‘വ്യാപാരികളോട് സർക്കാർ ആത്മാർഥത കാണിക്കണം’
Mail This Article
കേരളത്തിലെ ചെറുകിട വ്യാപാരി സമൂഹത്തെ സംരക്ഷിക്കാൻ സർക്കാർ കുറെക്കൂടി ആത്മാർഥത കാട്ടണമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. ചെറുകിട– ഇടത്തരം വ്യാപാരി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിച്ചു സമിതി നടത്തുന്ന വ്യാപാര സംരക്ഷണ യാത്ര ഇന്ന് തലസ്ഥാനത്തു സമാപിക്കും. സംരംഭക സമൂഹത്തെ തളർത്തുന്ന വികലമായ നയങ്ങൾക്കെതിരെ, സർക്കാരിന്റെ കണ്ണു തുറപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്നും സമരം രാഷ്ട്രീയ പ്രേരിതമല്ലെന്നും അദ്ദേഹം പറയുന്നു.
വ്യാപാര സമൂഹത്തിന്റെ ഏതൊക്കെ ആവശ്യങ്ങളാണ് പരിഹരിക്കപ്പെടാത്തത്?
ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തണമെന്ന വലിയ ആവശ്യം പരിഗണിക്കപ്പെടാതെ കിടക്കുന്നു. ഓൺലൈൻ വ്യാപാരത്തിൽ സർക്കാരിന് ഒരു നിയന്ത്രണവുമില്ല. 5% സെസ് ഏർപ്പെടുത്തണം. വ്യാപാര സ്ഥാപനങ്ങളിൽ ശുചിമുറിയും മാലിന്യ വീപ്പയും വേണമെന്നതടക്കമുള്ള നിബന്ധനകൾ അംഗീകരിക്കാനാവില്ല. പത്തോ ഇരുന്നൂറോ ചതുരശ്ര അടി മാത്രമുള്ള കടകളിൽ എങ്ങനെ ശുചിമുറി ഉണ്ടാക്കി പൊതുജനങ്ങൾക്കു തുറന്നു കൊടുക്കും? പ്ലാസ്റ്റിക് നിരോധനം ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ മാത്രമാണ് ബാധകം. വൻപിഴയിൽപ്പെട്ട് 6000 സ്ഥാപനങ്ങളാണ് പൂട്ടിയത്. അതേസമയം കോർപറേറ്റ് സ്ഥാപനങ്ങൾ പ്ലാസ്റ്റിക് നിർബാധം കൈകാര്യം ചെയ്യുന്നു. പ്ലാസ്റ്റിക് ശേഖരിക്കലിന്റെ പേരിൽ യൂസർ ഫീ ഏർപ്പെടുത്തിയതും ആഘാതമാണ്. ചെറുകിട വ്യാപാരി സമൂഹത്തെ ഇല്ലാതാക്കാൻ കോർപറേറ്റുകൾ ഒരു വിഭാഗം ഉദ്യോഗസ്ഥരെ വിലയ്ക്കു വാങ്ങിയതിന്റെ ഫലമാണിത്. മന്ത്രി പോലും അറിയാതെ അവർ നിയമങ്ങൾ ഉണ്ടാക്കുന്നു.
സമരം പ്രഖ്യാപിച്ച ശേഷം ചില നടപടികൾ ഉണ്ടായില്ലേ?
സംസ്ഥാനത്ത് വ്യാപാര മന്ത്രാലയം വേണമെന്ന ആവശ്യം തത്വത്തിൽ അംഗീകരിച്ചു. സബ്സിഡിയോടെ ബാങ്കുകൾ വായ്പ നൽകാൻ വഴിയൊരുക്കണമെന്ന നിർദേശവും അംഗീകരിച്ചു. വ്യാപാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ വേണമെന്നത് ആലോചിക്കാമെന്ന് ഉറപ്പു നൽകി. പ്രീമിയം പകുതി സർക്കാർ വഹിക്കണം. 20,000 പേരുടെ വാറ്റ് കുടിശിക എഴുതിത്തള്ളി. വ്യാപാരി സമൂഹത്തിന്റെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടുണ്ട്.
ഈസ് ഓഫ് ഡൂയിങ് ബിസിനസ് യാഥാർഥ്യമാക്കാൻ വ്യാപാരനയം വേണമെന്നതിൽ സർക്കാരിന്റെ പ്രതികരണം?
