22,000 രൂപ വരുമാനം, വീട് അടക്കമുള്ള ലക്ഷ്യങ്ങൾക്ക് എങ്ങനെ പണം സമാഹരിക്കാം?
Mail This Article
ചോദ്യം: എന്‍റെ പേര് മഹേഷ് കുമാർ എം. 36 വയസ്സുള്ള വിവാഹിതനാണ്. ഐടി സപ്പോർട്ട് മേഖലയിലാണു ജോലി ചെയ്യുന്നത്. 22,500 രൂപയാണ് ശമ്പളം (ഡിഡക്‌ഷനൊന്നും ഇല്ല). ഭാര്യയുംപെൺമക്കളും അടങ്ങുന്നതാണു കുടുംബം. ഭാര്യയ്ക്ക് 30 വയസ്സാണ് പ്രായം. മൂത്തകുട്ടിക്ക് 7 വയസ്സ്, ഇളയ ആൾക്ക് 4 മാസം പ്രായം. ലാബ് ടെക്നീഷ്യൻ ആയ ഭാര്യ ഇപ്പോൾ ജോലിക്കു പോകുന്നില്ല. കുട്ടി വലുതായിക്കഴിഞ്ഞാൽ വീണ്ടും ജോലിക്കു പോയിത്തുടങ്ങണമെന്നാണ് ആഗ്രഹം. നിലവിൽ ബാധ്യതകളൊന്നും ഇല്ല. മാസം 500 രൂപ പോസ്റ്റ് ഓഫിസിൽ റിക്കറിങ് ഡിപ്പോസിറ്റായി നിക്ഷേപിക്കുന്നു. വാടകയ്ക്കാണ് താമസം. 2 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ് ഉണ്ട്. വീട്ടുവാടക 5,000 രൂപ. മൂത്ത കുട്ടിയുടെ പഠനം, വീട്ടാവശ്യങ്ങൾ ഒക്കെയായി ബാക്കി തുക ചെലവഴിക്കും. മാസം ഒരു 5,000 രൂപ മിച്ചം പിടിക്കാൻ ഓരോ മാസവും ശ്രമിക്കുന്നുണ്ടെങ്കിലും നടക്കാറില്ല.അതിനാൽ, അത്രയും തുക നിക്ഷേപത്തിനായി നീക്കിവയ്ക്കാമെന്നു കരുതുന്നു.
ലക്ഷ്യങ്ങൾ
1. 5 സെന്റ് സ്ഥലം വാങ്ങി (2–3 വർഷത്തിനുള്ളിൽ) വീടു വയ്ക്കണം. സ്ഥലം വാങ്ങിയിട്ടിട്ട് പിന്നീട് 2–3 വർഷം സമയം എടുത്ത് രണ്ടു ബെഡ് റൂമുകൾ ഉള്ള സാധാരണ വീട് പണിയണമെന്നാണ് ആഗ്രഹം.
2. എന്തെങ്കിലും ഒരു സൈഡ് ബിസിനസ് പാസീവ് ഇങ്കത്തിനായി തുടങ്ങണം എന്നും ആഗ്രഹമുണ്ട്. എന്നാൽ, എന്തു ബിസിനസ് തുടങ്ങണമെന്നോ എത്ര മുടക്കുമുതൽ വേണമെന്നോ തീരുമാനിച്ചിട്ടില്ല.
3. വീടുപണിക്കാണ് പ്രഥമ പരിഗണന എങ്കിലും അതിനുശേഷം കുട്ടികളുടെ ഭാവിക്കായി ഒരു തുക നീക്കിവയ്ക്കണം എന്നും ആഗ്രഹിക്കുന്നു.
സാമ്പത്തികാസൂത്രണത്തിന് അനുയോജ്യമായ പ്ലാൻ പറഞ്ഞു തരാമോ ?
