ADVERTISEMENT

വെള്ളിയാഴ്ചത്തെ വീഴ്ചയോടെ ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിലെ നേട്ടങ്ങൾ കൈവിട്ടിരുന്നു. വെള്ളിയാഴ്ച നടന്ന വിദേശ ഫണ്ടുകളുടെ 8027 കോടി രൂപയുടെ വിൽപ്പന വിപണിക്ക് നിർണായകമായി. അമേരിക്കൻ പണപ്പെരുപ്പത്തിലെ ചാഞ്ചാട്ടങ്ങളും, ടിസിഎസിന്റെ റിസൾട്ട് വെള്ളിയാഴ്ച വിപണി സമയത്തിന് ശേഷം വരാനിരുന്നതും, ഇറാൻ-ഇസ്രായേൽ സംഘർഷവും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു. 

കഴിഞ്ഞ ആഴ്ചയിൽ 22,513 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി 22,775 എന്ന റെക്കോർഡ് ഉയരം കുറിച്ച ശേഷം വെള്ളിയാഴ്ചത്തെ വീഴ്ചയോടെ വീണ്ടും 22,519 പോയിന്റിലാണ് ക്ളോസ് ചെയ്തത്. മുൻആഴ്ചയിൽ 74248 പോയിന്റിലവസാനിച്ച സെൻസെക്സ് റെക്കോർഡ് ഉയരം താണ്ടിയ ശേഷം വീണ്ടും 74,244  പോയിന്റിൽ ക്ളോസ് ചെയ്തു. ബാങ്കിങ്, മെറ്റൽ, റിയൽറ്റി, ഫിനാൻഷ്യൽ സെക്ടറുകൾ കഴിഞ്ഞ ആഴ്ചയിൽ മികച്ച മുന്നേറ്റം നടത്തിയപ്പോൾ ഫാർമ സെക്ടർ നഷ്ടം കുറിച്ചു. 

ഇന്ത്യൻ സിപിഐ &ഐഐപി ഡേറ്റ 

share-4-

മാർച്ചിൽ ഇന്ത്യൻ റീറ്റെയ്ൽ പണപ്പെരുപ്പ വളർച്ച വിപണിഅനുമാനത്തിനും താഴെ 4.85%ൽ നിന്നതും, ഫെബ്രുവരിയിലെ വ്യവസായികോല്‍പ്പാദനം വിപണി അനുമാനത്തിനൊപ്പമെത്തിയില്ലെങ്കിലും 5.7% വളർച്ച കുറിച്ചതും ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. ഇന്ത്യയുടെ ജിഡിപി മികച്ച വളർച്ച നേടിയ കാലഘട്ടത്തിലും പണപ്പെരുപ്പം അനുമാനത്തിനും താഴെ നിന്നത് നേട്ടമാണ്. 

ജനുവരിയിൽ 3.8% മാത്രം വളർച്ച കുറിച്ച ഇന്ത്യൻ വ്യവസായികോല്പാദനം ഫെബ്രുവരിയിൽ വിപണി അനുമാനമായ 6%ൽ തൊട്ട് താഴെ എത്തിയപ്പോൾ മൈനിങ്, പവർ സെക്ടറുകൾ യഥാക്രമം 8%വും, 7.5%വും വളർച്ച കുറിച്ചു. ജനുവരിയിൽ 3.6% വളർച്ച കുറിച്ച ഇന്ത്യയുടെ മാനുഫാക്ച്ചറിങ് സെക്ടർ ഫെബ്രുവരിയിൽ 5% വളർച്ച കുറിച്ചത് മാനുഫാക്ച്ചറിങ് ഓഹരികൾക്ക് അനുകൂലമാണ്. . 

