്ല എന്നോ ഒക്കെ സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങുമ്പോൾ നിബന്ധനകൾ ഉണ്ടാകും. അതുപോലെ ഓൺലൈൻ, ഡിജിറ്റൽ സൗകര്യങ്ങൾ ഉപയോഗിച്ച് തുടങ്ങുന്ന അക്കൗണ്ടുകൾ തുടക്കത്തിൽ സീറോ ബാലൻസ് ആണെങ്കിലും നിശ്ചിത കാലാവധി കഴിയുമ്പോൾ മിനിമം ബാലൻസ് വെക്കണമെന്നും, ബാങ്ക് ചാർജുകൾ ബാധകമാണെന്നും നിബന്ധനകൾ കാണും.
ബാങ്ക് അയക്കുന്ന SMS ന് ചാർജ്
അക്കൗണ്ടിലെ ഇടപാടുകൾ സംബന്ധിച്ചും മറ്റും ബാങ്കുകൾ ഇടപാടുകാർക്ക് അപ്പപ്പോൾ SMS അയക്കുന്ന പതിവുണ്ട്. ഇങ്ങനെ അയക്കുന്ന SMS ന് ചാർജുണ്ട്. എന്നാൽ ബാങ്കിന്റെ പുതിയ സേവനങ്ങളെക്കുറിച്ചും ഉല്പന്നങ്ങളെക്കുറിച്ചും മറ്റും ബാങ്ക് അയക്കുന്ന പ്രൊമോഷണൽ മെസ്സേജുകൾക്ക് ചാർജ് ഈടാക്കുകയില്ല.
പണം അയക്കുന്നതിന് ചാർജ്
ബാങ്കിൽ ചെന്ന് നേരിട്ട് ചെയ്യുന്ന ഇടപാടിന് മാത്രമല്ല, ഓൺലൈൻ, നെറ്റ് ബാങ്കിങ്, മൊബൈൽ ആപ്പ് (IMPS, NEFT, RTGS, UPI etc.) എന്നിവ വഴി പണം അയച്ചാലും ചാർജ് ഉണ്ട്.
ചെക്ക് ബുക്ക് വാങ്ങുമ്പോൾ
ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോൾ ചെക്ക് ബുക്ക് ലഭിക്കും. ആദ്യം തരുന്ന ചെക്ക് ബുക്കിന് ചാർജ് ഈടാക്കുന്ന പതിവില്ല. ബാങ്ക് ചാർജ് ഒന്നും ഇല്ലാതെ നൽകുന്ന ചെക്ക് ലീഫിന്റെ എണ്ണം ഓരോ അക്കൗണ്ടിന്റെയും സ്വഭാവം അനുസരിച്ച് നിജപ്പെടുത്തിയിരിക്കും. അതിനേക്കാൾ കൂടുതൽ ചെക്ക് ബുക്ക്, ചെക്ക് ലീഫുകൾ വേണമെങ്കിൽ അതിന് ഫീസുണ്ടാകാം.
ചെക്ക് മടങ്ങുമ്പോൾ
അക്കൗണ്ടിൽ പണമില്ലാതെയോ ഇടപാടുകാരന്റെ ഭാഗത്തു നിന്നുള്ള മറ്റെന്തങ്കിലും കാരണത്താലോ ചെക്ക് മടങ്ങിയാൽ അതിനു ചാർജുണ്ട്. ഇത് ECS, NACH, ഡയറക്റ്റ് ഡെബിറ്റ് എന്നിവയ്ക്കും ബാധകമാണ്.
അക്കൗണ്ടിൽ പണമില്ലെങ്കിൽ, പണം വരുമ്പോൾ പിടിക്കും
ഒരു കാര്യം പ്രത്യേകം അറിയുക. ഇത്തരം ചാർജുകളും ഫീസും അക്കൗണ്ടിൽ പണമുണ്ടെങ്കിൽ അതാതു സമയത്ത് ബാങ്ക് പിടിക്കും. ചാർജ് എടുക്കുവാൻ അക്കൗണ്ടിൽ പണമില്ലെങ്കിൽ അങ്ങനെയുള്ള ചാർജുകൾ കമ്പ്യൂട്ടറിൽ നോട്ട് ചെയ്ത് വെച്ച് എപ്പോൾ അക്കൗണ്ടിൽ പണം വരുന്നുവോ അപ്പോൾ പിടിക്കും. അക്കൗണ്ടിൽ പണമില്ലല്ലോ. ഇനി ചാർജോന്നും പിടിക്കില്ലല്ലോയെന്ന് സമാധാനിക്കേണ്ടതില്ല എന്ന് സാരം.
ബാങ്കിന്റെ നോട്ടീസ് ബോർഡ്, വെബ് സൈറ്റ് എന്നിവ നോക്കുക
ഈ വിധ ചാർജുകളുടെയും ഫീസിന്റെയും മുഴുവൻ വിവരങ്ങളും ബാങ്കുകളുടെ നോട്ടീസ് ബോർഡിലും വെബ് സൈറ്റിലും ഇടുന്നുണ്ട്. എന്നാൽ ഇടപാടുകാർ പൊതുവെ ഇതൊന്നും നോക്കാറില്ല. ബാങ്ക് ചാർജ് എടുത്തുകഴിയുമ്പോൾ ആണ് അത് അറിയുന്നത്. അപ്പോൾ പരാതി പറയും. പ്രധാന പരാതി ഇതൊന്നും എന്നോട് പറഞ്ഞിട്ടില്ല, എനിക്ക് അറിയില്ലായിരുന്നു എന്നാണ്. അത് കൊണ്ട് വലിയ ഗുണമില്ല. അക്കൗണ്ട് തുടങ്ങുന്ന സമയത്തോ വെൽക്കം കോളിലോ ഒക്കെയായി ബാങ്കുകൾ ഇക്കാര്യം പറഞ്ഞിട്ടുണ്ടാകും. ബാങ്കിന്റെ നോട്ടീസ് ബോർഡിലും വെബ് സൈറ്റിലും ഈ വിവരങ്ങൾ ഉണ്ടാകും. ബാങ്കുകൾ ഈ വിധം ചാർജുകളുടെയും ഫീസിന്റെയും വിവരങ്ങൾ വെബ് സൈറ്റിൽ ഇടണമെന്ന് റിസർവ് ബാങ്ക് നിഷ്കർച്ചിട്ടുണ്ട്. അതനുസരിച്ചാണ് അങ്ങനെ ചെയ്യുന്നത്.
English Summary : Know More About Banking Service Charges