കൊച്ചിയിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് ഓടി അടുത്തെത്തും
Mail This Article
നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സഞ്ചരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പും. ഇതിന്റെ ട്രയൽ റൺ ആരംഭിച്ചു. ഇപ്പോൾ പ്രമോഷൻ മാത്രമാണ് ലക്ഷ്യമെങ്കിലും വാഹനം വഴിയുള്ള വിൽപന തിരഞ്ഞെടുപ്പിന് ശേഷം തുടങ്ങുമെന്ന് കരുതുന്നു.
ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ഉൽപന്നങ്ങൾ യാത്രക്കാരുടെ അടുത്തേക്ക് എത്തിച്ച് വിൽപന വർധിപ്പിക്കുന്നതിനാണ് പ്രമോഷൻ വാഹനം പുറത്തിറക്കിയിരിക്കുന്നത്. ഏറ്റവും ജനപ്രിയ ഉൽപന്നങ്ങളായിരിക്കും വാഹനത്തിലുണ്ടാവുക. വാഹനത്തിൽ തന്നെ പേയ്മെന്റും നടത്താം. രാജ്യാന്തര ടെർമിനലിലെ ഡിപ്പാർച്ചർ ഹാളിലായിരിക്കും ഇലക്ട്രിക് സെയിൽസ് വാൻ സർവീസ് നടത്തുക.
ഇപ്പോൾ ചോക്കലേറ്റ്, പെർഫ്യൂമുകൾ, കരകൗശല വസ്തുക്കൾ തുടങ്ങിയ ഉൽപന്നങ്ങളാണ് വാഹനത്തിലുള്ളത്. മദ്യമുൾപ്പെടെയുള്ള വസ്തുക്കൾ വിൽപന നടത്തണമോ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കാനിരിക്കുന്നതേ ഉള്ളൂ. കൂടുതൽ വാഹനങ്ങൾ ഭാവിയിൽ വാങ്ങാനും പദ്ധതിയുണ്ട്.