നിരാശപ്പെടുത്തി അമേരിക്കൻ ബാങ്കുകൾ  

share-2-

ഫെബ്രുവരിയിൽ അമേരിക്കയുടെ റീറ്റെയ്ൽ പണപ്പെരുപ്പം വിപണിപ്രതീക്ഷയിലും കവിഞ്ഞ വളർച്ച നേടിയത് ബുധനാഴ്ച അമേരിക്കൻ വിപണിക്ക് തിരുത്തൽ നൽകിയെങ്കിലും, വ്യാഴാഴ്ച വന്ന പ്രൊഡ്യൂസഴ്സ് പ്രൈസ് ഇൻഡക്സ് വിപണി അനുമാനത്തിലും കുറഞ്ഞ വളർച്ച കുറിച്ചത് വിപണിക്ക് തിരിച്ചു വരവും നൽകി. വ്യാഴാഴ്ച 1.68% മുന്നേറ്റം നേടിയ നാസ്ഡാക് വെള്ളിയാഴ്ച വീണ്ടും 1.52% വീണ് കഴിഞ്ഞ ആഴ്ച നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഫെഡ് നിരക്ക് കുറയ്ക്കൽ ഇനിയും നീണ്ടേക്കുമെന്നുള്ള ഭയത്തിനിടയിൽ വെള്ളിയാഴ്ച വന്ന ബാങ്കിങ് കമ്പനികളുടെ ആദ്യപാദ റിസൾട്ടുകൾ നിരാശപ്പെടുത്തിയത് വെള്ളിയാഴ്ച ഡൗ ജോൺസിനും, എസ്&പിക്കും, 1.24%വും 1.45%വും വീതം തിരുത്തലും നൽകി.  

ജെപി മോർഗനും, വെൽസ് ഫാർഗോയും വരും വർഷത്തിൽ പലിശ വരുമാനത്തിൽ ഇടിവ് അനുമാനിക്കുന്നത് ഓഹരികൾക്ക് തിരിച്ചടിയായപ്പോൾ മികച്ച റിസൾട്ട് പ്രഖ്യാപിച്ച സിറ്റി ഗ്രൂപ്പും വെള്ളിയാഴ്ച 2% നഷ്ടം കുറിച്ചു. 

വീണ്ടും യുദ്ധകാഹളം 

ഇറാനും ഇസ്രയേലും നേർക്കുനേർ പോർമുഖം തുറക്കുന്നതു വിപണിക്കും ആശങ്കജനകമാണ്. ഡമാസ്കസിലെ ഇറാൻ എംബസി ആക്രമിച്ചതിന് പ്രതികാരമായി ഇറാൻ ഏതു സമയത്തും തിരിച്ചടി നടത്തിയേക്കാമെന്ന അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടും, ഇസ്രായേലും യുദ്ധസജ്ജമാണെന്ന വാർത്തയും വിപണിക്ക് ശുഭകരമല്ല. യുദ്ധസന്നാഹങ്ങൾ കൊഴുക്കുമ്പോൾ സ്വർണവും, ഒപ്പം ക്രൂഡ് ഓയിലും ഇനിയും മുന്നേറ്റം തുടർന്നേക്കാം. യുദ്ധസാഹചര്യം ഒഴിവാകുന്നത് വിപണിക്ക് അനുകൂലമാകുമ്പോൾ സ്വർണത്തിനും, ഓയിലിനും തിരുത്തലിനും കാരണമായേക്കാം.  

market1

ലോകവിപണിയിൽ അടുത്ത ആഴ്ച 

∙അമേരിക്കൻ റീറ്റെയ്ൽ വില്‍പ്പനക്കണക്കുകൾ തിങ്കളാഴ്ചയും, വ്യവസായികോല്‍പ്പാദനക്കണക്കുകൾ ചൊവാഴ്ചയും, ജോബ് ഡേറ്റ വ്യാഴാഴ്ചയും അമേരിക്കൻ വിപണിയെ സ്വാധീനിക്കും. ആദ്യപാദ ഫലങ്ങളും, ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും അടുത്ത ആഴ്ചയിൽ അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണികളെയും സ്വാധീനിക്കും. 

