ചെറുകിട ഓഹരികളിൽ വില്‍പ്പന സമ്മർദ്ദം, സെബിയുടെ ആശങ്ക ശരിവെച്ച് നിക്ഷേപകർ
Mail This Article
ഇന്ത്യൻ ഓഹരി വിപണിയിലെ ചെറുകിട, ഇടത്തരം ഓഹരികളുടെ മൂല്യനിർണയം അപകടമുണ്ടാക്കിയേക്കാം എന്ന മുന്നറിയിപ്പ് സെബി നൽകിയതിന് പിന്നാലെ ഇത്തരം ഓഹരികളിലെ വിൽപ്പന ഉയർന്നു. ചെറുകിട ഓഹരികളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലേക്കുള്ള വലിയ ഒഴുക്ക് നിയന്ത്രിക്കാൻ സാധിക്കുന്നില്ല എന്നും അവർ പറഞ്ഞു.
സ്‌മോൾ, മിഡ് ക്യാപ് ഫണ്ടുകളിലേക്കുള്ള ഒരുമിച്ചുള്ള (ലംപ്‌സം) നിക്ഷേപം ഉചിതമാണോ എന്ന് മ്യൂച്വൽ ഫണ്ട് ട്രസ്റ്റികൾ പരിശോധിക്കണമെന്ന് സെബി നിർദ്ദേശിച്ചു. സ്‌മോൾ ക്യാപ് കുമിള പൊട്ടാൻ കാത്തിരിക്കാതെ ഉചിതമായ തീരുമാനം എടുക്കുന്നതാണ് നല്ലതെന്നും സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് കഴിഞ്ഞ ദിവസം പറഞ്ഞു. സെബി ഈ ആശങ്കകൾ പങ്കുവെച്ചതിന് ശേഷം ഓഹരി വിപണിയിൽ സ്‌മോൾ ക്യാപ് ഓഹരികളിൽ വൻ വിൽപ്പനയാണുണ്ടായത്.
നികുതി സംബന്ധിച്ച കാര്യങ്ങൾ ശരിയാക്കേണ്ട മാസമായ മാർച്ചിൽ പൊതുവെ വിൽപ്പന സമ്മർദ്ദം ഉണ്ടാകാറുള്ളതാണ്. എന്നാൽ ഇപ്പോൾ സ്‌മോൾ ക്യാപുകളെക്കുറിച്ചുള്ള സെബിയുടെ ആശങ്കകൾ കൂടി വന്നതോടെ ഓഹരി വിപണിയിൽ ചെറുകിട, ഇടത്തരം ഓഹരികൾ വൻ വിൽപ്പന സമ്മർദ്ദത്തിലാണ്. ലാർജ് ക്യാപ് ഓഹരികളിൽ വില്പന സമ്മർദ്ദം അധികം ഇല്ലാത്തതിനാൽ സെൻസെക്‌സും,നിഫ്റ്റിയും പറയത്തക്ക രീതിയിൽ താഴുന്നില്ലെങ്കിലും സ്‌മോൾ ക്യാപ് സൂചിക താഴുകയാണ്.