ഹാപ്പിയസ്റ്റ് മാജിക്; ഒരു വർഷത്തിനകം 10 ഇരട്ടി നേട്ടം!
Mail This Article
ഒരു വർഷം മുൻപ് ആദ്യ പബ്ലിക് ഇഷ്യുവുമായി വന്ന ഹാപ്പിയസ്റ്റ് മെൻഡ്സ് ടെക്നോളജീസ് ഓഹരി വിപണിയെ മൊത്തം ഹാപ്പിയാക്കിയിരിക്കുകയാണ് ഇപ്പോൾ. സെപ്റ്റംബർ മൂന്നിനു 1537 രൂപ വരെ രേഖപ്പെടുത്തിയതോടെ ഐപിഒ നിക്ഷേപകർക്ക് ഒറ്റ വർഷത്തിനകം കിട്ടിയത് 9.25 ഇരട്ടി നേട്ടം.
ഇഷ്യു തുടങ്ങി ഒരു വർഷം പൂർത്തിയാക്കുന്ന സെപ്റ്റംബർ ഏഴിനകം പത്തിരട്ടി നേട്ടം (1660 രൂപ) എന്ന റെക്കോർഡിലേക്ക് എത്തുമോ എന്ന ആകാംഷയിലാണ് നിക്ഷേപകരിപ്പോൾ. അല്ലെങ്കിൽ ലിസ്റ്റിങ് വാർഷികമായ സെപ്റ്റംബർ 17 നകം അതുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിപണി.
ബാംഗ്ലൂർ ആസ്ഥാനമായുള്ള ഈ ഐടി കമ്പനി ഇന്ത്യൻ വിപണിയിലെ മിന്നും താരമായി മാറിയിരിക്കുയാണ്. ജനുവരി ഒന്നു മുതൽ ഇതുവരെയുള്ള കണക്കെടുത്താൽ ഹാപ്പിയസ്റ്റ് മെൻഡ്സ് നൽകിയത് 315 ശതമാനം നേട്ടം. ഈ എട്ടു മാസക്കലയളവിൽ ഏറ്റവും നേട്ടം നൽകിയ രണ്ടാമത്തെ ഓഹരിയെന്ന സ്ഥാനവും കമ്പനിക്കാണ്.
165–166 രൂപ ഇഷ്യുവിലയിൽ 702 കോടി രൂപയുടെ ഫണ്ട് സമാഹരണം ലക്ഷ്യമിട്ട് സെപ്റ്റംബർ ഏഴിനു ഐപിഒ ഓപ്പൺ ചെയ്തു. 151 ഇരട്ടി ആവശ്യക്കാരായിരുന്നു ഇഷ്യുവിന്. തുടർന്നു പത്തു ദിവസത്തിനകം 111% നേട്ടം നൽകി സെപ്റ്റംബർ 17 നു ബമ്പർ ലിസ്റ്റിങ്, 351 രൂപയ്ക്ക്. ലിസ്റ്റിങ് ദിവസം തന്നെ വിലയിൽ പത്തു ശതമാനത്തോളം വർധന രേഖപ്പെടുത്തി.