∙ചൈനയുടെ ജിഡിപി, വ്യവസായികോല്പാദനം, റീറ്റെയ്ൽ വില്പന അടക്കമുള്ള കണക്കുകൾ ചൊവ്വാഴ്ച പുറത്ത് വരുന്നത് ഏഷ്യൻ-യൂറോപ്യൻ വിപണികൾക്ക് പ്രധാനമാണ്. 

∙ബ്രിട്ടീഷ്-യൂറോ സോൺ സിപിഐ ഡേറ്റകൾ ബുധനാഴ്ച യൂറോപ്യൻ വിപണികളെ സ്വാധീനിച്ചേക്കാം. 

∙ഐഎംഎഫ് മീറ്റിങിലെ പ്രഖ്യാപനങ്ങളും അടുത്ത ആഴ്ച ലോക വിപണികളെ സ്വാധീനിച്ചേക്കാം. 

∙മാർച്ചിലെ ഇന്ത്യൻ മൊത്തവിലക്കയറ്റക്കണക്കുകളും, ഭക്ഷ്യവിലക്കയറ്റക്കണക്കുകളും തിങ്കളാഴ്ചയാണ് പുറത്ത് വരുന്നത്. ഇന്ത്യയുടെ കഴിഞ്ഞ മാസത്തെ കയറ്റുമതി-ഇറക്കുമതി കണക്കുകളും പുറത്ത് വരുന്നു. 

ഓഹരികളും സെക്ടറുകളും  

∙ടിസിഎസ് നാലാം പാദത്തിൽ നേരിയ വരുമാനവർധനവും വിപണി അനുമാനം മറികടന്ന അറ്റാദായവും സ്വന്തമാക്കിയത് ഐടി സെക്ടറിന് അനുകൂലമായേക്കാം. ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ ഓർഡർ ബുക്ക് 13.2 ബില്യൺ അമേരിക്കൻ ഡോളർ എന്ന റെക്കോർഡ് ഉയരത്തിലെത്തിയത് ഓഹരിക്ക് അനുകൂലമാണ്.  

∙ടെസ്‌ല ഇന്ത്യൻ പങ്കാളിയായി റിലയൻസിനെ പരിഗണിക്കുന്നു എന്ന വാർത്തയും, ടെസ്‌ലയുടെ ഇന്ത്യൻ ഉൽപ്പാദനകേന്ദ്രത്തിനായി സ്ഥലമന്വേഷിച്ചു തുടങ്ങിയെന്ന വാർത്തയും ഇന്ത്യൻ ഓട്ടോ ആൻസിലറി സെക്ടറിന് ഉത്തേജനം നൽകും. ഈ മാസം തന്നെ ഇലോൺ മസ്‌ക് ഇന്ത്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. 

market

∙രാജ്യാന്തര വിപണിയിൽ ലോഹവിലകൾ കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതിനെ തുടർന്ന് മെറ്റൽ സെക്ടറും കഴിഞ്ഞ ആഴ്ചയിൽ മുന്നേറ്റം നേടി. കഴിഞ്ഞ അഞ്ച് സെഷനുകളിൽ 3% മുന്നേറ്റം നേടിയ നിഫ്റ്റി മെറ്റൽ സൂചിക ഒരു വർഷത്തിനുള്ളിൽ 60% വളർച്ചയാണ് സ്വന്തമാക്കിയത്. 

∙കഴിഞ്ഞ ആഴ്ചയിൽ 18% മുന്നേറിയ വേദാന്ത കഴിഞ്ഞ ഒരു മാസക്കാലയളവിൽ 48%വും ഹിന്ദ് സിങ്ക് കഴിഞ്ഞ ആഴ്ചയിൽ 28% മുന്നേറ്റവുമാണ് സ്വന്തമാക്കിയത്. 

∙അനന്ത് രാത്തി മുൻ വർഷത്തിൽ നിന്നും 34% വർദ്ധനവോടെ 197 കോടി രൂപയുടെ വരുമാനവും, 33% വളർച്ചയോടെ 57 കോടി രൂപയുടെ അറ്റാദായവും കുറിച്ചത് ഓഹരിക്ക് അനുകൂലമാണ്. മുൻ പാദത്തിൽ 58 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. 

