21 വർഷം, 188 ടെസ്റ്റ്, 40037 പന്തുകൾ, 704 വിക്കറ്റ്; ഒടുവിൽ രാജ്യാന്തര ക്രിക്കറ്റ് അവസാനിപ്പിച്ച് ആൻഡേഴ്സൻ
Mail This Article
ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലെ ബോളേഴ്സ് ബാറിനു പുറത്തു സ്ഥാപിച്ചിരിക്കുന്ന മണി ഇനിയും മുഴങ്ങും. പവലിയൻ എൻഡിൽ നിന്ന്, തുകൽ മണം മാറാത്ത ഡ്യൂക്കിന്റെ ന്യൂബോളുമായി ഒട്ടേറെ പേസർമാർ ഇനിയും ഓടിയെത്തും. ഇംഗ്ലണ്ടിന്റെ മണ്ണും മനസ്സും കീഴടക്കാൻ സാധിക്കുന്ന ബോളർമാർ വീണ്ടും അവതരിക്കും. പക്ഷേ, കാറ്റിലാടുന്ന ചെമ്പൻ തലമുടിയും കയ്യിൽ ഒളിപ്പിച്ചുപിടിച്ച പന്തുമായി കുതിച്ചെത്തുന്ന, മറ്റൊരു ജയിംസ് മൈക്കൽ ആൻഡേഴ്സൻ സ്പെല്ലിന് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം ക്രിക്കറ്റ് ലോകത്തിന് ഉണ്ടാകില്ല.
തിളക്കം മങ്ങാത്ത പന്തും അതിൽ വിളക്കിച്ചേർത്ത വിരലുകളുമായി ആൻഡേഴ്സൻ ഇതാ പടിയിറങ്ങുന്നു, 188 ടെസ്റ്റും 704 വിക്കറ്റുകളും തുന്നിച്ചേർത്ത 21 വർഷത്തെ ഐതിഹാസിക ടെസ്റ്റ് കരിയറുമായി.
∙ പേസ് പെർഫക്ട്
മുത്തയ്യ മുരളീധരനും ഷെയ്ൻ വോണും അനിൽ കുംബ്ലെയുമടക്കമുള്ള സ്പിൻ ഇതിഹാസങ്ങൾ അടക്കിവാണ ടെസ്റ്റ് ക്രിക്കറ്റിൽ പേസ് ബോളർമാർക്ക് ഇരിപ്പിടമൊരുക്കിയവരിൽ പ്രധാനിയായിരുന്നു ആൻഡേഴ്സൻ. പരുക്കും പ്രായവും പല പേസർമാരുടെയും കരിയറിന് കൂച്ചുവിലങ്ങിട്ടപ്പോൾ ഫിറ്റ്നസ് പ്രശ്നം മൂലം ഒരിക്കൽപോലും ടീമിന് പുറത്തിരിക്കേണ്ടിവന്നിട്ടില്ലെന്നത് ക്രിക്കറ്റിനോടുള്ള ആൻഡേഴ്സന്റെ ആത്മസമർപ്പണത്തിനു തെളിവാണ്.
അതുകൊണ്ടാകാം 41–ാം വയസ്സിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്നു പടിയിറങ്ങുമ്പോൾ മുരളീധരനും (800) വോണിനും (708) പിന്നിലായി, ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരമെന്ന തങ്കക്കിരീടം ആൻഡേഴ്സന് അണിയാൻ സാധിച്ചത്.
കഴിഞ്ഞ 21 വർഷമായി ഇംഗ്ലണ്ട് ടെസ്റ്റ് ടീം ഇലവനിൽ മാറ്റമില്ലാതെ തുടർന്നത് ആൻഡേഴ്സന്റെ പേരുമാത്രമായിരുന്നു. ഈ കാലയളവിൽ 109 പേരാണ് ആൻഡേഴ്സന്റെ സഹതാരങ്ങളായി ഇംഗ്ലണ്ട് ടീമിൽ കളിച്ചത്. ഒരുപക്ഷേ, ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ മറ്റാർക്കും അവകാശപ്പെടാനാകാത്ത മറ്റൊരു ‘ആൻഡേഴ്സൻ സ്പെഷൽ’.
