ജിയോയ്ക്ക് ഡബിൾ ധമാക്ക! ഓൺലൈൻ പേയ്മെന്റ് സേവനത്തിന് പച്ചക്കൊടി; മ്യൂച്വൽഫണ്ട് രംഗത്തേക്ക് കടക്കാനും അനുമതി
Mail This Article
റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ജിയോ ഫിനാൻഷ്യൽ സർവീസസും യുഎസ് രാജ്യാന്തര നിക്ഷേപക സ്ഥാപനമായ ബ്ലാക്ക്റോക്കും ചേർന്ന് രൂപീകരിച്ച രണ്ട് സംയുക്ത സംരംഭങ്ങൾക്ക് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അനുമതി. ജിയോ ബ്ലാക്ക്റോക്ക് അസറ്റ് മാനേജ്മെന്റ്, ജിയോ ബ്ലാക്ക്റോക്ക് ട്രസ്റ്റീ എന്നിവയ്ക്കാണ് അനുമതി ലഭിച്ചത്. ഇതോടെ, ഇവയ്ക്ക് മ്യൂച്വൽഫണ്ട് സേവനരംഗത്തേക്ക് കടക്കാൻ ഇനി കഴിയും. മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് മ്യൂച്വൽഫണ്ട് സേവന രംഗത്തേക്കും കടക്കുകയാണ് ഇതുവഴിയെന്നതാണ് പ്രത്യേകത.
കഴിഞ്ഞവർഷം ജൂലൈയിലായിരുന്നു തുല്യ ഓഹരി പങ്കാളിത്തത്തോടെ സംയുക്ത സംരംഭങ്ങൾ രൂപീകരിക്കാൻ ജിയോ ഫിനാൻഷ്യൽ സർവീസസും ബ്ലാക്ക്റോക്കും തീരുമാനിച്ചത്. സെബിയുടെ അനുമതിയും ഇരു കമ്പനികൾക്കും അടുത്തിടെ ലഭിച്ചിരുന്നു. ജിയോ ബ്ലാക്ക്റോക്ക് അസറ്റ് മാനേജ്മെന്റ് കമ്പനിയിൽ 50% ഓഹരിക്കായി ജിയോ ഫിനാൻഷ്യൽ 82.5 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. ജിയോ ബ്ലാക്ക്റോക്ക് ട്രസ്റ്റീയിൽ 40 ലക്ഷം രൂപ നിക്ഷേപത്തോടെയും 50% ഓഹരികൾ സ്വന്തമാക്കും.
ജിയോ ഓൺലൈൻ പേയ്മെന്റ് രംഗത്തേക്കും
ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ഉപസ്ഥാപനമായ ജിയോ പേയ്മെന്റ് സൊല്യൂഷൻസിന് (ജെപിഎസ്എൽ) ഓൺലൈൻ പേയ്മെന്റ് സേവനത്തിലേക്ക് കടക്കാൻ റിസർവ് ബാങ്കിന്റെ അനുമതിയും ലഭിച്ചു. യുപിഐ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, ഇ-വോലറ്റ് തുടങ്ങിയ ഓൺലൈൻ സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകാൻ ഇനി ജിയോ പേയ്മെന്റ് സൊല്യൂഷൻസിന് കഴിയും. പേയ്ടിഎം, ഗൂഗിൾപേ, ഫോൺപേ തുടങ്ങിയവയ്ക്ക് വൻ വെല്ലുവിളിയാണ് ഓൺലൈൻ പേയ്മെന്റ് രംഗത്തേക്കുള്ള ജിയോയുടെ പ്രവേശനം. ഇന്ന് 2.87% നേട്ടത്തോടെ 325.75 രൂപയിലാണ് ജിയോഫിൻ ഓഹരിവിലയുള്ളത്.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)