∙അദാനി എനർജി സൊല്യൂഷൻ ലിമിറ്റഡ് ലോകത്തിലെ ഏറ്റവും വലിയ പവർ പ്ലാന്റ് സജ്ജമാക്കുന്നത് ഓഹരിക്ക് അനുകൂലമാണ്. 

∙എച്ച്എഎല്ലുമായി 1173 കോടി രൂപയുടെ കരാർ ഒപ്പിട്ടതിന് പിന്നാലെ അമേരിക്കൻ നേവിയുമായി മാസ്റ്റർ ഷിപ് യാർഡ് റിപ്പയർ എഗ്രിമെന്റ് ഒപ്പിട്ടത് കൊച്ചിൻ ഷിപ് യാർഡിന് അനുകൂലമാണ്. 

∙കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രണ്ട് ദശലക്ഷത്തിലധികം ഏസികൾ വില്‍പ്പന നടത്തിയ വോൾട്ടാസ് കഴിഞ്ഞ ആഴ്ചയിലും മുന്നേറ്റം തുടർന്നു. കത്തുന്ന ചൂടിൽ എയർകണ്ടീഷൻ ഓഹരികൾ ഇനിയും മുന്നേറ്റം തുടരും. 

∙മുൻവർഷത്തെ അപേക്ഷിച്ച് 90% വർദ്ധനവോടെ 5914 കോടി രൂപയുടെ വിറ്റുവരവ് സ്വന്തമാക്കിയ പുറവങ്കര പ്രോജക്ട്സ് ലിമിറ്റഡ് വെള്ളിയാഴ്ച 10% അപ്പർ സർക്യൂട്ടും സ്വന്തമാക്കി 324 രൂപയെന്ന റെക്കോർഡ് ഉയരത്തിലാണ് ക്ളോസ് ചെയ്തത്. 

∙സൗത്ത് ഇന്ത്യൻ ബാങ്കിൽ സിറ്റി ഗ്രൂപ്പ് നിക്ഷേപം നടത്തിയത് ഓഹരിക്ക് ദീർഘകാലാടിസ്ഥാനത്തിൽ അനുകൂലമാണ്. 

∙ഇന്ദ്രി ബ്രാൻഡ് സിംഗിൾ മാൾട്ട് വിസ്കി ഏറ്റവും പെട്ടെന്ന് രണ്ട് ലക്ഷം കെയ്‌സ് എന്ന വില്‍പ്പനലക്ഷ്യത്തിലെത്തി റെക്കോർഡ് കുറിച്ചത് പിക്കാഡിലി അഗ്രോക്ക് അനുകൂലമാണ്. 

share-9-

അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ 

ഇൻഫോസിസ്, വിപ്രോ, പെഴ്‌സിസ്റ്റന്റ് എന്നീ ഐടി ഭീമന്മാർക്കൊപ്പം എച്ച്ഡിഎഫ്സി ബാങ്കിന്റെയും എച്ച്ഡിഎഫ്സി എഎംസി, എച്ച്ഡിഎഫ്സി ലൈഫ് എന്നിവയുടെ റിസൾട്ടുകളും അടുത്ത ആഴ്ച വരാനിരിക്കുന്നത് ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. 

ഹിന്ദുസ്ഥാൻ സിങ്ക്, ബജാജ് ഓട്ടോ, ടാറ്റ കമ്മ്യൂണിക്കേഷൻ, റിലയൻസ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ച്ചർ, ജിയോ ഫിനാൻഷ്യൽ സർവീസസ്, ക്രിസിൽ, ഏയ്ഞ്ചൽ വൺ, ജസ്റ്റ് ഡയൽ, എയിംക്കോ എലെക്കോ, സ്വരാജ് എഞ്ചിൻ, ഡെൻ നെറ്റ് വർക്സ്, മാസ്ടെക്, നാഷണൽ സ്റ്റാൻഡേർഡ്, നെറ്റ് വർക്ക്-18, ഇൻഫോ മീഡിയ, ഗുജറാത്ത് ഹോട്ടൽ, ഓറിയന്റൽ ഹോട്ടൽ. അലോക് ഇൻഡസ്ട്രീസ്, ഇന്റെഗ്ര എസെൻഷ്യ മുതലായ കമ്പനികളും അടുത്ത ആഴ്ചയിൽ ഫലം പ്രഖ്യാപിക്കുന്നു.   

