‘കിങ് എന്നു വിളിക്കരുത്, എനിക്കു പുതിയ ലക്ഷ്യങ്ങളുണ്ട്’: പാക്ക് മാധ്യമങ്ങളോട് അഭ്യര്ഥിച്ച് ബാബർ അസം- വിഡിയോ

Mail This Article
ലഹോർ∙ തന്നെ ‘കിങ്’ എന്നു വിളിക്കുന്നത് അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാൻ മാധ്യമങ്ങളോട് അഭ്യർഥിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ബാബർ അസം. ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിനു മുൻപ് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ബാബർ അസം ആവശ്യമുന്നയിച്ചത്. ‘കിങ്’ എന്നു വിളിക്കാവുന്ന നിലയിലേക്ക് ഇപ്പോഴും എത്തിയിട്ടില്ലെന്നാണ് ബാബറിന്റെ നിലപാട്. ‘‘എന്നെ കിങ് എന്നു വിളിക്കുന്നത് അവസാനിപ്പിക്കണം. ഞാൻ രാജാവൊന്നുമല്ല. ആ ഒരു സ്ഥാനത്തേക്ക് എത്തിയിട്ടുമില്ല.’’
‘‘എനിക്ക് ഇപ്പോൾ പുതിയ ചുമതലകളുണ്ട്. ഞാൻ മുൻപു ചെയ്തതെല്ലാം പഴയ കാര്യങ്ങളാണ്. ഓരോ മത്സരങ്ങളും പുതിയ വെല്ലുവിളികളാണു നൽകുന്നത്. എനിക്ക് ഇപ്പോഴത്തെ പ്രകടനത്തിലും ഭാവിയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.’’– ബാബർ അസം മാധ്യമങ്ങളോടു വ്യക്തമാക്കി. ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടു മത്സരങ്ങളിൽ കളിച്ച ബാബറിന് വലിയ സ്കോറുകൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ന്യൂസീലൻഡിനെതിരെ 10 റൺസും ദക്ഷിണാഫ്രിക്കയ്ക്കെതിരെ 23 റൺസുമായിരുന്നു താരം നേടിയത്.
വെള്ളിയാഴ്ച നടക്കുന്ന ന്യൂസീലൻഡിനെതിരായ ഫൈനലിൽ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് ബാബർ അസം. ചാംപ്യൻസ് ട്രോഫി നിലനിർത്താനാണു പാക്ക് ടീമിന്റെ ശ്രമങ്ങളെന്നും 30 വയസ്സുകാരനായ ബാബർ പ്രതികരിച്ചു. മുഹമ്മദ് റിസ്‍വാൻ നയിക്കുന്ന ടീമിൽ ഓപ്പണിങ് ബാറ്ററുടെ റോളിലാണു ബാബർ കളിക്കുന്നത്. ഫെബ്രുവരി 19ന് ന്യൂസീലൻഡിനെതിരെയാണ് ചാംപ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാന്റെ ആദ്യ മത്സരം. 23നാണ് ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം.