ADVERTISEMENT

ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക് നടപ്പുവർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 18.25 ശതമാനം വളർച്ചയോടെ 1,009.53 കോടി രൂപയുടെ ലാഭം (Net Profit) നേടി. ബാങ്കിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന ലാഭമാണിത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2023-24) ഡിസംബർപാദത്തിലെ ലാഭമായ 1,007 കോടി രൂപയുടെ റെക്കോർഡാണ് മറികടന്നത്.

മുൻവർഷത്തെ സമാനപാദ ലാഭം 853.74 കോടി രൂപയായിരുന്നു. ബാങ്കിന്‍റെ മൊത്തം ബിസിനസ് (Total Business) 4.05 ലക്ഷം കോടി രൂപയിൽ നിന്ന് 19.92 ശതമാനം വർധിച്ച് 4.86 ലക്ഷം കോടി രൂപയായിട്ടുണ്ട്.

പ്രവർത്തനലാഭം (Operating Profit) 1,500.91 കോടി രൂപയാണ്. ഇതും റെക്കോർഡാണ്. 1,302.35 കോടി രൂപയിൽ നിന്ന് 15.25 ശതമാനമാണ് വർധന. അറ്റ പലിശ വരുമാനം (NII) 1,918.59 കോടി രൂപയിൽ നിന്ന് 19.46 ശതമാനം ഉയർന്ന് 2,291.98 കോടി രൂപയിലെത്തിയതും ബാങ്കിന് നേട്ടമായി.

കിട്ടാക്കട അനുപാതം താഴേക്ക്
 

ബാങ്കിന് ആശ്വാസവുമായി കിട്ടാക്കട അനുപാത നിരക്ക് അഥവാ നിഷ്ക്രിയ ആസ്തി (എൻപിഎ/NPA) അനുപാതവും കുറഞ്ഞു. മൊത്തം നിഷ്ക്രിയ ആസ്തി (GNPA) 2.38 ശതമാനത്തിൽ നിന്ന് 2.11 ശതമാനത്തിലേക്കും അറ്റ നിഷ്ക്രിയ ആസ്തി (NNPA) 0.69 ശതമാനത്തിൽ നിന്ന് 0.60 ശതമാനത്തിലേക്കുമാണ് കുറഞ്ഞത്. കഴിഞ്ഞ 36 പാദങ്ങൾക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ജിഎൻപിഎയുള്ളത്.

ബാങ്കിന്‍റെ മൊത്തം ആസ്തി (Net Worth) 22,247.75 കോടി രൂപയിൽ നിന്ന് 30,300.84 കോടി രൂപയിലെത്തി. മൂലധന പര്യാപ്തതാ അനുപാതം (CRAR) 14.28 ശതമാനത്തിൽ നിന്നുയർന്ന് 15.57 ശതമാനമെന്ന മെച്ചപ്പെട്ട നിലയിലുമാണ്.

വായ്പാ-നിക്ഷേപങ്ങളിൽ ശ്രദ്ധേയ വളർച്ച
 

ബാങ്കിന്‍റെ മൊത്തം നിക്ഷേപം കഴിഞ്ഞപാദത്തിൽ 19.58 ശതമാനം ഉയർന്ന് 2.66 ലക്ഷം കോടി രൂപയിലും അറ്റ വായ്പകൾ (Net Advances) 20.34 ശതമാനം ഉയർന്ന് 2.20 ലക്ഷം കോടി രൂപയിലുമെത്തി. റീറ്റെയ്ൽ വായ്പകളിൽ 19.75 ശതമാനം, കോർപ്പറേറ്റ് വായ്പകളിൽ 12.20 ശതമാനം എന്നിങ്ങനെയാണ് വളർച്ച.

federal-bank

കാർഷിക വായ്പ 29.68 ശതമാനവും വ്യക്തിഗത വായ്പ 40 ശതമാനവും എംഎസ്എംഇ വായ്പ 22 ശതമാനവും മൈക്രോഫിനാൻസ് വായ്പ 107 ശതമാനവും ഉയർന്നു. സ്വർണ വായ്പകൾ 31 ശതമാനം വർധിച്ച് 27,431 കോടി രൂപയിലെത്തി. കറന്‍റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ/CASA) നിക്ഷേപം 10 ശതമാനം ഉയർന്നെങ്കിലും കാസ അനുപാതം (CASA Ratio) 31.85 ശതമാനത്തിൽ നിന്ന് 29.27 ശതമാനത്തിലേക്ക് താഴ്ന്നു. അറ്റ പലിശ മാർജിൻ (NIM) 3.20 ശതമാനത്തിൽ നിന്ന് 3.16 ശതമാനത്തിലേക്കും താഴ്ന്നു. ഇക്കഴിഞ്ഞ മാർച്ച് പാദത്തിൽ ഇത് 3.21 ശതമാനമായിരുന്നു.