മറുപടി: സാമ്പത്തികാസൂത്രണം നടത്തുന്നതിന് വരുമാനം ഒരു പ്രധാന ഘടകമല്ല. ഏതു വരുമാനം ഉള്ളവരും അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു ശരിയായ സാമ്പത്തികാസൂത്രണം ചെയ്തു പോകുന്നതാണ് ഉചിതം. അല്ലാത്തപക്ഷം അനാവശ്യമായി വായ്പകളെയും മറ്റും ആശ്രയിക്കേണ്ടിവരും. അല്ലെങ്കിൽ ജീവിതലക്ഷ്യങ്ങൾ മാറ്റിവയ്ക്കുകയോ ഉപേക്ഷിക്കുകയോ വേണ്ടിവന്നേക്കാം. സാഹചര്യം മാറുന്നതിനനുസരിച്ച് േനരത്തേ ചെയ്തു വച്ചിരിക്കുന്ന സാമ്പത്തികാസൂത്രണത്തിന് ആവശ്യം വേണ്ട ഭേദഗതി വരുത്തി മുന്നോട്ടു പോകാനും തയാറാകണം.
ഇവിടെ താങ്കളുടെ വരുമാനം 22,500 രൂപയാണ്. ജീവിതച്ചെലവും, വാടകയും കഴിഞ്ഞ് 5,000 രൂപ മിച്ചം പിടിക്കാൻ ശ്രമിക്കുന്നു. പലപ്പോഴും അതിനു സാധിക്കുന്നില്ല എന്നാണു പറയുന്നത്. എല്ലാ ജീവിതച്ചെലവുകളും കഴിഞ്ഞ് തുക മാറ്റിവയ്ക്കാൻ ശ്രമിക്കുന്നതുകൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത്. വാടകയ്ക്കും മറ്റും തുക മാറ്റുന്നതുപോലെ തന്നെ 5,000 രൂപ വരുമാനം ലഭിക്കുമ്പോൾത്തന്നെ മാറ്റിവച്ചശേഷം ആ മാസത്തെ ചെലവ് പ്ലാൻ െചയ്താൽ ഒരുപരിധിവരെ ഈ പ്രശ്നത്തിനു പരിഹാരമാകും. എന്നിരുന്നാൽത്തന്നെയും ഇന്നത്തെ ജീവിതച്ചെലവുകളും വിലക്കയറ്റവും മൂലം എപ്പോഴും ഇതു സാധിക്കണമെന്നില്ല എന്ന യാഥാർഥ്യം അവഗണിക്കുന്നില്ല.
ഇവിടെ വാടകയ്ക്കും നിക്ഷേപത്തിനുമായി 5,000 രൂപ വീതം മാറ്റിയാൽ ബാക്കി 12,500 രൂപയാവും മിച്ചം ഉണ്ടാവുക. ഇതിൽ 10,000 രൂപയുടെ ബജറ്റിൽ മറ്റു ചെലവുകൾ ഉൾക്കൊള്ളിക്കാനായാൽ 2,500 രൂപ മിച്ചം ഉണ്ടാവുകയും ഏതെങ്കിലും ആകസ്മികമായി ഉണ്ടാകുന്ന അധികച്ചെലവ് ഈ തുകയിൽനിന്ന് ഉപയോഗിക്കുന്ന രീതിയിൽ ബജറ്റ് തയാറാക്കിയാൽ നിക്ഷേപത്തിലേക്ക് ആ തുകയും വകയിരുത്തി മുന്നോട്ടു പോകാനാകും. അധികച്ചെലവിനായി മാറ്റിവയ്ക്കുന്ന തുക അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ മാത്രം വിനിയോഗിക്കുക. അല്ലാത്തപക്ഷം അത് ഒരു സേവിങ്സ് ആയി നിലനിർത്തിക്കൊണ്ടുപോകാൻ ശ്രദ്ധിക്കുക. ഈ ഒരു രീതി താങ്കളുടെ സാമ്പത്തിക കാര്യത്തിൽ കൊണ്ടുവന്നാൽ മാത്രമേ ജീവിതലക്ഷ്യങ്ങൾക്കുള്ള തുക കണ്ടെത്താനാകൂ. അതിന് അച്ചടക്കത്തോടെയുള്ള നിക്ഷേപം ആവശ്യമാണ്. അല്ലാത്തപക്ഷം ഉദ്ദേശിച്ച തുക യഥാസമയം സമാഹരിക്കാൻ സാധിക്കാതെ വരും.
