ADVERTISEMENT

മുംബൈ∙ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി കളിക്കാത്തത് ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ സഞ്ജുവിന്റെ സാധ്യതകൾ ഇല്ലാതാക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഏകദിന ക്രിക്കറ്റ് ടീമിൽ ഋഷഭ് പന്തിനു പകരക്കാരനായി ഇടം പിടിക്കാൻ സഞ്‍ജുവിനു മുന്നിൽ സാധ്യതകൾ ഉണ്ടായിരുന്നെന്നും ആകാശ് ചോപ്ര യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചു. സൽമാൻ നിസാറാണ് വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തെ നയിക്കുന്നത്. സഞ്ജു സാംസണു പുറമേ സീനിയർ താരം സച്ചിൻ ബേബിയും കേരള ടീമിൽ കളിക്കുന്നില്ല.

‘‘വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു സാംസൺ ഇല്ല. എന്താണു സംഭവിച്ചതെന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. വയനാട്ടിലേക്കു പോയി ക്യാംപിൽ പങ്കെടുക്കാത്തതുകൊണ്ട് അദ്ദേഹത്തെ കേരള ടീമിൽ എടുത്തില്ല. കാലിൽ പരുക്കുള്ളതിനാൽ കളിക്കില്ലെന്ന് സഞ്ജു തന്നെ ടീം മാനേജ്മെന്റിനെ അറിയിച്ചതായി ചില ഫാൻ പേജുകളിൽ കണ്ടിരുന്നു. സഞ്ജു വിജയ് ഹസാരെ കളിക്കണമായിരുന്നു.’’

‘‘ട്വന്റി20യിൽ മൂന്ന് സെഞ്ചറികൾ നേടിയപ്പോൾ തന്നെ ഏകദിന ക്രിക്കറ്റിനെക്കുറിച്ചും നിങ്ങൾ ചിന്തിക്കണം. ഋഷഭ് പന്ത് സ്ഥിരം സ്ഥാനമുറപ്പിച്ചിട്ടില്ലാത്തതിനാൽ എന്തുകൊണ്ട് അങ്ങനെ ചിന്തിച്ചുകൂടാ? അതിനു വേണ്ടി സഞ്ജു വിജയ് ഹസാരെയിൽ കളിക്കണമായിരുന്നു. അല്ലാതെ ചാംപ്യൻസ് ട്രോഫി ടീമിൽ സഞ്ജുവിനെ എങ്ങനെ എടുക്കാനാണ്.?’’– ആകാശ് ചോപ്ര ചോദിച്ചു.

ചാംപ്യൻസ് ട്രോഫിയിൽ കെ.എൽ. രാഹുൽ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറാകുമെന്നു റിപ്പോർട്ടുകളുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്തോ, അല്ലെങ്കിൽ സഞ്ജു സാംസണോ ടീമിലെത്താനാണു സാധ്യത. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ കളികൾ യുഎഇയിലായിരിക്കും. ടൂർണമെന്റിലെ മറ്റു മത്സരങ്ങൾ പാക്കിസ്ഥാനിൽ കളിക്കും.

English Summary:

How will you get selected for the Champions Trophy?: Aakash Chopra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com