പ്രവർത്തനക്ഷമതയുടെ മറ്റ് അളവുകോലുകളായ റിട്ടേൺ ഓൺ ഇക്വിറ്റി (RoE) 12.75 ശതമാനത്തിൽ നിന്ന് 13.64 ശതമാനത്തിലേക്കും റിട്ടേൺ ഓൺ അസറ്റ് (RoA) 1.22ൽ നിന്ന് 1.27 ശതമാനത്തിലേക്കും പാദാടിസ്ഥാനത്തിൽ വർധിച്ചു. വാർഷികാടിസ്ഥാനത്തിൽ ഇവയും കുറയുകയാണുണ്ടായത്.

ജൂൺ 30ലെ കണക്കുപ്രകാരം ഫെഡറൽ ബാങ്കിന് 1,518 ശാഖകളും 2,041 എടിഎമ്മുകളുമാണുള്ളത്.

ഓഹരി വിലയിൽ നേട്ടം
 

റെക്കോർഡ് ലാഭത്തോടെ പുതിയ സാമ്പത്തിക വർഷത്തിലേക്ക് ചുവടുവച്ചതിൽ അഭിമാനമുണ്ടെന്ന് ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു. ഇന്ന് ബാങ്കിന്‍റെ ഓഹരി വില ഒരുവേള 2 ശതമാനത്തിലധികം ഉയർന്ന് 52-ആഴ്ചയിലെ ഉയരമായ  204 രൂപവരെ എത്തിയിരുന്നു. നിലവിൽ ഓഹരി വിലയുള്ളത് 1.15 ശതമാനം നേട്ടവുമായി 200.23 രൂപയിൽ.

Stock market INdia
Stock market INdia

49,040 കോടി രൂപയാണ് നിലവിൽ ബാങ്കിന്‍റെ വിപണിമൂല്യം (Market Cap). ഇത് 50,000 കോടി രൂപ ഭേദിച്ചാൽ കേരളത്തിൽ നിന്നുള്ള ലിസ്റ്റഡ് കമ്പനികളിൽ ആ നേട്ടം കുറിക്കുന്ന അഞ്ചാമത്തെ കമ്പനിയായി ഫെഡറൽ ബാങ്ക് മാറും. മുത്തൂറ്റ് ഫിനാൻസ് (70,175 കോടി രൂപ), കൊച്ചിൻ ഷിപ്പ്‍യാ‍ർഡ് (67,453 കോടി രൂപ), ഫാക്ട് (66,282 കോടി രൂപ), കല്യാൺ ജ്വല്ലേഴ്സ് (60,806 കോടി രൂപ) എന്നിവയാണ് വിപണിമൂല്യത്തിൽ ഫെഡറൽ ബാങ്കിന് മുന്നിലുള്ള കേരള കമ്പനികൾ. കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 49 ശതമാനവും ഒരുമാസത്തിനിടെ 13 ശതമാനവും നേട്ടമാണ് ഫെഡറൽ ബാങ്ക് ഓഹരികൾ നിക്ഷേപകർക്ക് സമ്മാനിച്ചിട്ടുള്ളത്.

6,000 കോടി രൂപ സമാഹരിക്കും
 

കടപ്പത്ര വിൽപനയിലൂടെയും മറ്റും 6,000 കോടി രൂപ സമാഹരിക്കാൻ ഡയറക്ടർ ബോർഡ് അനുമതി നൽകിയിട്ടുണ്ടെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര, രാജ്യാന്തര സ്വകാര്യ നിക്ഷേപകർക്ക്  (private placement) കടപ്പത്രങ്ങൾ നൽകിയാകും സമാഹരണം.

തലപ്പത്തേക്ക് കെവിഎസ് മണിയൻ
 

ശ്യാം ശ്രീനിവാസന്‍റെ പിൻഗാമിയായി ഫെഡറൽ ബാങ്കിന്‍റെ മാനേജിങ് ഡയറക്ടറും സിഇഒയുമായി കൃഷ്ണൻ വെങ്കട് സുബ്രഹ്മണ്യൻ എന്ന കെവിഎസ് മണിയൻ സെപ്റ്റംബർ 23ന് ചുമതലയേൽക്കും. മൂന്ന് വർഷത്തേക്കാണ് നിയമനം. ഇതിന് റിസർവ് ബാങ്കിന്‍റെ അനുമതി ലഭിച്ചിരുന്നു.

കൊട്ടക് മഹീന്ദ്ര ബാങ്കിൽ നിന്നാണ് കെവിഎസ് മണിയൻ ഫെഡറൽ ബാങ്കിലേക്ക് എത്തുന്നത്. കൊട്ടക് ബാങ്കിന്‍റെ ജോയിന്‍റ് മാനേജിങ് ഡയറക്ടർ പദവിയിൽ നിന്ന് ഏപ്രിൽ 30ന് അദ്ദേഹം രാജിവച്ചിരുന്നു. 2010 മുതൽ ഫെഡറൽ ബാങ്കിന്‍റെ എംഡി ആൻഡ് സിഇഒയായി പ്രവർത്തിക്കുന്ന ശ്യാം ശ്രീനിവാസന്‍റെ കാലാവധി സെപ്റ്റംബർ 22ന് അവസാനിക്കും.

English Summary:

Federal Bank Achieves Record Profit of Rs 1,009.53 Crore in Q1 2024-25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com