ജീവിതലക്ഷ്യങ്ങളിൽ വീട്, കുട്ടികളുടെ പഠനം എന്നിവയാണല്ലോ പ്രധാനമായും ഉള്ളത്. പ്രഥമ പരിഗണന വീടിനായതുകൊണ്ടും ആറു വർഷത്തിനുള്ളിൽ ഈ ലക്ഷ്യത്തിനുള്ള തുക സമാഹരിക്കേണ്ടതുള്ളതുകൊണ്ടും ഇതിനാവശ്യമായ തുക എങ്ങനെ കണ്ടെത്താനാകും എന്നു നോക്കാം. ഈ ലക്ഷ്യത്തിന് എത്ര തുക ആവശ്യമാണ് എന്നു പറഞ്ഞിട്ടില്ല. വരുമാനം കുറവാണ് എന്ന കാര്യം താങ്കൾക്കു ബോധ്യം ഉള്ളതാണല്ലോ. വരുമാനം വർധിപ്പിക്കുന്നതിന് മറ്റു വഴികൾ തേടുന്നത് നല്ലതാണ്, മുതൽമുടക്കു വരാത്ത ഏതെങ്കിലും രീതി പരീക്ഷിക്കുന്നതാവും ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ ഉചിതം. താങ്കളുടെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങളും ജീവിതലക്ഷ്യങ്ങളുടെ കാലയളവും പരിഗണിക്കുമ്പോൾ നഷ്ടസാധ്യത കുറവുള്ള റിക്കറിങ് ഡിപ്പോസിറ്റ് പോലുള്ള നിക്ഷേപങ്ങളാണ് അനുയോജ്യം. അടുത്ത ആറു വർഷം നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന 5,000 രൂപ തുടർച്ചയായി നിക്ഷേപിച്ചാൽ സമാഹരിക്കാൻ സാധിക്കുന്ന തുക 4.45 ലക്ഷം രൂപയാണ്. അതായത്, താങ്കൾക്ക് ഈ കാലയളവിൽ സമാഹരിക്കാൻ പറ്റുന്ന പരമാവധി തുക 4.45 രൂപ ആയതുകൊണ്ടുതന്നെ ഒരു വായ്പയുടെ സഹായം കൂടാതെ ലക്ഷ്യത്തിലേക്ക് എത്തുക സാധ്യമല്ല.
എന്നിരുന്നാൽ തന്നെയും സമാഹരിക്കുന്ന മുഴുവൻ തുകയും ഈ ലക്ഷ്യത്തിനായി നീക്കിവച്ചാൽ മറ്റു ജീവിതലക്ഷ്യങ്ങൾക്ക് തുക സമാഹരിക്കാൻ ബുദ്ധിമുട്ടാകും. പുതിയ വീട് ആയിക്കഴിഞ്ഞാൽ വാടകയിനത്തിൽ മാറ്റുന്ന തുകയായ 5,000 രൂപ ഒരു വായ്പ തിരിച്ചടവിനായി വിനിയോഗിച്ചാൽ പരമാവധി 5 ലക്ഷം രൂപയുടെ ഭവനവായ്പ എടുക്കാനാകും. 15 വർഷത്തേക്കുള്ള ഈ വായ്പയ്ക്ക് 9% പലിശയാണു കണക്കാക്കിയിരിക്കുന്നത്. ഇത്തരത്തിൽ വായ്പയും നിക്ഷേപത്തിൽനിന്നു സമാഹരിച്ച തുകയും ചേർത്ത് പരമാവധി 9.50 ലക്ഷം രൂപയാണ് ആറു വർഷംകൊണ്ടു സമാഹരിക്കാനാകുന്നത്. ഇന്നത്തെ സാമ്പത്തികസ്ഥിതി അനുസരിച്ച് ഈ തുകയ്ക്കുള്ളിൽ നിൽക്കുന്ന വീട് വയ്ക്കാനുള്ള സാധ്യതയേ ഇപ്പോൾ കാണുന്നുള്ളൂ. ഇപ്പോൾ വരുമാനത്തിൽനിന്നു മാറ്റിവയ്ക്കാൻ ഉദ്ദേശിക്കുന്ന 5,000 രൂപ തുടർന്നും മറ്റു