‘അവനു മലയാളമറിയാം, മലയാളത്തിൽ ചോദിക്കൂ; കേരളത്തിനു വേണ്ടി കളിക്കേണ്ട പ്ലെയർ ആയിരുന്നു’: കരുണിന്റെ തോളിൽ കയ്യിട്ട് സച്ചിൻ

Mail This Article
നാഗ്പുർ ∙ വിദർഭയുടെ സ്റ്റാർ ബാറ്ററായ മലയാളിതാരം കരുൺ നായരുടെ തോളിൽ കയ്യിട്ടു നിൽക്കുമ്പോൾ കേരളത്തിന്റെ ക്യാപ്റ്റൻ സച്ചിൻ ബേബിയോടു ചോദിച്ചു: ‘വിദർഭയെ തോൽപിക്കാൻ എന്താണു നിങ്ങളുടെ ഗെയിം പ്ലാൻ?’കരുണിന്റെ തോളിൽ നിന്നു കയ്യെടുക്കാതെ, ഒരുനിമിഷം പോലും ആലോചിക്കാതെ സച്ചിന്റെ മറുപടി ഇങ്ങനെ: ‘എത്രയും പെട്ടെന്നു കരുണിനെ പുറത്താക്കണം. വിദർഭയെ മൊത്തം കൺഫ്യൂഷനിലാക്കണം.’
ഇതെന്തു മനുഷ്യനെന്ന മട്ടിൽ പൊട്ടിച്ചിരിച്ചുകൊണ്ടു കരുൺ സച്ചിനെ നോക്കി. തിരുത്താനൊന്നുമില്ല, താൻ പറഞ്ഞതു തന്നെയാണു പ്ലാനെന്ന മട്ടിൽ സച്ചിൻ ചിരി മടക്കി.
രഞ്ജി ഫൈനലിന്റെ സമ്മർദം തിളച്ചുനിൽക്കുമ്പോഴാണു കേരളത്തിന്റെ ക്യാപ്റ്റനും വിദർഭ ബാറ്റിങ്ങിന്റെ നെടുംതൂണും തമ്മിൽ മൈതാനമധ്യത്തു സൗഹൃദം പങ്കുവച്ചത്. പരിശീലനം കഴിഞ്ഞു ഡ്രസിങ് റൂമിലേക്കു മടങ്ങിയ കരുണിന്റെ പ്രതികരണത്തിനു കാത്തു മാധ്യമ പ്രവർത്തകർ മൈതാനത്തിനരികെ നിന്നിരുന്നു. മലയാളികളുടെ ടീമിനെതിരെ കളിക്കുന്ന മലയാളിതാരമെന്ന കൗതുകമായിരുന്നു മറുനാട്ടുകാരായ മാധ്യമപ്രവർത്തകർക്ക്.
കരുൺ നടന്നെത്തിയപ്പോൾ ഇംഗ്ലിഷിൽ ചോദ്യങ്ങളുയർന്നു. കരുൺ മറുപടി പറയാൻ തുടങ്ങുന്നതിനിടെ മറ്റൊരു മൂലയ്ക്കു നിന്ന് ഉച്ചത്തിൽ സച്ചിന്റെ ‘കൗണ്ടർ’ ഉയർന്നു: ‘അവനു മലയാളമറിയാം. മലയാളത്തിൽ ചോദിച്ചാൽ മതി.’ ചുറ്റും പൊട്ടിച്ചിരികൾ ഉയർന്നു. ചോദ്യങ്ങളും ഉത്തരങ്ങളും ഇതോടെ അതിവേഗം മലയാളത്തിലേക്കു മാറി.
മൈതാനത്തു മലയാളത്തിൽ കളിതന്ത്രങ്ങൾ പങ്കുവച്ചാൽ കരുൺ അത് എതിർ ക്യാംപിലെത്തിക്കില്ലേ എന്നാരോ ചോദിച്ചപ്പോൾ വീണ്ടുമെത്തി സച്ചിന്റെ മറുപടി: ‘ആ പേടി വേണ്ട, രഹസ്യമെന്തെങ്കിലും കേട്ടാലും ചോർത്തുന്ന ആളല്ലിത്.’ തമാശയൊക്കെ ഒരുവശത്തേക്കു മാറ്റിവച്ചു സച്ചിൻ എല്ലാവരോടുമായി കാര്യം പറഞ്ഞു: ‘ഞങ്ങൾ തമ്മിൽ വർഷങ്ങളുടെ പരിചയമാണ്. അത്രയും സ്വാതന്ത്ര്യമുള്ളതു കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത് കേട്ടോ..’
കരുൺ പുഞ്ചിരിച്ചു നിൽക്കെ സച്ചിൻ തുടർന്നു: ‘കേരളത്തിനു വേണ്ടി കളിക്കേണ്ട പ്ലെയർ ആയിരുന്നു. ടോപ് ബാറ്റർ’– സൗഹൃദവും തമാശകളും അതിവേഗം വെടിഞ്ഞ് അൽപസമയത്തിനകം ഇരുവരും കേരളത്തിന്റെയും വിദർഭയുടെയും കളിക്കാർ മാത്രമായി കൈകൊടുത്തു പിരിഞ്ഞു.