ADVERTISEMENT

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്റെ അരങ്ങേറ്റം 1951 ഡിസംബർ എട്ടിനായിരുന്നു. ബെംഗളരൂവിൽ മൈസൂരിനെതിരെ ആദ്യ മത്സരം കളിച്ച തിരുക്കൊച്ചി ടീം ഇന്നിങ്‌സിനും 87 റൺസിനും തോൽവി വഴങ്ങി. അന്നുമുതൽ ഇതുവരെയുള്ള കേരളത്തിന്റെ രഞ്ജി ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണ് ഈ സീസണിലെ ഫൈനൽ പ്രവേശം. ഇതിനു മുൻപ് 2019ൽ സെമിയിൽ കടന്നതായിരുന്നു മികച്ച നേട്ടം. 1951 മുതൽ 2025 വരെയുള്ള സുദീർഘമായ കാലഘട്ടത്തിലെ കേരളത്തിന്റെ രഞ്ജി ട്രോഫി നേട്ടങ്ങൾ ഇതാ...

1951 ഡിസംബർ 8

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചാംപ്യൻഷിപ്പായ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം. 1951 ഡിസംബർ 8, 9 തീയതികളിൽ ബെംഗളരൂവിൽ മൈസൂരിനെതിരെ ആദ്യ മത്സരം കളിച്ച തിരുക്കൊച്ചി ടീം ഇന്നിങ്‌സിനും 87 റൺസിനും തോൽവി വഴങ്ങി.

1952 നവംബർ 8

കേരളം വേദിയൊരുക്കിയ പ്രഥമ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരം. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ദക്ഷിണമേഖലാ മത്സരത്തിൽ തിരുക്കൊച്ചി– മൈസൂർ ടീമുകൾ ഏറ്റുമുട്ടി. തിരുക്കൊച്ചി ടീമിന് ഇന്നിങ്സ് തോൽവി.

1953 നവംബർ 30

ആദ്യ ഫസ്റ്റ് ക്ലാസ് മത്സര വിജയം. തിരുക്കൊച്ചി–ഹൈദരാബാദ് ടീമുകൾ തിരുവനന്തപുരത്ത് ഏറ്റുമുട്ടിയപ്പോൾ ആദ്യ ഇന്നിങ്‌സ് ലീഡ് പരിഗണിച്ച്  തിരുക്കൊച്ചിയെ ജേതാക്കളായി പ്രഖ്യാപിച്ചു.

1957 നവംബർ 9

കേരളപ്പിറവിക്കുശേഷം സംസ്‌ഥാനം എന്ന നിലയിൽ കേരളത്തിന്റെ ആദ്യ രഞ്ജി മത്സരം. നവംബർ 9 മുതൽ 11 വരെ മദ്രാസിനെതിരെ മധുരയിൽ നടന്ന മത്സരത്തിൽ കേരളത്തിനു തോൽവി.

1960 ഡിസംബർ 26

രഞ്ജിയിൽ കേരളത്തിന്റെ ആദ്യ ‘ക്ലിയർ വിക്‌ടറി’. ഗുണ്ടൂരിൽ നടന്ന മത്സരത്തിൽ ആന്ധ്രപ്രദേശിനെ ഇന്നിങ്‌സിനും 5 റൺസിനും തോൽപിച്ച് കേരളം ആധികാരിക ജയം സ്വന്തമാക്കി. ബാലൻ പണ്ഡിറ്റായിരുന്നു ക്യാപ്റ്റൻ. ര‍ഞ്ജിയിൽ 16 തോൽവികൾക്കും 5 സമനിലകൾക്കും ശേഷമുള്ള ആദ്യ വിജയം.

1995 ജനുവരി 10

രഞ്ജി ട്രോഫിയിൽ ചരിത്രത്തിലാദ്യമായി കേരളം നോക്കൗട്ട് റൗണ്ടിൽ. തമിഴ്നാടിനെ 123 റൺസിന് തോൽപിച്ച് പ്രീക്വാർട്ടറിൽ.

1996 ഡിസംബർ 30

രഞ്ജി ട്രോഫിയിൽ കേരളം ദക്ഷിണ മേഖലാ ചാംപ്യൻമാർ. കർണാടകയെയും ആന്ധ്രയെയും ഗോവയെയും തോൽപിച്ച കേരളം തമിഴ്നാടിനോട് സമനിലയും നേടി.

2003 ജനുവരി 21

കേരളം ആദ്യമായി രഞ്‌ജി ട്രോഫി ‘എലീറ്റ്’ ഗ്രൂപ്പി‍ൽ കടന്നു. കൊച്ചിയിൽ നടന്ന മത്സരത്തിൽ മധ്യപ്രദേശിനെതിരെ 68 റൺസ് ജയത്തോടെയാണ് ഈ നേട്ടം.

2017 നവംബർ 28

രഞ്ജി ട്രോഫിയിൽ കേരളം ആദ്യമായി ക്വാർട്ടർ ഫൈനലിൽ. ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ഹരിയാനയെ ഇന്നിങ്സിനും 8 റൺസിനും തോൽപിച്ചാണ് സച്ചിൻ ബേബിയുടെ നേതൃത്വത്തിൽ കേരളം ക്വാർട്ടറിലെത്തിയത്.

2019 ജനുവരി 17

ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി സെമിയിൽ. വയനാട് കൃഷ്ണഗിരിയിൽ നടന്ന ക്വാർട്ടറിൽ ഗുജറാത്തിനെ 113 റൺസിനു തോൽപിച്ചാണ് സെമി ഉറപ്പിച്ചത്. സച്ചിൻ ബേബിയായിരുന്നു ക്യാപ്റ്റൻ. സെമിയിൽ വിദർഭയോടു പരാജയപ്പെട്ടു.

2025 ഫെബ്രുവരി 21

ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനലിനു യോഗ്യത നേടി. സമനിലയിൽ അവസാനിച്ച സെമിഫൈനലിൽ ഗുജറാത്തിനെതിരെ നേടിയ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിലാണ് ഫൈനൽ പ്രവേശം.

റിസർച്ച്: അനിൽ ഫിലിപ്

English Summary:

Kerala's Epic Ranji Trophy Saga: A look back at key moments

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com