കേരളത്തിന്റെ നേട്ടങ്ങൾ നിലനിർത്താൻ വ്യവസായങ്ങൾ ശക്തിപ്പെടണം: മന്ത്രി പി. രാജീവ്
Mail This Article
തിരുവനന്തപുരം∙ വ്യവസായം ശക്തിപ്പെട്ടാൽ മാത്രമേ ക്ഷേമസംസ്ഥാനമെന്ന രൂപത്തിലുള്ള കേരളത്തിന്റെ നേട്ടങ്ങൾ നിലനിർത്താൻ കഴിയൂ എന്ന് വ്യവസായ മന്ത്രി പി.രാജീവ്. മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് അവതരിപ്പിച്ച റെസ്പോൺസിബിൾ സിറ്റിസൻ പദ്ധതിയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നികുതി അടയ്ക്കുന്നതിലൂടെ ജനങ്ങളെ ഉത്തരവാദിത്തബോധമുള്ള പൗരന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി അവതരിപ്പിച്ചത്.
കേരളത്തിന്റെ ആഭ്യന്തര വരുമാനം വർധിക്കണമെങ്കിൽ ഉൽപ്പാദനമേഖലയിൽ മുന്നേറണമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപ്പാദന വളർച്ചാ നിരക്ക് 12 ശതമാനമാണെങ്കിൽ വ്യവസായത്തിന്റെ വളർച്ചാ നിരക്ക് 17.3 ശതമാനമാണ്. കേരളത്തിൽ അടുത്ത കാലത്തൊന്നും ആഭ്യന്തര ഉൽപ്പാദന വളർച്ചാ നിരക്കിനു മുകളിൽ വ്യവസായ വളർച്ചാനിരക്ക് വന്നിട്ടില്ല. ഇതിൽ ഉൽപ്പാദനമേഖലയുടെ വിഹിതം 18.9 ശതമാനമാണ്. പത്തുവർഷം മുൻപ് ഇത് 9 ശതമാനമായിരുന്നു. എംഎസ്എംഇ മേഖലയിലെ ലോൺ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 10,000 കോടിരൂപ കൂടി. ചരിത്രത്തിലെ ഉയര്‍ന്ന നിരക്കാണിത്. ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ 25000 കോടിരൂപയാകുമെന്നാണ് പ്രതീക്ഷ. ഇതനുസരിച്ച് ആഭ്യന്തര സമ്പദ്ഘടനയിലേക്കുള്ള വരവ് കൂടണം. വരവ് കൂടണമെങ്കിൽ ആനുപാതികമായി എല്ലാവരും നികുതി നൽകണം. നികുതി അടയ്ക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ മനോരമ ഓൺലൈനിന്റെ ക്യാംപയിൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മലബാർ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ എംപി അഹമ്മദ് ആശംസ അറിയിച്ചു. മനോരമ ഓൺലൈൻ സീനിയർ കണ്ടന്റ് കോ ഓർഡിനേറ്റർ ജോവി എം.തേവര സ്വാഗത പ്രസംഗം നടത്തി. മലയാള മനോരമ ചീഫ് ഓഫ് ബ്യൂറോ ജോൺ മുണ്ടക്കയം നന്ദിപ്രകാശനം നടത്തി. സമാപന സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന പാനൽ ചർച്ചയിൽ ഉത്തര രാമകൃഷ്ണൻ മോഡറേറ്ററായി. മണപ്പുറം ഫിനാൻസ് സിഇഒ വി.പി.നന്ദകുമാർ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സീനിയർ ഡയറക്ടർ എ.എം.ഇസ്മയിൽ, ജിഎസ്‍ടി ജോയിന്റ് കമ്മിഷണർ കിരൺലാൽ, ജിയോജിത്ത് പ്രൈവറ്റ് വെൽത്ത് മേധാവി ദിനേശ് കെ.നായർ തുടങ്ങിയവർ പങ്കെടുത്തു.
∙ റെസ്‌പോണ്‍സിബിള്‍ സിറ്റിസൻ പദ്ധതി
ജനങ്ങളെ ഉത്തരവാദിത്തബോധമുള്ള പൗരന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് റെസ്പോൺസിബിൾ സിറ്റിസൺ പദ്ധതി അവതരിപ്പിച്ചത്.
"നേര് ശീലമാക്കാം, കടമകൾ മറക്കാതിരിക്കാം" എന്നായിരുന്നു പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. കോഴിക്കോട്ടു നടന്ന വർണാഭമായ ചടങ്ങിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. സമൂഹത്തോടും സഹജീവികളോടും കൂടുതൽ ഉത്തരവാദിത്തവും പ്രതിബദ്ധതയും ഉള്ളവരാകാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന സാമൂഹിക അവബോധ പ്രചാരണത്തിനുള്ള ശ്രമമായിരുന്നു മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് റെസ്പോൺസിബിൾ സിറ്റിസൺ പ്രൊജക്ട്. ഉത്തരവാദിത്വബോധമുള്ള പൗരന്മാർ രാജ്യപുരോഗതിക്ക് അത്യന്താപേക്ഷിതമായ ഘടകമാണ്. ഈ ആശയം വിവിധ പ്രവർത്തനങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിട്ടത്. ആർക്കും പങ്കാളികളാകാവുന്ന പല ഘട്ടങ്ങൾ ആയാണ് പദ്ധതി നടപ്പിലാക്കിയത്.
∙ റെസ്പോൺസിബിൾ ടാക്സ്പെയർ സിറ്റിസൻ
റെസ്പോൺസിബിൾ സിറ്റിസൺ പ്രൊജക്ടിന്റെ ഏറ്റവും ശ്രദ്ധേയമായ ഘട്ടമായിരുന്നു റെസ്പോൺസിബിൾ ടാക്സ്പെയർ സിറ്റിസൻ മത്സരം. സാധനങ്ങൾ വാങ്ങുമ്പോൾ ജിഎസ്ടി അടച്ച ബിൽ വാങ്ങിയിട്ടുള്ളവർക്കാണ് ഈ മൽസരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. ടാക്സ്പെയർ മത്സരത്തിലൂടെ നികുതി അടയ്ക്കുന്നതിന്റെ പ്രാധാന്യം സമൂഹത്തിലേക്കെത്തിക്കുകയായിരുന്നു മത്സരാർഥികൾ. 12 ആഴ്ചകളിലായി നടന്ന മത്സരത്തിൽ 12 വിജയികൾക്ക് ധനമന്ത്രി കെഎൻ ബാലഗോപാൽ ഓരോ പവൻ സ്വർണവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
കൂടുതൽ ഉത്തരവാദിത്തത്തോടെയും ക്രിയാത്മകമായും സ്വർണം കൈകാര്യം ചെയ്യാൻ ജനങ്ങളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ രണ്ടാംഘട്ടമായ റെസ്പോൺസിബിൾ ഗോൾഡ് വിഡിയോ സിരീസ് വഴി ചെയ്തത്. സ്വർണത്തെ സംബന്ധിക്കുന്ന സാധാരണക്കാരന്റെ ഏതു സംശയത്തിനും സ്വർണ നിക്ഷേപരംഗത്തെ വിദഗ്ധർ ഈ വിഡിയോ സീരീസിൽ മറുപടി നൽകി.
English Summary: Valedictory Ceremony of Malabar Gold and Daimonds Responsible Citizen- Manorama Online Contest 2022