ക്രൂഡ് ഓയിൽ 

മിഡിൽ ഈസ്റ്റ് സംഘർഷങ്ങളുടെ പിൻബലത്തിൽ ബ്രെന്റ് ക്രൂഡ് ഓയിൽ കഴിഞ്ഞ ആഴ്ചയിലും 90ഡോളറിന് മുകളിലാണ് വ്യാപാരം അവസാനിപ്പിച്ചെങ്കിലും ആഴ്ചക്കണക്കിൽ നഷ്ടം കുറിച്ചു. മിഡിൽ ഈസ്റ്റിലെ യുദ്ധസമാനസാഹചര്യങ്ങൾ ക്രൂഡിന് അനുകൂലമാണെങ്കിലും ഫെഡ് നിരക്ക് കുറയ്ക്കൽ നീണ്ടു പോകുമെന്ന സൂചന ക്ഷീണമാണ്. അടുത്ത ആഴ്ചയിലെ ചൈനീസ് ഡേറ്റകളും, ഐഎംഎഫ് യോഗതീരുമാനങ്ങളും, അനുമാനങ്ങളും ക്രൂഡ് ഓയിൽ വിലയേയും സ്വാധീനിച്ചേക്കാം. 

സ്വർണം 

Image Credits: raisbeckfoto/Istockphoto.com
Image Credits: raisbeckfoto/Istockphoto.com

രാജ്യാന്തര സ്വർണ വിലയിൽ വൻചാഞ്ചാട്ടം അനുഭവപ്പെട്ട വെള്ളിയാഴ്ച റെക്കോർഡ് ഉയരമായ 2448 ഡോളർ അടിച്ച സ്വർണം 2360 ഡോളറിലാണ് ക്ളോസ് ചെയ്തത്. ഇറാൻ-ഇസ്രായേൽ സംഘർഷസാധ്യതയും സ്വർണത്തിന്റെ മുന്നേറ്റത്തിന് പിന്തുണ നൽകി.  

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അഭൂതപൂർവമായ മുന്നേറ്റം നേടിയ സ്വർണം ഇനിയും മുന്നേറ്റം നേടുമെന്ന പ്രവചനമാണ് ഗോൾഡ്മാൻ സാക്‌സ് മാർച്ചിലെ അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകളുടെ വെളിച്ചത്തിൽ നടത്തിയത്. 

ബേസ് മെറ്റലുകൾ 

ബേസ് മെറ്റലുകളെല്ലാം മികച്ച മുന്നേറ്റം നടത്തിയ ആഴ്ചയാണ് കടന്നു പോയത്. കോപ്പറും, അലുമിനിയവും, ലെഡും, സിങ്കും കഴിഞ്ഞ ആഴ്ചയിലും മികച്ച മുന്നേറ്റം കുറിച്ചു. 

ഇരുമ്പ് അയിരിന് മോർഗൻ സ്റ്റാൻലി മികച്ച മുന്നേറ്റമാണ് പ്രവചിക്കുന്നത്. ഈ വർഷം മൂന്നാം പാദത്തിൽ ഇരുമ്പ് അയിര് ടണ്ണിന് 120 ഡോളർ വരുമെന്ന് പ്രവചിച്ച ഇൻവെസ്റ്റ്മെന്റ് ബാങ്കർ ചൈനയിൽ നിന്നുമുള്ള സ്റ്റീൽ ആവശ്യകത വർദ്ധിക്കുമെന്നും സ്റ്റീൽ വിലയിൽ വലിയ ചാഞ്ചാട്ടങ്ങൾക്ക് സാധ്യതയുണ്ടെന്നും പ്രവചിച്ചു.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Iran-Israel War-and Stock Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com