∙ സ്വീറ്റ് & സ്വിങ്
പേസർമാരുടെ പറുദീസയാണ് ഇംഗ്ലണ്ടിലെ പിച്ചുകളെങ്കിൽ അവിടെ ബാറ്റർമാരുടെ ‘പുഞ്ചിരിക്കുന്ന’ പേടിസ്വപ്നമായിരുന്നു ആൻഡേഴ്സൻ. ഇൻ സ്വിങ്ങും ഔട്ട് സ്വിങ്ങും റിവേഴ്സ് സ്വിങ്ങും ഒരുപോലെ കൈകാര്യം ചെയ്ത ആൻഡേഴ്സനു മുന്നിൽ സാക്ഷാൽ സച്ചിൻ തെൻഡുൽക്കർക്കു മുതൽ വിരാട് കോലിക്കു വരെ അടിതെറ്റി.
ഇംഗ്ലണ്ടിൽ 106 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 24.42 ശരാശരിയിൽ 438 വിക്കറ്റുകൾ വീഴ്ത്തിയ ആൻഡേഴ്സൻ, മറ്റു രാജ്യങ്ങളിലായി 82 മത്സരങ്ങളിൽ നിന്ന് 29.83 ശരാശരിയിൽ മടക്കിയയച്ചത് 266 ബാറ്റർമാരെയാണ്.
മറ്റു പേസർമാർ മുപ്പതുകളുടെ അവസാനം രാജ്യാന്തര കരിയർ അവസാനിപ്പിക്കുമ്പോൾ തന്റെ 40–ാം വയസ്സിൽ, ടെസ്റ്റ് ബോളർമാരുടെ ഐസിസി റാങ്കിങ്ങിന്റെ തലപ്പത്ത് സ്വന്തം പേര് എഴുതിച്ചേർക്കുന്ന തിരക്കിലായിരുന്നു ആൻഡേഴ്സൻ.
∙ ദ് ലാസ്റ്റ് ഡാൻസ്
ആൻഡേഴ്സന്റെ അവസാന ടെസ്റ്റ് തുടങ്ങുന്നതിനു മുൻപ് ലോഡ്സിലെ ‘അനുവാദ മണി’ മുഴക്കാനുള്ള നിയോഗം മക്കളായ ലോലയ്ക്കും റൂബിക്കുമായിരുന്നു. വിടർന്ന ചിരിയും നിറഞ്ഞ കണ്ണുകളുമായാണ് തന്റെ ‘ലാസ്റ്റ് ഡാൻസിനായി’ ലോഡ്സിലെ ലോങ് റൂമിലൂടെ ആൻഡേഴ്സൻ ഇറങ്ങിവന്നത്. ആദ്യ ഇന്നിങ്സിൽ ഒരു വിക്കറ്റുമായി തൃപ്തിപ്പെടേണ്ടിവന്നെങ്കിലും രണ്ടാം ഇന്നിങ്സിൽ 3 വെസ്റ്റിൻഡീസ് ബാറ്റർമാരെ മടക്കിയാണ് ആ നാൽപത്തിയൊന്നുകാരൻ തിരിച്ചുകയറിയത്. അതിൽ ജോഷ്വ ഡി സിൽവയെ പുറത്താക്കിയ പന്ത് ആൻഡേഴ്സന്റെ പ്രതാപകാലത്തിന്റെ ഓർമപുതുക്കലായി.
മത്സരശേഷം തിരിച്ചെത്തിയ ആൻഡേഴ്സനെ കാത്ത്, ഒരു പതിറ്റാണ്ടിലധികം തനിക്കൊപ്പം ന്യൂബോൾ പങ്കുവച്ച സ്റ്റുവർട്ട് ബ്രോഡ് ഡ്രസിങ് റൂമിലുണ്ടായിരുന്നു. ബ്രോഡ് പകർന്നുനൽകിയ ബീയറുമായി ലോഡ്സിന്റെ ബാൽക്കണിയിലൂടെ ആൻഡേഴ്സൻ പുറത്തുവന്നു. ഗ്രൗണ്ടിൽ തിങ്ങിക്കൂടിയ പതിനായിരങ്ങളെ ബീയർ ഗ്ലാസ് ഉയർത്തി അഭിവാദ്യം ചെയ്ത ശേഷം, ഒറ്റ ശ്വാസത്തിൽ അതുമുഴുവൻ കുടിച്ചുവറ്റിച്ചു. അപ്പോഴും ഒരിക്കൽ കൂടി ആ ന്യൂബോളിൽ വിരലുകൾ ചേർത്തുപിടിക്കാനുള്ള ‘ദാഹം’ ആൻഡേഴ്സന്റെ മുഖത്തുണ്ടായിരുന്നു...