ജീവിതലക്ഷ്യങ്ങൾക്കായി നീക്കിവയ്ക്കുക. വീട് എന്ന സ്വപ്നത്തിലേക്ക് ആറു വർഷം എടുക്കുന്നതുകൊണ്ട് അതിനുശേഷം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി യഥാക്രമം 4 വർഷവും 10 വർഷവും ഉണ്ടാകും. ഇതിൽ മൂത്ത കുട്ടിയുടെ വിദ്യാഭ്യാസത്തിനായി നഷ്ടസാധ്യത കുറവുള്ള നിക്ഷേപം തിരഞ്ഞെടുക്കണം. എന്നാൽ, രണ്ടാമത്തെ കുട്ടിക്കായി ഓഹരിയധിഷ്ഠിത നിക്ഷേപങ്ങള്‍ (ഇക്വിറ്റി ഫണ്ടുകൾ)പരിഗണിക്കാവുന്നതാണ്.
ഏതെങ്കിലും തരത്തിൽ ഒരു അധിക വരുമാനമുണ്ടാക്കാനായാൽ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനാകും. ഭാര്യ കൂടി ജോലിക്കു പോകുന്നതോടെ ഒരുപരിധിവരെ കാര്യങ്ങൾ ശരിയാകും എന്നു പ്രതീക്ഷിക്കുന്നു. ഭാവിയിൽ റിട്ടയർമെന്റ് കാലയളവിലേക്കുള്ള മുഴുവൻ തുകയും സമാഹരിക്കാൻ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട്, അധികവരുമാനം ലഭിക്കുന്ന ഏതെങ്കിലും ഒരു കാര്യം ഇപ്പോൾത്തന്നെ കണ്ടെത്തി തുടർന്നുകൊണ്ടു പോകുന്നതു നല്ലതായിരിക്കും. കുടുംബം താങ്കളുടെ വരുമാനത്തെ ആശ്രയിച്ചു നിൽക്കുന്നതുകൊണ്ട് 50 ലക്ഷം രൂപയുടെ ടേം ഇൻഷുറൻസിനൊപ്പം മൂന്നു ലക്ഷം രൂപയുടെ ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഇൻഷുറൻസ് കൂടി എടുക്കണം. നിലവിലെ സാമ്പത്തികസ്ഥിതി അനുസരിച്ച് ജീവിതലക്ഷ്യങ്ങൾക്കുള്ള തുക എത്രമാത്രം കണ്ടെത്താനാകും എന്ന് ഉറപ്പില്ല. എങ്കിലും ഇവിടെ തന്നിരിക്കുന്ന നിർദേശങ്ങളനുസരിച്ച് അച്ചടക്കത്തോടെ നിക്ഷേപിക്കാനായാൽ ഒരു പരിധിവരെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാകും.
മനോരമ സമ്പാദ്യം സെപ്റ്റംബർ ലക്കം Happy Life പംക്തിയിൽ പ്രസിദ്ധീകരിച്ചത്.
നിങ്ങളുടെ സാമ്പത്തികഭാവി സുരക്ഷിതം ആക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ വരവും ചെലവും ബാധ്യതകളും ഉൾപ്പെടെയുള്ള പൂർണ വിവരങ്ങൾ ചേർത്ത് എഴുതുക. ഫോൺ നമ്പറും വിലാസവും എഴുതാൻ മറക്കരുത്.
വാട്സാപ്: 9207749142
ഹാപ്പിലൈഫ്
മനോരമ സമ്പാദ്യം, കോട്ടയം - 686001
ഇ–മെയിൽ : sampadyam@mm.co.in
English Summary:Financial Plan For A Salaried Person To Achieve Goals