രാജ്യത്ത് വ്യാപാരവുമായി ബന്ധപ്പെട്ട് നയം നിലവിലില്ല. ആർക്കും എവിടെയും കച്ചവടം തുടങ്ങാം. 100 കോടി മുടക്കി കച്ചവടം തുടങ്ങിയാലും അതിനൊരു പഠനം പോലും ആവശ്യമില്ല. ഇതിനു മാറ്റമുണ്ടാകണം. അതിന് നയം അനിവാര്യമാണ്.
വ്യാപാരി സമൂഹം നേരിടുന്ന പ്രധാന പ്രതിസന്ധികൾ?
ഉദാരവൽക്കരണ നയങ്ങളുടെ ഫലമായി കോർപറേറ്റുകൾക്ക് ചെറുകിട മേഖലയിൽ മുതൽമുടക്കാൻ അനുവാദം നൽകിയതിലൂടെ ഗ്രാമങ്ങളിൽ വരെ ചെറുകിട സ്ഥാപനങ്ങൾ അപ്പാടെ പൂട്ടിക്കെട്ടി. ഒരു കടയിൽ 4 തൊഴിലാളികൾ എന്ന കണക്ക് വച്ചു നോക്കിയാൽ 4 ലക്ഷം തൊഴിലാളികൾക്കാണ് 10 വർഷത്തിനിടെ പണിയില്ലാതായത്.
ബാങ്കുകളുടെ നിഷേധാത്മക നിലപാടുകളെക്കുറിച്ചു വ്യാപാരികൾ പരാതി ഉന്നയിക്കുന്നു?
ബാങ്കുകൾ പല തരത്തിലുള്ള പിഴ, അന്യായമായ ഫീസുകൾ ഇവയൊക്കെ അടിച്ചേൽപിക്കുന്നു. ചെറിയ കുടിശിക വന്നാൽ പോലും ബാങ്കുകളുടെ സ്വഭാവം മാറും.
ജിഎസ്ടി പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടോ ?
ജിഎസ്ടി പിഴവുകൾ തിരുത്താൻ ഒറ്റത്തവണ അവസരം നൽകണമെന്നും കുടിശികയായ ഭീമമായ തുകയും പലിശയും എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടിട്ടും നടപടിയില്ല. 40 ലക്ഷം രൂപ വരെ വിറ്റുവരവ് ഉള്ള സ്ഥാപനങ്ങൾക്ക് നിലവിൽ ജിഎസ്ടി റജിസ്ട്രേഷൻ വേണ്ട. ഇത് 2 കോടി രൂപയാക്കണം.
വ്യാപാര മന്ത്രാലയം നിലവിൽ വന്നാലുള്ള ഗുണങ്ങൾ?
ലൈസൻസ് ഉൾപ്പെടെ എല്ലാം ഒരു കുടക്കീഴിലായാൽ ഏറെ ഗുണം ചെയ്യും. നിലവിൽ പല വകുപ്പുകൾ കയറിയിറങ്ങണം. പല മന്ത്രിമാരെ കാണണം. 1980 കൾ മുതൽ വ്യാപാരികൾ ആവശ്യപ്പെടുന്നതാണ് കേരളത്തിൽ പ്രത്യേക മന്ത്രാലയം.
കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാർ കാണുന്നുണ്ടോ?
ദേശീയപാതയിൽ തന്നെ പതിനായിരക്കണക്കിന് വ്യാപാരികളെ ഒഴിപ്പിച്ചു. കച്ചവടക്കാർക്ക് 75000 രൂപ വീതം മാത്രമാണ് നഷ്ടപരിഹാരം നൽകിയത്. അതേസമയം അവർ ലക്ഷക്കണക്കിനു രൂപ കടയിൽ ചെലവാക്കിയിട്ടുണ്ട്. മാന്യമായ പുനരധിവാസം വേണമെന്ന ആവശ്യം സർക്കാർ ചെവിക്കൊണ്ടിട്ടില്ല.
പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ദുരിതാശ്വാസ– പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഫണ്ടിൽ നിന്ന് ഒരു രൂപ പോലും വ്യാപാര സ്ഥാപനങ്ങളുടെ നഷ്ടങ്ങൾ പരിഹരിക്കാൻ വിനിയോഗിക്കാനാവില്ല. ആ നിബന്ധനയിലും മാറ്റം വന്നേ പറ്റൂ.